ഒരു മുഖ്യമന്ത്രിയുടെ ബഹിഷ്‌കൃതവേഷം!

Thursday 7 December 2017 8:00 am IST

ഇങ്ങനെയൊന്ന് ആദ്യം കേള്‍ക്കുകയാകാം. കാണുകയുമാകാം ഇങ്ങെയൊന്ന്. കഴിഞ്ഞ ദിവസം ഓഖി ചുഴലിക്കൊടുങ്കാറ്റ് ദുരന്തത്തില്‍ ചങ്കുപൊട്ടി കരയുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷകയായി മാറുകയായിരുന്നു കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. അവരില്‍ ഒരാളായി, അവരുടെ അമ്മയെപ്പോലെയോ സഹോദരിയെപ്പോലേയോ ആയിക്കൊണ്ട് കൈകൂപ്പി യാചിക്കും മാതിരി അവര്‍ ഹൃദയത്തിന്റെ ഭാഷയില്‍ പറയുകയായിരുന്നു, ഒപ്പം താനുണ്ടെന്ന്. നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ടിരുന്നവര്‍ ആവാക്കുകേട്ടതു പിന്നെ കരഘോഷത്തോടെയാണ്.

അങ്ങനെയൊരു മന്ത്രിയെ അവര്‍ ആദ്യം കാണുകയായിരുന്നു, കേള്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനേയും മറ്റുമന്ത്രിമാരേയും ആക്രോശവും അസഭ്യവുമായി ഓടിച്ചുവിട്ട ആ കടലോരമാണ് നിര്‍മല സീതാരാമനെ അഭയപര്‍വമായി കണ്ടത്. ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിര്‍മല താരമാണ്. അവരുടെ വിനയവും ലാളിത്യവുമാണ് എവിടേയും സംസാരം. ഇതാണ് മന്ത്രി. ഇതാണ് ശരിയായ മാതൃക എന്ന് വിളിച്ചുപറയുന്നു എല്ലവരും.
ദുരന്തം തുടങ്ങി അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായിവിജയന്‍ വിഴിഞ്ഞത്തു വന്നത്. അതൊരു ഒളിച്ചു വരവായിരുന്നു. ഒളിച്ചുപോക്കായിരുന്നു. വന്നകാറില്‍ തിരിച്ചുപോകാന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല.

നേരം നീണ്ടുപോയിരുന്നെങ്കില്‍ അവിടെ മറ്റുപലതും സംഭവിക്കുമായിരുന്നുവെന്ന് അവിടെ കടല്‍ത്തിരയെക്കാളും അലതല്ലിയ രോഷം ലോകത്തെ ബോധ്യപ്പെടുത്തി. കേരള ചരിത്രത്തില്‍ ഇന്നുവരെ ഒരു മുഖ്യമന്ത്രിയും അനുഭവിക്കാത്തത്. മറ്റു മന്ത്രിമാര്‍ക്കും കിട്ടിയ അനുഭവം മറിച്ചല്ല. നടനും എംഎല്‍എയുമായ മുകേഷിനും കിട്ടി പൂരയ്ക്ക്. രോഷത്തിലും വിലാപത്തിലും കത്തിനിന്ന കടലോരക്കാരോട് അസ്ഥാനത്തു കോമഡി പറഞ്ഞ മുകേഷിന് ഓടിപ്പോരേണ്ടിവന്നു.
കടക്കു പുറത്തെന്ന് മാടമ്പി സ്റ്റയ്‌ലില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ പിണറായിക്ക് വിധി കരുതിവെച്ച പാരിതോഷികമായിരുന്നു വിഴിഞ്ഞം കടപ്പുറത്തെത്തിയ പിണറായിക്ക് ജനം ഒന്നാകെ നല്‍കിയത്. പിണറായിക്കും സര്‍ക്കാരിനും സിപിഎമ്മിനും മാറിചിന്തിച്ച് മനുഷ്യരാകാനുള്ള ഒരാഘാത ചികിത്സകൂടിയാണ് ജനം നല്‍കിയത്. പക്ഷേ അതൊന്നും അവരെ തരിമ്പും മാറ്റില്ല. മരണത്തിലും കരച്ചിലിലുംപോലും രാഷ്ട്രീയം കാണുന്ന അവര്‍ ജനവിരുദ്ധര്‍ മാത്രമാണ്.ധാര്‍ഷ്ട്യവും അക്രമവും കൈമുതലായ അവര്‍ക്കെങ്ങനെ മാറാനാവും.

കണ്ണൂരല്ല തിരുവനന്തപുരമെന്നും കണ്ണൂരിനെ തിരുവനന്തപുരത്തേക്കു കൊണ്ടുവരാനാകില്ലെന്നും പിണറായി വിജയനും മനസിലായി. നിത്യവും തോറ്റുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരിന്റെ ഏറ്റവും ദുര്‍ബലനായ അമരക്കാരനാണ് പിണറായിയെന്ന് കേരളത്തിനു ഒരിക്കല്‍ക്കൂടി മനസിലാകുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ നാള്‍തോറും ബഹിഷ്‌കൃതനായിക്കൊണ്ടിരിക്കുകയാണ് പിണറായി. ആ ബഹിഷ്‌കൃതന്റെ വേഷം വിഴിഞ്ഞത്തു പൂര്‍ണ്ണമായി. ജനാധിപത്യത്തിന്റെ ബാധ്യതയായി സാങ്കേതിക രൂപത്തില്‍മാത്രം ഇനി ആ പദവി,മുഖ്യമന്ത്രി!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.