കണ്ണൂര്‍: എട്ടാമത് പ്രൊഫ.ടി.ലക്ഷ്മണന് സ്മാരക സര്‍വ്വമംഗള പുരസ്ക്കാരം ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാലാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് സാമൂഹ്യ-സാംസ്ക്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വേറിട്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം.
തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് മലയാളം അധ്യാപകനും തപസ്യ കലാ സാഹിത്യ വേദിയുടെ കണ്ണൂര്‍ ജില്ലാ അധ്യക്ഷനും എഴുത്തുകാരനും എഴുത്തുകാരനുമായിരുന്ന പ്രൊഫ.ടി.ലക്ഷ്മണന്റെ സ്മരണാര്‍ത്ഥമാണ് പുരസ്ക്കാരം നല്കി വരുന്നത്. കൊളക്കോട്ട് ചന്ദ്രശേഖരന് എന്ന പേരില്‍ അറിയപ്പെടുന്ന സി.ചന്ദ്രശേഖരന് ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസ്, മഹാലക്ഷ്മി ട്രേഡേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍, വയനാട്ടിലെ മണിയങ്കോട്ട് എസ്റ്റേറ്റ് മാനേജര്‍, വയനാട് മുട്ടിലിലെ അന്താരാഷ്ട്ര പ്രസിദ്ധമായ വിവേകാനന്ദ മെഡിക്കല്‍ മിഷന് ജനറല്‍ സെക്രട്ടറി, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി, വിഎച്ച്പി സംസ്ഥാന സമിതിയംഗം എന്നീ നിലകളിലെല്ലാം സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച വ്യക്തിത്വമാണ്. നിലവില്‍ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക്, മാധവ സ്മൃതി സേവാ ട്രസ്റ്റ് ചെയര്മാന് എന്നീ ചുമതലകള്‍ വഹിച്ചുവരുന്നു. വിദ്യാഭ്യാസ കാലത്ത് അറിയപ്പെടുന്ന ക്രിക്കറ്റ് താരവും സംസ്ഥാന ടീം അംഗവുമായിരുന്നു. തലശ്ശേരി തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിന് സമീപം ‘മാരുതി’യിലാണ് താമസം.
ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്റര്‍ എ.ദാമോദരന്‍, അഡ്വ.പ്രമോദ് കാളിയത്ത്, യു.പി.സന്തോഷ് എന്നിവര്‍ അംഗങ്ങളായ പുരസ്ക്കാര നിര്‍ണ്ണയ സമിതിയാണ് സി.ചന്ദ്രശേഖരനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
കണ്ണൂര്‍ ചേംബര്‍ ഹാളില്‍ 16 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന് പുരസ്ക്കാരം സമര്‍പ്പിക്കും. ബിജെപി മുന്‍ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന് അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി.മുരളീധരന് തുടങ്ങിയവര്‍ സംസാരിക്കും. 11,111 രൂപയും പ്രശസ്തിപ്ത്രവും ശ്രീകൃഷ്ണ വിഗ്രഹവും അടങ്ങുന്നതാണ് പുരസ്ക്കാരം.
വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി, സെക്രട്ടറി പി.ടി.രമേശ്, പുരസ്ക്കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ എ.ദാമേദരന്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ.ടി.മധുസദനന്‍, മൂകാംബിക ബാലിക സദനം പ്രസിഡണ്ട് കെ.പി.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: