അമ്മയെ വന്ദിച്ചില്ലെങ്കില്‍ വേറെ ആരെ വന്ദിക്കും, അഫ്സല്‍ ഗുരുവിനെയോ?

Friday 8 December 2017 11:08 am IST

ന്യൂദല്‍ഹി: വന്ദേമാതരം ആലപിക്കുന്നതിന് ചിലയാളുകള്‍ മടി കാണിക്കുന്നതിനെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. ‘വന്ദേമാതരം എന്നാല്‍ അമ്മയ്ക്ക് സല്യൂട്ട് എന്നാണ് അര്‍ഥം. അതു ആലപിക്കുന്നതില്‍ എന്താണ് തെറ്റ്. അമ്മയെ വന്ദിച്ചില്ലെങ്കില്‍ വേറെ ആരെയാണ് വന്ദിക്കുക? അഫ്സല്‍ ഗുരുവിനെയോ?’ – വെങ്കയ്യ ചോദിച്ചു.

വിഎച്ച്‌പി നേതാവ് അശോക് സിംഗളിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്ത് കൊണ്ടു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃരാജ്യത്തെ വന്ദിക്കുന്ന ഗാനം ആലപിക്കുന്നതിനോട് ചില ആളുകള്‍ കാണിക്കുന്ന മടി തന്നെ അത്ഭുതപ്പെടുത്തുകയാണ്. ഹിന്ദുമതം നമ്മുടെ സംസ്കാരമാണ്, പാരമ്പര്യമാണ്. അതിനെ ഇടുങ്ങിയ ചിന്താഗതിയില്‍ കാണാനാണ് ചിലയാളുകള്‍ ആഗ്രഹിക്കുന്നത്. രാജ്യഭക്തിയെയും ദേശസ്നേഹത്തെയും ചിലര്‍ ആക്രമിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നതു ജാതി, മതം, നിറം, വര്‍ഗം വ്യത്യാസമില്ലാത്ത രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കുള്ളതാണ് – വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ യോഗം ആരംഭിക്കുന്നതിനു മുന്‍പ് വന്ദേമാതരം പാടണമെന്നു നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി യുപി മീററ്റിലെ വനിതാ മേയര്‍ സുനിത വര്‍മ പുറത്തിറക്കിയ ഉത്തരവിനോടുള്ള പ്രതികരണം കൂടിയായി ഉപരാഷ്ട്രപതിയുടെ പ്രസ്താവന. മുനിസിപ്പാലിറ്റികളുടെ ഭരണഘടന അനുസരിച്ചു ദേശീയഗാനമായ ‘ജനഗണമന’യാണ് യോഗങ്ങള്‍ക്കു മുമ്പ് ആലപിക്കേണ്ടതെന്നും സുനിത വര്‍മ പറഞ്ഞിരുന്നു.

യോഗങ്ങള്‍ക്കുമുന്‍പ് വന്ദേമാതരം പാടണമെന്ന ഉത്തരവ് മീററ്റിലെ മുന്‍ ഭരണകൂടമാണ് പുറത്തിറക്കിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.