മോദിയെ നികൃഷ്ടനെന്ന് വിളിച്ച് മണിശങ്കര്‍

Friday 8 December 2017 2:50 am IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. മോദിയെ നികൃഷ്ടനായ മനുഷ്യനെന്നാണ് (നീച് ആദ്മി) അയ്യര്‍ വിളിച്ചത്.
ഈ മനുഷ്യന്‍ നികൃഷ്ടനാണെന്നാണ് എനിക്ക് തോന്നുന്നത്. ഇയാള്‍ക്ക് സംസ്‌കാരമില്ല. അയ്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മോദിയെ ചായവില്പ്പനക്കാരനെന്ന് വിളിച്ച് അവഹേളിക്കാന്‍ ശ്രമിച്ചു. പക്ഷെ ആ വിളിയെ സാധാരണക്കാരായ ജനകോടികള്‍ അപ്പാടെ സ്വാഗതം ചെയ്തു. അതേ ഒരു ചായവില്പ്പനക്കാരന്‍ പ്രധാനമന്ത്രിയായത് ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് ജനങ്ങള്‍ വിളിച്ചു പറഞ്ഞു.

അടുത്തിടെ രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കുന്നതു സംബന്ധിച്ച പ്രസ്താവനയും അയ്യര്‍ക്ക് പൊല്ലാപ്പായിരുന്നു. കോണ്‍ഗ്രസില്‍ വംശപാരമ്പര്യമാണെന്ന് മുഗള്‍ ഭരണത്തെ ഓര്‍മ്മിപ്പിച്ച് അയ്യര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അേതറ്റു പിടിച്ചു. പുതിയ ഔറംഗസീബിന്റെ ഭരണം കോണ്‍ഗ്രസില്‍ തുടങ്ങിയെന്ന് മോദി കളിയാക്കി. ഈ പ്രസ്താവന കോണ്‍ഗ്രസിനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. അതിന്റെ അലയൊലി അടങ്ങും മുന്‍പാണ് മോദിയെ നികൃഷ്ടനെന്ന് വിളിച്ച് വിവാദമുണ്ടാക്കിയത്.

മാപ്പു പറഞ്ഞ് രാഹുലും അയ്യരും

മോദിയെ നികൃഷ്ടനെന്ന് വിളിച്ചതിന് മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മണിശങ്കരും.

അയ്യരുടെ വിവാദ പ്രസ്താവന കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി. ഇതേത്തുടര്‍ന്ന് അയ്യരുടെ പ്രസ്താവനയെ തങ്ങള്‍ തുണയ്ക്കുന്നില്ലെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിങ്ങും രംഗത്തു വന്നു.

ബിഷപ്പും പിണറായിയും

കൊച്ചി: മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്നു വിളിച്ച് പുലിവാലു പിടിച്ചിരുന്നു. സിപിഎം എംഎല്‍എയായിരുന്ന മത്തായി ചാക്കോയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന സമയത്താണ് പിണറായിയുടെ പദപ്രയോഗം. ഇത് വലിയ വിവാദമായെന്നു മാത്രമല്ല പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.