കോണ്‍ഗ്രസ് കുടുങ്ങി

Friday 8 December 2017 2:55 am IST

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും മണിശങ്കര്‍ അയ്യരും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അപ്രതീക്ഷിത മാറ്റത്തിന് കാരണമായി. അയോധ്യാ വിഷയവും പ്രധാനമന്ത്രിയെ ജാതി അധിക്ഷേപം നടത്തിയതുമാണ് ഗുജറാത്തിലെ വോട്ടര്‍മാരില്‍ പ്രതിഷേധം ശക്തമാക്കിയത്. ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം അവശേഷിക്കേ പ്രചാരണ വിഷയങ്ങള്‍ മാറിപ്പോയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.

അതേസമയം, പ്രതിഷേധം ശക്തമായതോടെ മണിശങ്കര്‍ അയ്യരെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. അയ്യരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഇന്നലെ രാത്രി കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു.

അയോധ്യാ കേസിലെ വിചാരണാവേളയില്‍ സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍, കേസ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു. മണിശങ്കര്‍ അയ്യര്‍ മോദിയെ നികൃഷ്ടന്‍ എന്നര്‍ത്ഥം വരുന്ന നീച് ആദ്മി എന്നു വിളിച്ചു. ഈ പരാമര്‍ശങ്ങളാണ് ഗുജറാത്തിലെങ്ങും പ്രതിഷേധമായി അലയടിച്ചത്.

സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസ് നേതാവെന്ന നിലയിലാണ് സിബല്‍ അയോധ്യാ കേസ് വൈകിക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി. സോമനാഥ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ ക്ഷേത്രങ്ങള്‍ കയറിയിറങ്ങി ഗുജറാത്തില്‍ വോട്ടു പിടിക്കുന്ന നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സിബലിന്റെ നടപടി കനത്ത തിരിച്ചടിയായി. സൗരാഷ്ട്രയിലെ റാലികളില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മോദി തുറന്നുകാട്ടി.

അയോധ്യാ വിഷയം തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയതോടെയാണ് മോദിക്കെതിരെ മോശം വാക്കുകളുമായി മണിശങ്കര്‍ രംഗത്തെത്തിയത്. വിവാദമായതോടെ മണിശങ്കര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധിക്ക് ആവശ്യപ്പെടേണ്ടിവന്നു. തന്നെ കോണ്‍ഗ്രസുകാര്‍ താഴ്ന്നവനായി കണക്കാക്കുന്നതില്‍ യാതൊരു വിരോധവുമില്ലെന്ന് മോദി തിരിച്ചടിച്ചു.

മരണത്തിന്റെ വ്യാപാരി തുടങ്ങിയ വാക്കുകളാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഇതുവരെ ഉപയോഗിച്ചതെന്നും അധകൃതനെന്നും വിളിച്ച് അവര്‍ സംസ്‌കാരം കാണിച്ചെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.