സേവനത്തിന്റെ കല

Friday 8 December 2017 2:30 am IST

ജീവിതത്തെ ഒരു കലോത്സവമാക്കി മാറ്റുന്നതിനുവേണ്ടി സേവനമെന്ന കലയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. നമ്മളെല്ലാവരും നമ്മുടെ ഗുണങ്ങളാല്‍ സമൂഹത്തിനെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സേവിക്കുന്നു. ഒരു കുടുംബത്തെ നോക്കൂ. എത്രതരം സേവനങ്ങളാണ് അവിടെ നടക്കുന്നത്? രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് സേവനം ചെയ്യുന്നു. കുട്ടികള്‍ രക്ഷിതാക്കള്‍ക്കു സേവനം ചെയ്യുന്നു. അമ്മമാര്‍ കടുംബത്തിലെ എല്ലാവര്‍ക്കും സേവനം ചെയ്യുന്നു. മനുഷ്യര്‍ മാത്രമല്ല പ്രകൃതിയും നിരന്തര സേവനങ്ങളിലാണ്. മണ്ണ്, മരം, സൂര്യന്‍, ചന്ദ്രന്‍ മാത്രമല്ല പഞ്ചഭൂതങ്ങളും സേവനങ്ങളില്‍ മുഴുകിയിരിക്കുന്നു. മരങ്ങളെ നോക്കിയാല്‍ അവ പ്രത്യക്ഷത്തില്‍ അഭയവും തണലും തരുന്നു. സമൂഹത്തില്‍ നിരവധിസേവനങ്ങള്‍ ഒരേ സമയം നടന്നുകൊണ്ടേയിരിക്കുന്നു. ചിലര്‍ സമൂഹ സേവ ചെയ്യുന്നു. മറ്റുചിലര്‍ രാഷ്ട്രത്തിനു സേവ ചെയ്യുന്നു. ഇനിയും ചിലര്‍ ലോകനന്മയ്ക്കായി സേവനം ചെയ്യുന്നു. ശാസ്ത്രജ്ഞരോ, പലരും അവരുടെ ജീവിതം തന്നെ ലോകനന്മയ്ക്കുതകുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു.

തോമസ് ആല്‍വാ എഡിസണ്‍ 16 വര്‍ഷത്തെ നീണ്ട ചിന്തകള്‍ക്കൊടുവിലാണ് വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത്. അദ്ദേഹത്തിനും ഒരു കുടുംബം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് അവര്‍ പരമാവധി പിന്തുണ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും നാളത്തെ പരിശ്രമ ഫലമായി, ത്യാഗത്തിന്റെ ഫലമായി ഇന്നു നോക്കൂ, നമ്മള്‍ സ്വിച്ച് ഇട്ടാല്‍ വെളിച്ചം ലഭിക്കുന്നു. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം തന്നെ മഹാത്മാഗാന്ധി തുടങ്ങി ഉല്‍കൃഷ്ട വ്യക്തികളുടെ ത്യാഗവും സേവനങ്ങളും മൂലമാണ്. അവര്‍ ലക്ഷ്യപ്രാപ്തിക്കായി മനസ്സും ശരീരവും ധനവും സമയവും അവര്‍ക്കുള്ളതെല്ലാം സമര്‍പ്പിച്ചിരുന്നു.

നിരവധി പേര്‍ ആത്മീയ പാതയിലും സമൂഹ നവോത്ഥാനത്തിന്റെ പാതയിലും ജീവത്യാഗം ചെയ്തിട്ടുണ്ട്. പലരും ഇന്നും തുടരുന്നു. ക്രിസ്തുദേവന്‍, മദര്‍ തെരേസ, ശ്രീബുദ്ധന്‍, സ്വാമി വിവേകാനന്ദന്‍, ശ്രീരാമ പരമഹംസര്‍ തുടങ്ങിയവര്‍ ഈ ഗണത്തിലെ വിശിഷ്ട വ്യക്തികളാണ്. ഈ ഉത്കൃഷ്ട വ്യക്തികളും അവരുടെ സമൂഹങ്ങളും ചെയ്ത സേവനങ്ങളാല്‍ നാം ഇന്ന് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വിശ്വസമൂഹത്തിനു വേണ്ടിയും ഇതുപോലെ പലരും സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തില്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്കും കുട്ടികള്‍ തിരിച്ചും സേവനങ്ങള്‍ ചെയ്യുന്നു. ”ഞാന്‍ എന്റെ ഉത്തരവാദിത്തം നിറവേറ്റി” എന്നവകാശപ്പെടുമ്പോള്‍ ഞാന്‍ മറ്റുള്ളവരോടുള്ള ബാധ്യത നിറവേറ്റി എന്ന പരിമിതമായ അര്‍ത്ഥം മാത്രമേ അതിനുള്ളൂ. രണ്ടു വ്യക്തികള്‍ക്കിടയില്‍ സേവനം ഒതുങ്ങുമ്പോള്‍ മേല്‍പ്പറഞ്ഞ അര്‍ത്ഥത്തില്‍ കൂടുതല്‍ ഒന്നും ഉരുത്തിരിയുന്നില്ല.

എന്നാല്‍ സമൂഹ നന്മയ്ക്കായി നാം അതേ സേവനം ചെയ്യുമ്പോള്‍ ഒരുപാട് വ്യക്തികള്‍ക്ക് ഉതകുന്നത് കാരണം ഉത്കൃഷ്ടമായ തൃപ്തി ലഭിക്കുന്നതാണ്. ഈ സമയത്ത് ഇത് ഉത്തരവാദിത്തം എന്നതിലുപരി ‘ഗുണം/നന്മ’ ആയി പരിഗണിക്കപ്പെടുന്നു. ഒരേ സേവനം കുടുംബത്തോടും ബന്ധുക്കളോടും ഉത്തരവാദിത്തമാകുമ്പോള്‍, അത് സമൂഹത്തിന്റെ മാനദണ്ഡത്തില്‍ ആവുമ്പോള്‍ ‘നന്മ’ അഥവാ ‘ഗുണം’ ആയി മാറുന്നു. ശുഭ ചിന്തയോടും സന്മനോഭാവത്തോടും നമ്മള്‍ വലിയ തോതില്‍ സേവനം ചെയ്യുമ്പോള്‍ അത് ഒരു കലയായി മാറുന്നു.

എന്തു ചെയ്തു എന്നതിലുപരി എങ്ങനെ ചെയ്തു എന്നതുകൂടെ പ്രധാനമാണ്. മനോഭാവത്തിന്റെയും ഭാവത്തിന്റെയും അളവുകോലില്‍ അത് ഒന്നുകില്‍ ജോലിയോ അല്ലെങ്കില്‍ സേവനമോ ആകും. വലിയ വലിയ സേവനങ്ങള്‍ ചെയ്യുവാനുള്ള തൃഷ്ണ നമ്മളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ഒരു ആശുപത്രിയുടെ ഉദാഹരണം എടുക്കാം. ഡോക്ടര്‍, നഴ്‌സുമാര്‍, മറ്റു ജോലിക്കാര്‍ എന്നിവര്‍ ഒരു രോഗിക്കുവേണ്ട സേവനങ്ങള്‍ കൊടുക്കുന്നു. രോഗി അതിന്റെ ചെലവ് വഹിക്കുന്നു. എന്നാല്‍ ഇത് കേവലം ജോലിയുടെ പൂര്‍ത്തീകരണം മാത്രമായി മാറുന്നു. എന്നാല്‍ ആശുപത്രിയിലെ എല്ലാ ജീവനക്കാരും ആതുരസേവന മനോഭാവത്തോടെ ഇതേ സേവനം തന്നെ ചെയ്യുമ്പോള്‍ അത് വളരെ ഉത്കൃഷ്ടമായി മാറി ആശ്വാസത്തിനും സന്തോഷത്തിനും വക നല്‍കുന്നു.

ഒരു തവണ ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍ കലാമിനെ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കേണ്ടിവന്നു. ചികിത്സ കഴിഞ്ഞ് അദ്ദേഹം മടങ്ങിയപ്പോള്‍ ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ഓരോ വ്യക്തിക്കും സ്വന്തം കൈപ്പടയില്‍ നന്ദി എഴുതി അറിയിച്ചു. കാരണം അവരുടെ സേവനം ലളിതവും മഹത്തരവുമായിരുന്നു. ഇപ്പോള്‍ നമ്മുടെ സേവനത്തെ പരിശോധിക്കാം. നമ്മുടെ സേവനങ്ങളോട് നാം എന്തു മനോഭാവവും അര്‍പ്പണബോധവും പുലര്‍ത്തുന്നു? നമ്മുടെ സേവനത്തെ നമ്മള്‍ എത്ര ഇഷ്ടപ്പെടുന്നു? നമ്മള്‍ സേവനങ്ങളോട് എത്രമാത്രം ശുഭചിന്ത വയ്ക്കുന്നു? ഒരു രോഗിയെ സംബന്ധിച്ച് ഡോക്ടര്‍, നഴ്‌സ് എന്നിവര്‍ക്കുപുറമേ അയാളെ സ്‌ട്രെക്ചറില്‍ എടുക്കുന്ന ജീവനക്കാരന്‍പോലും പ്രാധാന്യമുള്ളതാണ്. ഓരോ സേവകരുടേയും ശുഭചിന്തനവും മനോഭാവവും രോഗിയെ പെട്ടെന്ന് ആരോഗ്യത്തിലേക്ക് നയിക്കുന്നു.

മരുന്നിനേക്കാള്‍ ഫലം ചെയ്യാന്‍ ഇതിനു കഴിയും. രോഗിയെ ആശുപത്രി ജീവനക്കാര്‍ എങ്ങനെ സമീപിക്കുന്നു എന്നതുതന്നെ പ്രധാനമാണ്. ഡോക്ടര്‍ രോഗിയോട് ഒന്നു ചിരിച്ചാല്‍ പോലും രോഗം പകുതി കുറഞ്ഞേക്കാം. അതിനുശേഷമാണ് ശുശ്രൂഷ നടക്കുന്നത്. ഡോക്ടറുടെ സേവനത്തെ ഒരു ഉല്‍പ്പന്നമായും പരിഗണിക്കാം. നമ്മള്‍ പച്ചക്കറികള്‍ വാങ്ങുമ്പോഴും സേവനമാണ് ലഭിക്കുന്നത്. കടക്കാരന് ധനവും ലഭിക്കും. എന്നാല്‍ ഇന്ന് ധാരാളം മായങ്ങള്‍ ചേര്‍ക്കപ്പെടുന്നു. ആശുപത്രികളില്‍ പോകാന്‍പോലും ഭയമാണ്. ഇതിനര്‍ത്ഥം എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരും ജീവനക്കാരും മോശമാണെന്നല്ല ചിലര്‍ കൃത്രിമങ്ങള്‍ കാണിക്കുമ്പോള്‍ പലരും സംശയങ്ങളില്‍ അകപ്പെട്ടുപോകുന്നു.

പുറത്തുനിന്ന് ആഹാരപദാര്‍ത്ഥങ്ങള്‍ വാങ്ങികഴിക്കാന്‍ പലരും ഇന്നും ഭയപ്പെടുന്നു. കാരണം പലതിലും ധാരാളം മായവും വിഷാംശങ്ങളും അടങ്ങിയിട്ടുണ്ട്. ആത്മീയ യാത്രയില്‍ നാമെല്ലാം സോദരരാണെന്ന് ഓര്‍ക്കണം. ഏതെങ്കിലും രക്ഷിതാക്കള്‍ മക്കള്‍ക്ക് മായംചേര്‍ത്ത ഭക്ഷണം കൊടുക്കാന്‍ ആഗ്രഹിക്കുമോ? മക്കളോട് മോശമായി പെരുമാറാന്‍ ആഗ്രഹിക്കുമോ? നമ്മള്‍ക്ക് ചിന്തിച്ചുനോക്കാം. ഏതെങ്കിലും സഹോദരന്‍ സഹോദരിയോട് മോശമായി പെരുമാറുമോ?
നാമെല്ലാം പരംപിതാ പരമാത്മാവിന്റെ സന്താനങ്ങളാണെന്നു വരുകില്‍ നമ്മള്‍ക്ക് പരസ്പരം ചതിക്കാനും അപമാനിക്കാനും കഴിയുമോ? നമുക്ക് ഹനുമാന്റെ സേവന മനോഭാവം വേണം.

ഹനുമാന്‍ രാമന്റെ വിനീതനായ സന്ദേശവാഹകനായിരുന്നു. ഓരോ സേവനത്തിനുശേഷവും രാമപാദങ്ങളോട് ചേര്‍ന്ന് അദ്ദേഹം ഇരുന്നിരുന്നു. ഏതെങ്കിലും വലിയ കാര്യം നിര്‍വഹിച്ചതായോ വലിയവനായോ സ്വയം പ്രദര്‍ശനം നടത്തിയിരുന്നില്ല. സേവനമനോഭാവം ഉള്ള ധാരാളം പേര്‍ ഇന്നുണ്ട്. അന്നവസ്ത്രാദികള്‍ ദാനം ചെയ്യുന്നവരുണ്ട്. ഇത് അനിവാര്യമാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം കുറയുന്നു. നമ്മള്‍ സാമൂഹ്യ സേവനം ചെയ്യുന്നതിന്റെ ലക്ഷ്യവും ഇതാണ്. അല്ലെങ്കില്‍ പണക്കാര്‍ പണക്കാരായും പാവങ്ങള്‍ പാവങ്ങളായും തുടരും. ധനമുള്ളവര്‍ക്ക് ധാരാളം നിര്‍ധനരെ സഹായിക്കാനാവും. നമ്മള്‍ക്ക് ആരോഗ്യവും ബുദ്ധിയും ഉണ്ടെങ്കില്‍ അനാരോഗ്യമുള്ള ഒരുപാടുപേരെ സഹായിക്കാനാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.