വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ യാത്ര അനുവദിക്കും

Thursday 7 December 2017 2:06 am IST

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി ജില്ലാ പോലീസ് മേധാവി എം. പി. ദിനേശ് കശ്യപിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
സ്വകാര്യ ബസ്സുടമകളുടെയും ബസ് ജീവനക്കാരുടേയും സംഘടനാപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കണ്‍സഷന്‍ കാര്‍ഡില്‍ കാണിച്ചിട്ടുള്ള സ്ഥലങ്ങളിലേക്കുളള യാത്രയ്ക്ക് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും അനുവദിക്കണമെന്നതുള്‍പ്പടെയുളള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തുളള ബസ് സ്റ്റോപ്പുകളില്‍ നിന്നും കുറഞ്ഞത് 15 വിദ്യാര്‍ത്ഥികളെയെങ്കിലും ഓരോ ബസിലും നിര്‍ബന്ധമായും കയറ്റണമെന്നതാണ് മറ്റൊരു തീരുമാനം.
സ്‌റ്റോപ്പുകളില്‍ തന്നെ ബസുകള്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റണം. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിനും മറ്റുമായി പിടിഎ അംഗങ്ങള്‍, എസ്പിസി, എന്‍സിസി, എന്‍എസ്എസ് മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍എന്നിവരുടെ സേവനം ഏര്‍പ്പെടുത്തും. പ്രൈവറ്റ് ബസുകളില്‍ പുതിയതായി നിയമിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
ഇപ്പോള്‍ ജോലി ചെയ്യുന്ന മൂവായിരത്തോളം വരുന്ന പ്രൈവറ്റ് ബസ് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ജില്ലാ തലത്തില്‍ സ്‌പെഷ്യല്‍ ഡസ്‌ക്. ബസ് ജീവനക്കാര്‍ക്ക് യൂണിഫോമും നിര്‍ബന്ധമാക്കി. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരായ കെ. ലാല്‍ജി, പി.പി. ഷംസ്, എം.എ. നസീര്‍, കെ.എ. അബ്ദുല്‍ സലാം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.