കുന്നത്തൂര്‍പാടി ഉത്സവം: പാടിയില്‍പണി 10ന് തുടങ്ങും

Thursday 7 December 2017 10:41 pm IST

പയ്യാവൂര്‍: ഉത്തരമലബാറിലെ പ്രസിദ്ധമായ കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്ത് ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ മുന്നോടിയായുള്ള പാടിയില്‍പണി 10ന് തുടങ്ങും. 17 മുതലാണ് ഉത്സവത്തിന് തുടക്കമാകുക. ഇന്ത്യയുടെ നാനാഭാഗത്തുനിന്നായി ലക്ഷക്കണക്കിന് ഭക്തരെത്തുന്നതാണ് കുന്നത്തൂരിലെ ഉത്സവം. കഴിഞ്ഞ വര്‍ഷത്തെ ഉത്സവത്തിന് ശേഷം ആര്‍ക്കും പ്രവേശനമില്ലാതിരുന്ന കുന്നത്തൂര്‍ വനാന്തരത്തിലെ ദേവസ്ഥാനം കാടുവെട്ടിത്തെളിച്ച് ഉത്സവത്തിനൊരുക്കുന്ന ചടങ്ങുകളാണ് പാടിയില്‍ പണി.
സ്ഥിരം ക്ഷേത്രമില്ലാത്ത ദേവസ്ഥാനത്ത് ഓലയും ഇറ്റയുംകൊണ്ട് താല്‍കാലിക മഠപ്പുരയും അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിക്കും. കരക്കാട്ടിടം വാണവരുടെ കങ്കാണിയറ, അടിയന്തിരക്കാര്‍, കോമരം, ചന്തന്‍ എന്നിവര്‍ക്കെല്ലാമുള്ള സ്ഥാനിക പന്തലുകളും ഇതോടൊപ്പം നിര്‍മ്മിക്കും. ഉത്സവത്തോടനുബന്ധിച്ച് വനാന്തരത്തിലെ ദേവസ്ഥാനത്ത് 24 മണിക്കൂറും ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.
പാടിയില്‍ പണി ആരംഭിക്കുന്നതോടെ കരക്കാട്ടിടം വാണവരുടെ പ്രതിനിധികള്‍ തിരുവപ്പന കെട്ടിയാടുന്ന വള്ള്യായിലെ അഞ്ഞൂറ്റാന്‍മാരെ ക്ഷണിക്കാനായി പോകും. ഉത്സവത്തിനായി തിരുവാഭരണങ്ങള്‍ പുതുക്കുന്ന പണി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 16ന് താഴെ പൊടിക്കളത്ത് തന്ത്രി പോര്‍ക്കളത്തില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. 17ന് വൈകുന്നേരം കേമരം പൈങ്കുറ്റിവെച്ച ശേഷമാണ് പാടിയില്‍ പ്രവേശിക്കല്‍ ചടങ്ങ് നടക്കുക. പാടിയില്‍ തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശുദ്ധികലശങ്ങളും മറ്റ് കര്‍മ്മങ്ങളും നടന്ന ശേഷം കങ്കാണി അറയില്‍ വിളക്ക് തെളിയുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുക.
ഉത്സവത്തിന്റെ ആദ്യ ദിവസം പുതിയ മുത്തപ്പന്‍, പുറംകാലം മുത്തപ്പന്‍, നാടുവാഴീശന്‍ ദൈവം, തിരുവപ്പന എന്നിവകെട്ടിയാടും. ഉത്സവ ദിവസങ്ങളില്‍ വൈകിട്ട് ഊട്ടും വെള്ളാട്ടവും രാത്രി 9.30ന് തിരുവപ്പനയും ഇടദിവസങ്ങളില്‍ മൂലംപെറ്റ ഭഗവതിയും ഉണ്ടായിരിക്കും. ജനുവരി 16നാണ് ഉത്സവം സമാപിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.