ഇറക്കുമതി കുരുമുളകിന് തറവില; കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസമാകും

Friday 8 December 2017 5:11 pm IST

കണ്ണൂര്‍: ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് കുറഞ്ഞവില കിലോവിന് 500 രൂപയായി നിശ്ചയിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസമാകും. വിദേശ രാജ്യങ്ങളില്‍ വ്യാപകമായ തോതില്‍ ഇറക്കുമതി തുടങ്ങിയതോടെ ഇന്ത്യന്‍ വിപണിയില്‍ കുരുമുളകിന്റെ വില കുത്തനെ ഇടിഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്വിന്റലിന് 58,000 രൂപയായിരുന്നു വില. ഇതിപ്പോള്‍ കുത്തനെ ഇടിഞ്ഞ് 34,500 ല്‍ എത്തിനില്‍ക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് ക്വിന്റലിന് 70,000 രൂപ വരെ വില ലഭിച്ചിരുന്നു. സീസണില്‍ വില കുറയുന്നത് സാധാരണമാണ്. എന്നാല്‍ പിന്നീട് വില കൂടുക പതിവാണ്. കുരുമുളകിന്റെ ഉല്‍പ്പാദന സമയത്ത് വ്യാപകമായ തോതില്‍ മുളക് വിപണിയിലെത്തുമ്പോഴാണ് വില കുറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഈ പ്രവണതക്ക് മാറ്റം വന്നു. ഇതോടെ കുരുമുളക് സ്റ്റോക്ക് ചെയ്ത കര്‍ഷകര്‍ കിട്ടിയ വിലക്ക് വില്‍പ്പന നടത്തുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിയന്ത്രണമില്ലാത്ത ഇറക്കുമതിയായിരുന്നു ഇതിന് പ്രധാന കാരണം. കഴിഞ്ഞവര്‍ഷം 95,000 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്തതായാണ് കണക്ക്. ഈ വര്‍ഷം ഇത് 2 ലക്ഷത്തിലധികമായി ഉയര്‍ന്നിരുന്നു. വിയറ്റ്‌നാമില്‍ നിന്നും ശ്രീലങ്ക വഴിയാണ് കുരുമുളക് ഇന്ത്യയിലെത്തുന്നത്. ഇതുകൂടാതെ നേപ്പാള്‍ വഴി കള്ളക്കടത്തായും ടണ്‍ കണക്കിന് കുരുമുളക് ഇന്ത്യയിലെത്തുന്നുണ്ട്.
ശ്രീലങ്കയില്‍ നിന്ന് 2500 ടണ്‍ വരെ ഇറക്കുമതി ചെയ്യാന്‍ നികുതി വേണ്ട. 5000 ടണ്‍ വരെ എട്ട് ശതമാനം നികുതിയും അതിന് മുകളില്‍ 70 ശതമാനം നികുതിയും നല്‍കണം. എന്നാല്‍ ക്വിന്റലിന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ 50,000 രൂപ കുറഞ്ഞവില നിശ്ചയിച്ചതോടെ ഇറക്കുമതി ഗണ്യമായി കുറയും. ആഭ്യന്തര വിപണിയില്‍ ഇത് വിലകയറാന്‍ കാരണമാകും. ആറ് മാസത്തിനുള്ളില്‍ 70,000 രൂപ ക്വിന്റലിന് വില ലഭിക്കുമെന്ന കണക്കുകൂട്ടലാണ് വാണിജ്യ വകുപ്പ് അധികൃതര്‍ക്കുള്ളത്.
ആസിയാന്‍ രാജ്യങ്ങളാണ് പ്രധാനമായും കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്നത്. ദക്ഷിണേഷ്യന്‍ സ്വാതന്ത്ര്യവ്യാപാരക്കരാറിന്റെ പേരിലാണ് ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് എട്ട് ശതമാനം നികുതി നിശ്ചയിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ 70 ശതമാനം തന്നെ നികുതി നല്‍കണം. അതുകൊണ്ടുതന്നെ ശ്രീലങ്ക വഴിയാണ് ഇറക്കുമതി ഏറെയും നടക്കുന്നത്. സ്‌പൈസസ് ബോര്‍ഡിന്റെ ശുപാര്‍ശയിലാണ് കേന്ദ്രസര്‍ക്കാര്‍ കുരുമുളകിന് കുറഞ്ഞവില പ്രഖ്യാപിച്ചത്.
കുരുമുളക് വിലയിടിച്ചല്‍ ഈ മേഖലയിലെ പതിനായിരക്കണക്കിന് കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരുന്നു. മോദി സര്‍ക്കാറിന്റെ ഈ നടപടി കേരളത്തിലെ ലക്ഷക്കണക്കിന് കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസമാകും. റബ്ബര്‍ വിലയിടിവ് തടയാനും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ റബ്ബര്‍ കര്‍ഷകര്‍ക്കിടയിലും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.