നാലുവരി പാതയില്‍ വേഗം നിയന്ത്രണത്തിന് നടപടികളായി

Friday 8 December 2017 12:00 am IST

കോട്ടയം: ഒരാഴ്ചക്കിടെ നാല് ജീവനെടുത്ത നാലുവരി പാതയിലും സമീപത്തുമായി വേഗ നിയന്ത്രണത്തിന് കെഎസ്ടിപി നടപടികള്‍ സ്വീകരിച്ചു. നഗരത്തിലെ റോഡ് നിര്‍മാണത്തിന് ശേഷമായിരിക്കും സുരക്ഷ നടപടികള്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുചക്ര വാഹനങ്ങള്‍ അതിവേഗം മെയിന്‍ റോഡിലേക്ക് കയറുന്നത് ഒഴിവാക്കാന്‍ സൈഡ് റോഡില്‍ ഹമ്പുകള്‍ സ്ഥാപിക്കും.
ചിങ്ങവനം മുതല്‍ കോടിമത വരെയുള്ള പ്രധാന അപകട മേഖലകളില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ റബിള്‍ സ്ട്രിപ്പുകള്‍ വരും. ഇത് കൂടാതെ മുന്നറിയിപ്പ് ബോര്‍ഡുകളും റോഡില്‍ ലൈന്‍ മാര്‍ക്കിങും സ്ഥാപിക്കാന്‍ കെഎസ്ടിപി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.
എംസി റോഡില്‍ ചിങ്ങവനം മുതല്‍ കോടിമത വരെയുള്ള ഭാഗം അതീവ അപകട മേഖലയായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ കെഎസ്ടിപി മാത്രം എടുക്കുന്ന നടപടികള്‍ കൊണ്ട് അപകടം കുറയില്ലെന്നാണ് വിലയിരുത്തല്‍. ദിവസങ്ങളോളം ഇന്റര്‍ സെപ്റ്റര്‍ ഉപയോഗിച്ച് അമിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്യുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.
അതേ സമയം അപകടമുണ്ടായാല്‍ പോലീസ് വിളിപ്പാട് അകലെയാണെന്നാണ് പ്രധാന വിമര്‍ശനം. നാലുവരി പാത നഗരത്തിലാണെങ്കിലും ചിങ്ങവനം പോലീസിന്റെ പരിധിയാണ്. അപകടമുണ്ടായാല്‍ കോട്ടയം ട്രാഫിക് പോലീസിന് പകരം ചിങ്ങവനം പോലീസ് എത്തി വേണം മേല്‍ നടപടി സ്വീകരിക്കാന്‍. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ റോഡില്‍ വീണ് കിടന്നവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.