ദുരിതത്തിന്റെ കടലിരമ്പം കാണാതെ സര്‍ക്കാര്‍

Saturday 9 December 2017 2:45 am IST

ഓഖി ചുഴലിക്കൊടുങ്കാറ്റും കടല്‍ക്ഷോഭവും ശമിച്ചെങ്കിലും തീരദേശത്തെ ദുരിതത്തിന് അറുതിയായിട്ടില്ല. ഉറ്റവരുടെ മരണവും, ഇനിയും തിരിച്ചെത്താത്തവരെക്കുറിച്ചുള്ള ആധിയും സൃഷ്ടിച്ച വിറങ്ങലിപ്പിലാണ് തീരപ്രദേശം മുഴുവന്‍. എന്നാല്‍ ഈ ദുരിതത്തിന്റെ ആഴം തിരിച്ചറിയാത്തവരാണ് തങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന് ഇന്നലെ തിരുവനന്തപുരം അടിമലത്തുറയില്‍ ലഭിച്ച ‘സ്വീകരണം’ ഇതിനുദാഹരണമാണ്. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ വേദന എത്രയാണെന്ന് മന്ത്രിക്ക് നേരില്‍ അനുഭവിക്കേണ്ടിവന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരവും പുഴുത്ത അരിയും ഔദാര്യംപോലെ വലിച്ചെറിയുന്ന സര്‍ക്കാരിന്റെ മാടമ്പി മനോഭാവത്തിന് കിട്ടിയ മറുപടിയാണ് അടിമലത്തുറയിലെ പ്രതിഷേധം.

ഇക്കഴിഞ്ഞദിവസം വിനോദസഞ്ചാരത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ നടന്ന ഉദ്ഘാടന മാമാങ്കം മറ്റൊരുദാഹരണമാണ്. ഗാനമേളയടക്കമുള്ള ഉദ്ഘാടന ചടങ്ങാണ് കള്‍ച്ചറല്‍ സോണ്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തീരദേശത്ത് നടന്നത്. തീരദേശം ദുരിതത്തിലാണ്ടുകിടക്കുമ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിരക്കിലാണെന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട്ട് നടന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വേദന തിരിച്ചറിയാത്തവരാണ് തീരദേശത്ത് വിനോദസഞ്ചാരികള്‍ക്കുവേണ്ടി കള്‍ച്ചറല്‍ സോണ്‍ പണിയാന്‍ ധൃതികൂട്ടുന്നത്. തീരദേശത്തെ കൂരകളില്‍ അന്തിയുറങ്ങുന്നുവര്‍ക്ക് വേണ്ടിയല്ല, തീരദേശത്ത് ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ഫ്‌ളാറ്റ്, റിസോര്‍ട്ട് സമുച്ചയങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാനാണ് ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

മത്സ്യത്തൊഴിലാളി സമൂഹം സംഘടിതരല്ലെന്നും, വോട്ടുബാങ്കായി തെരഞ്ഞെടുപ്പില്‍ പ്രതികരിക്കില്ലെന്നുമുള്ള ഉറപ്പുള്ളതുകൊണ്ടാണ് അവരെ പുഴുക്കളെപ്പോലെ സര്‍ക്കാര്‍ കണക്കാക്കുന്നത്. മനുഷ്യത്വരഹിതമായ സമീപനമാണ് അധികാരശ്രേണിയുടെ തലപ്പത്തുള്ളവരില്‍ നിന്നുണ്ടാവുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിക്കാനും പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ പ്രാദേശികമായ പിന്തുണ ആര്‍ജിക്കാനും സര്‍ക്കാരിന് കഴിയണം. തുറന്ന മനസ്സോടെയുള്ള സമീപനമുണ്ടായാല്‍ മാത്രമേ ഇതിന് തുടക്കം കുറിക്കാനാകൂ. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയും ശുഷ്‌കാന്തിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഓഖി ദുരന്തത്തെത്തുടര്‍ന്ന് ബോട്ടുകളും വള്ളങ്ങളും കടലില്‍ ഇറങ്ങാത്തതുകാരണം കടുത്ത മത്സ്യക്ഷാമവും സംസ്ഥാനത്ത് നേരിടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍ വരവും ഏതാണ്ട് നിലച്ച മട്ടാണ്. കടലോരം സാധാരണ നിലയിലേക്കെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. ഈ അടിയന്തര സാഹചര്യത്തെ നേരിടാന്‍ പ്രായോഗികമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരണം. ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വകക്ഷി സമ്മേളനം പോലും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ചേ പറ്റൂ.

തീരസുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. നാവികസേന മുതല്‍ ജില്ലാ ഭരണകൂടം വരെയുള്ള നിരവധി വകുപ്പുകളും ഏജന്‍സികളുമാണ് തീരസുരക്ഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. ഇവയെ ഏകോപിപ്പിക്കാനും തീരദേശത്തും കടലിലും ഉണ്ടാകുന്ന പുതിയ സാഹചര്യങ്ങളെ നേരിടാന്‍ തക്ക രീതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയോജിതമായ പ്രവര്‍ത്തനം ഉണ്ടാകണം.

അതിര്‍ത്തിരക്ഷാസേനയെപ്പോലെ രാജ്യത്തെ രക്ഷിക്കുന്ന തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ കരുതലോടെ പരിഗണിക്കേണ്ടത് സര്‍ക്കാരുകളുടെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. അലമുറ അടങ്ങാത്ത തീരദേശത്ത് ആഘോഷങ്ങളുടെ വേദിയൊരുക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. അത്രയെങ്കിലും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.