ഏരിയാ സമ്മേളനങ്ങളില്‍ കോടിയേരിയും പിണറായിയും: പി.ജയരാജന്റെ നീക്കങ്ങള്‍ക്ക് തടയിടാനെന്ന് സൂചന

Thursday 7 December 2017 8:00 pm IST

സ്വന്തം ലേഖകന്‍
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വന്തം പ്രദേശത്തെ ഏരിയാ സമ്മേളനങ്ങളുടെ ഉദ്ഘാടകരായി എത്തിയത് നിരീക്ഷകരായെന്ന് സൂചന. കഴിഞ്ഞ ഏതാനും നാളുകളായി കണ്ണൂര്‍ ജില്ലയില്‍ പി.ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ മേല്‍ക്കൈ നേടി പാര്‍ട്ടിക്കതീതനായി വളരുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് സംസ്ഥാന നേതാക്കളും സ്വന്തം തട്ടകങ്ങളിലെ ഏരിയാ സമ്മേളനങ്ങളില്‍ സംബന്ധിച്ചതെന്നാണ് വിവരം. ഇരു നേതാക്കളും പങ്കെടുത്ത രണ്ട് ഏരിയാ സമ്മേളനങ്ങളിലും ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജയരാജന് പ്രത്യേകിച്ച് റോളൊന്നും നല്‍കിയിട്ടില്ല എന്നതും ചര്‍ച്ചയായിട്ടുണ്ട്.
ഇന്നലെ തലശേരി ഏരിയാ സമ്മേളനത്തില്‍ ഉദ്ഘാടകനായി കോടിയേരി ബാലകൃഷ്ണനും പിണറായി ഏരിയാസമ്മേളന സമാപന യോഗത്തില്‍ പിണറായി വിജയനും പങ്കെടുത്തു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമെന്ന് അവകാശപ്പെടുന്ന കണ്ണൂരില്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായ പ്രവണതകള്‍ ശക്തമാകുന്നുവെന്ന് പാര്‍ട്ടിത്തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ സമ്മേളനത്തില്‍ ഇവരുടെ സാന്നിധ്യം പാര്‍ട്ടിക്കുളളില്‍ത്തന്നെ ചര്‍ച്ചയായിട്ടുണ്ട്. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടിക്കു മുകളില്‍ വ്യക്തികേന്ദ്രീകൃതമായി വളരുന്നുവെന്ന സംസഥാന കമ്മിറ്റി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജില്ലയില്‍ ജയരാജന് ഏറെ സ്വാധീനമുളള പാര്‍ട്ടി കേന്ദ്രങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ സമ്മേളനത്തിനെത്തിയത്.
ജയരാജനെതിരേ വിമര്‍ശനമുയര്‍ന്നിട്ടും അണികള്‍ക്കിടയില്‍ ജയരാജനുള്ള സ്വാധീനത്തിന് കുറവ് വന്നിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധമായ നടപടികള്‍ തുടരുന്നുവെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുളളത്. ഏരിയാ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ കണ്ണൂരില്‍ പാര്‍ട്ടിക്കുളളില്‍ വലിയ ചലനങ്ങളാണ് ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനം സൃഷ്ടിച്ചിരിക്കുന്നത്. കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന വേദികളില്‍പ്പോലും പി.ജയരാജനെ ക്ഷണിക്കുമ്പോള്‍ പ്രത്യേക കരഘോഷമുയരാറുണ്ട്. സമ്മേളനങ്ങളിലെ നിരീക്ഷകരായി രണ്ട് നേതാക്കളുടെ നീക്കങ്ങള്‍ തുടര്‍ച്ചയായി ജില്ലാ സെക്രട്ടറിയായി മാറാനുളള ജയരാജന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് സൂചന.
അതിനിടെ പി.ജയരാജന്റെ പിറന്നാള്‍ ദിനത്തില്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ കേക്ക് മുറിച്ച് നടത്തിയ പിറന്നാള്‍ ആഘോഷം നേതൃത്വം ഗൗരവത്തിലെടുത്തതായറിയുന്നു. പുതുതായി കണ്ണൂര്‍ ഏരിയാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു ലോക്കല്‍ സെക്രട്ടറി സ്ഥാനലബ്ധിയില്‍ ആഘോഷം പ്രകടിപ്പിച്ച് മധുരം നല്‍കിയതാണെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വാദം. അങ്ങിനെയെങ്കില്‍ സ്ഥാനലബ്ധിയില്‍ അത്തരമൊരു നന്ദിപ്രകടനവും കമ്മ്യൂണിസ്റ്റ് വിരുദ്ധ രീതിയാണെന്ന അഭിപ്രായവും വിവിധ കോണുകളില്‍ നിന്ന് ശക്തമായി ഉയര്‍ന്നിട്ടുണ്ട്. തലശേരിയില്‍ പ്രതിനിധികള്‍ മത്സരത്തിന് തയാറായ ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഏകപക്ഷീയമായി നിര്‍ത്തിവെച്ച സംഭവവുമുണ്ടായിരുന്നു. അതിനിടെ സംസ്ഥാന നേതൃത്വത്തിന്റെ അനുവാദമില്ലാതെ ഉദ്ഘാടനത്തിനു മുമ്പെ ഇ.കെ.നായനാര്‍ അക്കാദമിയില്‍ പി.ജയരാജന്‍ ഉയര്‍ത്തിയ ചെങ്കൊടി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അഴിച്ചുമാറ്റേണ്ടി വന്നതും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.
താഴേത്തട്ടുകളില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ കഴിഞ്ഞ ദിവസം ജില്ലാ സമ്മേളന പ്രചരണവുമായി ബന്ധപ്പെട്ട തന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ജയരാജന്‍ അണികള്‍ക്ക് നല്‍കിയത് ഫേസ് ബുക്ക് വഴിയായിരുന്നു. വ്യക്തികേന്ദ്രീകരമെന്ന ആക്ഷേപം നിലനില്‍ക്കെ ജയരാജന്‍ പാര്‍ട്ടി സംവിധാനം വഴി അറിയിക്കേണ്ടത് സ്വന്തം ഫെയ്‌സ്ബുക്ക് വഴി നല്‍കിയത് തെറ്റാണെന്ന അഭിപ്രായവും പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്.
സംഘടനാ വിരുദ്ധ പ്രവണതകള്‍ ഏറ്റവും കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ അതിന് തടയിടാന്‍ തന്നെയാണ് തലശേരിയിലും പിണറായിലും കോടിയേരിയും പിണറായി വിജയനും സമ്മേളന നടപടികളുടെ ഭാഗമായെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.