വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയുമായി ശ്രീലങ്കന്‍ യുവതി കോടതിയില്‍ 20ന് മൊഴിയെടുക്കും

Thursday 7 December 2017 10:30 pm IST

തലശ്ശേരി: വിവാഹ വാഗ്ദാനം നല്‍കി സ്വത്തും മാനവും അപഹരിച്ച ശേഷം ഉപേക്ഷിച്ച മോന്താല്‍ സ്വദേശിക്കെതിരെ ശ്രീലങ്കന്‍ യുവതി നല്‍കിയ പരാതി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തല്‍ ഉള്‍പെടെയുള്ള അനന്തര നടപടികള്‍ക്കായി കേസ് ഈ മാസം 20ലേക്ക് മാറ്റി.പാനൂര്‍ കരിയാട് സ്വദേശിയായ കുറ്റാരോപിതന്‍ ഇപ്പോള്‍ വിദേശത്ത് ഒളിവിലാണുള്ളത്. ശ്രീലങ്കന്‍ പൗരത്വമുള്ള തമിഴ് യുവതി നിര്‍മ്മല ദുര്‍ഗ്ഗയാണ് പരാതിക്കാരി. കോയമ്പത്തൂരില്‍ വച്ച് പരിചയപ്പെട്ട യുവതിയെ കൂടെ താമസിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങളും പണവും കാറും ഇരുചക്രവാഹനവും ലാപ്‌ടോപ്പും കൈക്കലാക്കിയ യുവാവ് പരാതിക്കാരി ഗര്‍ഭിണിയായപ്പോള്‍ സൂത്രത്തില്‍ അലസിപ്പിച്ച് കൈയ്യൊഴിയുകയായിരുന്നുവത്രെ. ഇത് സംബന്ധിച്ച് നേരത്തെ കണ്ണൂര്‍ എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് തലശ്ശേരി പോലിസ് യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. ഇതില്‍ പിന്നീടാണ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷ്ന്‍ മിഷന്റെ സഹായത്തോടെ യുവതി കോടതിയെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.