സിപിഎമ്മിന്റെ ദളിത് വിദ്വേഷം

Friday 8 December 2017 2:45 am IST

മാരിയപ്പനും കുടുംബവും

ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ കുപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള കേരളത്തിലെ സിപിഎം ഒരിക്കല്‍ക്കൂടി ആ ഹീനകൃത്യം ചെയ്തിരിക്കുന്നു. കുമളിയില്‍ മാരിയപ്പന്‍-ശശികല ദമ്പതിമാരെയും രണ്ട് കുട്ടികളെയും പാര്‍ട്ടി അക്രമികള്‍ മര്‍ദ്ദിച്ചവശരാക്കിയശേഷം വീട്ടില്‍നിന്നിറക്കിവിട്ട സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. പാവപ്പെട്ട ഈ മനുഷ്യരുടെ വീട് കയ്യേറി പാര്‍ട്ടി ഓഫീസാക്കിയിട്ടേ അക്രമികള്‍ അടങ്ങിയുള്ളൂ.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതംമാറി മുസ്ലിമായ മാരിയപ്പന്റെ അര്‍ധസഹോദരന്‍ മുഹമ്മദ് സല്‍മാനുവേണ്ടിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അക്രമം നടത്തിയത്. ഏറെനാളായി നിര്‍ബന്ധിച്ചിട്ടും മാരിയപ്പനും കുടുംബവും മതംമാറാന്‍ തയ്യാറാവാത്തതാണത്രേ അക്രമത്തിനുള്ള പ്രേരണ. മുഹമ്മദ് സല്‍മാന്റെ പേരിലാണ് സ്ഥലമെന്നു പറഞ്ഞായിരുന്നു അക്രമം. അതേസമയം മാരിയപ്പന് അനുകൂലമായ കോടതിവിധി നിലനില്‍ക്കുകയുമാണ്. നിയമവും കോടതിയുമൊന്നും ദളിതരെ അടിച്ചമര്‍ത്തുന്നതില്‍ സിപിഎമ്മിന് തടസ്സമല്ലല്ലോ. ദളിതരുടെ നിലവിളികള്‍ക്കും, ദേശീയ പട്ടികജാതി കമ്മീഷന്റെയും മറ്റും ഇടപെടലുകള്‍ക്കും സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. പിണറായി ഭരണത്തില്‍ ദളിത് പീഡനം തുടര്‍ക്കഥയാവുന്നത് ഇതുകൊണ്ടാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതുതന്നെ കണ്ണൂരില്‍ കൈക്കുഞ്ഞുമായി രണ്ട് ദളിത് യുവതികളെ ജയിലിലടച്ചുകൊണ്ടാണ്. പാര്‍ട്ടി എംഎല്‍എ എ.എന്‍. ഷംസീറും, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യയും ഈ കേസില്‍ പ്രതികളാണ്. ഇതൊരു തുടക്കം മാത്രമായിരുന്നു. ദളിത് പീഡനങ്ങളുടെ ഒരു പരമ്പരതന്നെ പിന്നീട് ഉണ്ടായി. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച ഒരു ദളിത് യുവാവ് ആത്മഹത്യയില്‍ അഭയംപ്രാപിച്ചു. തിരുവനന്തപുരത്ത് രാജേഷ് എന്ന ദൡത് യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന കാരണത്താല്‍ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി.

കോട്ടയം സര്‍വകലാശാലയിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലും ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്എഫ്‌ഐയുടെ ക്രൂരമായ ജാതീയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സരസുവിന് ജീവിച്ചിരിക്കെ കുഴിമാടമൊരുക്കി റീത്ത് സമര്‍പ്പിച്ചതും, എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എന്‍. ബീനയുടെ കസേര കത്തിച്ചതും ഇടതുഭരണത്തില്‍ തിളച്ചുപൊന്തിയ ദൡത് വിരോധത്തിന്റെ പ്രകടനമായിരുന്നു.

അധഃസ്ഥിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടുതന്നെ ലക്ഷണമൊത്ത ദളിത് വിരോധിയായിരുന്നു. കേരളത്തിന്റെ ചരിത്രമെഴുതിയപ്പോള്‍ മഹാത്മാ അയ്യങ്കാളിയേയും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രമെഴുതിയപ്പോള്‍ ബി.ആര്‍. അംബേദ്ക്കറെയും തമസ്‌ക്കരിച്ചയാളാണ് ഇഎംഎസ്. പാര്‍ട്ടി പദവികളില്‍ മുസ്ലിം സംവരണംതന്നെ ഏര്‍പ്പെടുത്തുമ്പോള്‍, പരമോന്നത പാര്‍ട്ടി ഘടകമായ പൊളിറ്റ് ബ്യൂറോയില്‍ ഒന്‍പത് പതിറ്റാണ്ടിനിടെ ഒരു ദളിതനുപോലും പ്രവേശനം നല്‍കാത്ത പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിയുടെ നേതൃഘടനയില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ ദളിത് വിദേ്വഷമാണ് അവസരം വരുമ്പോള്‍ ഇടയ്ക്കിടെ പുറത്തുചാടുന്നത്.

ജനാധിപത്യവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ ഈ മനോനിലയില്‍നിന്ന് ആ പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിനും മോചനമില്ല. ഇക്കാര്യം തിരിച്ചറിയുകയും, പാര്‍ട്ടിയുടെ നുകം വലിച്ചെറിഞ്ഞ് ദളിതജനവിഭാഗങ്ങള്‍ എത്രയും വേഗം പുറത്തുവരികയാണ് വേണ്ടത്. സമത്വസുന്ദരലോകം സ്വപ്‌നം കണ്ട് ഇനിയും ചുവന്ന തമ്പുരാക്കന്മാരെ വിശ്വസിച്ചുപോയാല്‍ വിമോചനം അസാധ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.