മലയാളം തുറവൂരിനെ പൂര്‍ണമായും പ്രയോജനപ്പെടുത്തിയില്ല: എസ്.രമേശന്‍ നായര്‍

Thursday 7 December 2017 10:29 pm IST

കണ്ണൂര്‍: ബഹുമുഖ പ്രതിഭയായിരുന്ന പ്രൊഫ.തുറവൂര്‍ വിശ്വംഭരനെ മലയാളം പൂര്‍ണമായും പ്രയോജനപ്പെടുത്തിയില്ലെന്നും അദ്ദേഹത്തിന്റെ വിയോഗം മലയാളി സമൂഹത്തിനും തപസ്യക്കും പകരം വെച്ച് നികത്താനാവാത്ത നഷ്ടമാണെന്നും തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന്‍ നായര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ഗുരുഭവന്‍ ഓഡിറ്റോറിയത്തില്‍ തപസ്യ കലാസാഹിത്യവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രൊഫ.തുറവൂര്‍ അനുസ്മരണ പരിപാടിയില്‍ അനുസ്മരണഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടിക്കൃഷ്ണമാരാര്‍ക്ക് ശേഷം മഹാഭാരതം കമ്പോട് കമ്പ് വ്യാഖ്യാനിച്ച ഒറ്റക്കൃതി മതി ആ ഋഷിപര്യതക്ക് സാക്ഷ്യം. ജ്ഞാനക്കൂമ്പാരമായിരുന്നു അദ്ദേഹം. പലരെയും പകരം വെച്ച് നികത്താം. എന്നാല്‍ തുറവൂരിന് പകരം വെക്കാന്‍ തുറവൂര്‍ എന്ന പേര് മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
താങ്ങാനാവാത്ത ശൂന്യതയാണ് തപസ്യക്ക് തുറവൂരിന്റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്. ഉത്സവത്തിന് കൊടിമരമെന്നതുപോലെയായിരുന്നു മലയാളികളുടെ വിദ്വല്‍ സദസ്സുകള്‍ക്ക് തുറവൂര്‍. ബഹുഭാഷാ വിചക്ഷണന്‍, വൈദ്യശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, പുരാണം, കാവ്യശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും അഗാധമായ അവഗാഹവും പാണ്ഡിത്യവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കൃത്യതയും കാര്‍ക്കശ്യവും ജീവിതത്തില്‍ പാലിച്ച അദ്ദേഹം ലാളിത്യവും എന്നും കാത്തുസൂക്ഷിച്ചിരുന്നു. മലയാളം എന്ന കൊച്ചുഭാഷയുടെ വലിയ ഗുരുനാഥനായിരുന്ന തുറവൂര്‍ എവിടെയും നായകത്വം വഹിക്കുന്ന പാണ്ഡിത്യത്തിന് ഉടമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ തപസ്യ കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ ഡോ.കൂമുള്ളി ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ഇതിഹാസങ്ങള്‍ പഠിക്കുമ്പോള്‍ എന്ന വിഷയത്തില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ പ്രഭാഷണം നടത്തി. തപസ്യ ജില്ലാ രക്ഷാധികാരി എം.വിനമ്പൂതിരി സംസാരിച്ചു. അഡ്വ.പ്രമോദ് കാളിയത്ത് സ്വാഗതവും മേഖലാ സെക്രട്ടറി ടി.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.