അരിഷ്ടനും പ്രലംബനും

Saturday 9 December 2017 2:45 am IST

കാളിയന്‍ കാളിന്ദിയെ കൈവിട്ടതോടെ നദീജലം വിഷരഹിതമായി; കൃഷ്ണന്‍ നീന്തിത്തുടിച്ചതോടെ ജലം അമൃതസമാനമായി. യാതൊരാപത്തും കൂടാതെ കൃഷ്ണനെ കാളിയനില്‍നിന്നു സംരക്ഷിച്ചുതന്ന കാളിന്ദിയുടെ തീരത്ത് ഒരു രാത്രി ആട്ടവും പാട്ടുമായിക്കഴിയാന്‍ ഗോപവൃന്ദം തീരുമാനിച്ചു. അതിന്‍പടി വൃന്ദാവനം ഒന്നടങ്കം സന്ധ്യയോടെ കാളിന്ദീ തീരത്തെത്തി. പക്ഷേ, അന്ന് നല്ല ദിവസമായിരുന്നില്ല.
പാരിച്ചുനിന്നൊരു കൂരിരുട്ടന്നാളില്‍
പാരിടമെങ്ങും പരന്നുകൂടി
പക്ഷികള്‍ കൂട്ടിലടങ്ങിതായന്നേരം
ദുഷ്ടമൃഗങ്ങള്‍ നടത്തംകൊണ്ടു
രാത്രിയെക്കണ്ടൊരു ഗോപാലന്മാരെല്ലാം
കേളിക്കു കാലമല്ലെന്നു ചൊല്ലി
കാളിന്ദി തന്നുടെ ചാരത്തുമേവിന
കാനനന്തന്നിലിരുന്നെല്ലാരും
ഭദ്രന്മാരായുള്ള ഗോപന്മാരെല്ലാരും
നിദ്രയെപ്പൂണ്ടുകിടന്നുകൊണ്ടാള്‍
എല്ലാവരും ഉറങ്ങി. സമയം പാതിരാവായിക്കാണും. അന്നേരമാണ്-കാട്ടുതീ നാനാഭാഗത്തുനിന്നും പടര്‍ന്നെത്തി. തീയിന്റെ ചൂടുതട്ടി എല്ലാവരും ഉണര്‍ന്നു; ഭീതിയോടെ നിലവിളിച്ചു.
‘ഒരു കഥ കേട്ടിട്ടുണ്ട്’- മുത്തശ്ശി പറഞ്ഞു: ‘സ്വജനങ്ങളുടെ കണ്ണുനീരുകണ്ട കൃഷ്ണന്‍ ആ അഗ്നി കടന്നെടുത്ത്, നേരെ മാനത്തേയ്‌ക്കെറിഞ്ഞു. അതൊരു മിന്നല്‍പ്പിണരായി മാനത്തു മറഞ്ഞു.’
‘ആ കഥ മറ്റൊരവസരത്തില്‍ ഭാഗവതത്തിലുണ്ട്. പക്ഷേ, ഗാഥയില്‍ അങ്ങനെയല്ലല്ലോ. കേട്ടിട്ടില്ലേ’-
പാവകരൂപത്തില്‍ നേരെ വരുന്നതു
പാവകനല്ലെന്നറിഞ്ഞു കണ്ണന്‍
ദാനവനായോരരിഷ്ടന്‍ താന്‍ നേരായി
പാവകരൂപമതാര്‍ന്നുചെമ്മേ
കണ്ണനിന്‍ നേര്‍ക്കു പാഞ്ഞെത്തിയ നേരമേ
തിണ്ണം കയര്‍ത്തവനോടു ചൊന്നാന്‍
നിന്നെ ഞാനാരെന്നറിയുന്നരിഷ്ടകാ
എന്നെ ജയിക്കുവാനാവില്ലോന്നോര്‍ക്കാ
അന്നേരം അരിഷ്ടന്‍ ഒരു കാളയുടെ രൂപമേറ്റു. അലറുംമട്ടില്‍ മുക്കറയിട്ടുംകൊണ്ട്, കൊമ്പുകളില്‍ വന്മരങ്ങളെ കടപുഴക്കിയെടുത്തുകൊണ്ട്, കൃഷ്ണന്റെ നേരെ പാഞ്ഞുവന്നു.
‘കംസന്‍ അയച്ചതാണ് ആ അസുരനെ, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘പിന്നല്ലാതെ?’ മുത്തശ്ശന്‍ തുടര്‍ന്നു: ‘കൃഷ്ണന്‍ തയ്യാറായി നിന്നു; അവന്റെ കൊമ്പില്‍പ്പിടിച്ച് ആഞ്ഞൊരു തള്ള് കൊടുത്തു. അവന്‍ നട നാലും പൊക്കി മലക്കം മറിഞ്ഞു. നിമിഷവേഗം, വര്‍ധിച്ച വീര്യത്തോടെ പിടഞ്ഞെണീറ്റ് കൃഷ്ണന്റെ നേര്‍ക്കെത്തി. ഓടിവരുന്ന അവനെ കൃഷ്ണന്‍ തടഞ്ഞുവെച്ചു; കൊമ്പുകളില്‍പ്പിടിച്ച് താഴെ വീഴ്ത്തി; ഞൊടിയിടയില്‍ അവന്റെ മേല്‍ ചാടിവീണ്, കഴുത്തുപിടിച്ചു പിരിച്ചു. ശ്വാസം കിട്ടാതെ മേല്‍ ചാടിവീണ്, കഴുത്തുപിടിച്ച് പിരിച്ചു. ശ്വാസം കിട്ടാതെ അരിഷ്ടന്‍ കൈകാലിട്ടടിച്ചു; അവസാനം, അന്ത്യശ്വാസം വലിച്ചു.
‘അരിഷ്ടാസുരനു പിറകെ പ്രലംബനെത്തി, അല്ലേ?’ മുത്തശ്ശി ചോദിച്ചു.
‘ഉവ്വ്. താലവനത്തില്‍ വച്ചാണ് പ്രലംബന്‍ രാമകൃഷ്ണന്മാരെ നേരിട്ടത്. ഒരു ഗോപകുമാരന്റെ വേഷത്തിലാണ് അവന്‍ കൂട്ടത്തിലെത്തിയതെന്നു ഭാഗവതത്തില്‍ കാണാം.
ഗോപരൂപീ പ്രലംബോളഗാദസുരസ്തജ്ജീഹിര്‍ഷയാ
ഗര്‍ഗഭാഗവതത്തില്‍ ആ കഥ ഇവ്വിധം വിസ്തരിക്കുന്നു.
ഉച്ചയോടെയാണ് ബലരാമനും കൃഷ്ണനും മറ്റു ഗോപബാലകരും ഗോക്കളുമായി തലവനത്തിലെത്തിയത്. പനങ്കാട്ടില്‍ ഗോക്കളെ മേയാന്‍ വിട്ടു. ബലരാമന്‍ വേണ്ടുവോളം പനമ്പഴം കുലുക്കിയിട്ടു; ഏവരും അത് മൂക്കറ്റം അകത്താക്കി.
‘എനിക്കല്‍പ്പം ഓടണം’- ബലരാമന്‍ പറഞ്ഞു: ‘പനമ്പഴത്തിന്റെ മത്ത് തലയ്ക്കടിച്ചിരിക്കുന്നു. നമുക്ക് ഭണ്ഡീരത്തെ ഒന്നു വലംവയ്ക്കാം. ഒരു ഓട്ടപ്രദക്ഷിണം.’
‘ഞാനും ഓട്ടത്തില്‍ ചേരട്ടെ?’ കാട്ടുജാതിക്കാരനായ ഒരു കുമാരനാണ് ബലരാമന്റെ അരികെചെന്ന് അപേക്ഷിച്ചത്. ബലരാമന്‍ സമ്മതിച്ചു: ‘എന്താ നിന്റെ പേര്?’
അവന്‍ വിനയപൂര്‍വം മൊഴിഞ്ഞു: ‘പ്രലംബന്‍ താലവനത്തിലാണ് ഞാന്‍ താമസം.’
ഓടാന്‍ ഏവരും തയ്യാറായി. ഭാണ്ഡീരവനത്തിന്റെ ചുറ്റളവ് ഏകദേശം ഒരു യോജനയോളം വരും. ഒരു മത്സരബുദ്ധി ഏവരിലും അങ്കുരിച്ചു: ആരാണ് ആദ്യം ഓടിയെത്തുക?
ഓടാന്‍ തുടങ്ങി. സുദാമനായിരുന്നു ഏറ്റവും മുന്നില്‍. പിറകിലായി സുബലന്‍, ഋക്ഷകന്‍, വിശാലന്‍, ബലരാമന്‍, പ്രലംബന്‍, പിറകിലായികൃഷ്ണന്‍; കൃഷ്ണന്റെ പിറകെ ലക്ഷ്മണന്‍, സുകേശന്‍, അക്ഷയന്‍, ഉദ്ധവന്‍…
ഏകദേശം പകുതിദൂരം പിന്നിട്ടപ്പോള്‍ കൃഷ്ണന്‍ ഏറ്റവും പിറകിലായി.
ഓട്ടംതീര്‍ന്നു. ഏറ്റവും മുന്നിലായി ഓടിയെത്തിയത് സുദാമാവ്. ഏറ്റവും പിറകിലായിരുന്നു കൃഷ്ണന്‍. ഓടിയ ക്ഷീണം തീര്‍ക്കാന്‍ എല്ലാവരും തണലത്തിരുന്നു വേര്‍പ്പാറ്റി. പനമ്പഴത്തിന്റെ മത്ത തലയില്‍നിന്നിറങ്ങിയതായി ഏവര്‍ക്കും തോന്നി.
അപ്പോഴാണ് ശ്രദ്ധിച്ചത്: ബലരാമന്‍ എത്തിയിട്ടില്ല… നോക്കുമ്പോള്‍-ആ പ്രലംബനേയും കാണാനില്ലല്ലോ…
‘ഞാനൊന്നു നോക്കിവരാം’- കൃഷ്ണന്‍ പറഞ്ഞു.
‘എവിടെ നോക്കാനാണ്?’ ഉദ്ധവന്‍ തിരക്കി.
‘ഒരു വട്ടംകൂടി ഓടിവരാം.’
‘എന്നാല്‍, നമുക്ക് എല്ലാവര്‍ക്കും ഓടാം’ സുദാമാവിന്റെ ആ നിര്‍ദ്ദേശം ഏവരും അംഗീകരിച്ചു.
അന്വേഷിക്കുന്ന കണ്ണുകളുമായി അവര്‍ ഓട്ടംതുടങ്ങി. അധികം ദൂരമെത്തും മുന്‍പേ അവര്‍ കണ്ടു: മഴക്കാറിന്റെ നിറമുള്ള, പര്‍വതംപോലുള്ള ഒരു അസുരരൂപം ബലരാമനേയും തോളിലേറ്റി ഓടിപ്പോവുന്നു….
ഓടിയെത്തുന്ന കൃഷ്ണനേയും കൂട്ടുകാരേയും കണ്ട ബലരാമന്‍ വിളിച്ചു പറഞ്ഞു: ‘കൂട്ടരേ, ഈ പ്രലംബന്‍ അരിഷ്ടാസുരന്റെ കൂട്ടുകാരനാണ്. അരിഷ്ടനെ വകവരുത്തിയതിന് നമ്മോടു പ്രതികാരം ചെയ്യാന്‍ എത്തിയതാണ്. കൃഷ്ണാ, നിനക്ക് ഇവര്‍ മതിയായ ഇരയല്ലാ. ഇവനെ ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം.’
കൃഷ്ണനെ ജയിക്കാന്‍ പ്രയാസമെന്നു കണ്ട പ്രലംബന്‍ ബലരാമനെ എടുത്തുകൊണ്ട്, കൃഷ്ണന്റെ ദൃഷ്ടിയില്‍പ്പെടാതിരിക്കാന്‍ ഓട്ടം തുടരുകയായിരുന്നു.
അവിഷഹ്യം മന്യമാനഃ കൃഷ്ണം ദാനവപുംഗവഃ
വഹന്‍ ദ്രുതതരം പ്രാഗാദവരോഹണതഃ പരം
കൃഷ്ണന്‍ കണ്ടു: ആ അസുരപ്രമാണി, പര്‍വത രാജനെപ്പോലുള്ള ബലരാമനെ വഹിച്ച്, അതുകൊണ്ടുതന്നെ വേഗമില്ലാത്തവനായി, തന്റെ സ്വാഭാവികമായ അസുരരൂപം തന്നെയെടുത്തപ്പോള്‍, ഇടിമിന്നല്‍കൊണ്ട് ശോഭിക്കുന്ന ചന്ദ്രനെ വഹിക്കുന്ന കാളമേഘമാണെന്നു കൃഷ്ണനു തോന്നി. ബലരാമന്റെ ശേഷിയില്‍ വിശ്വാസമുള്ള കൃഷ്ണന്‍ വിളിച്ചുപറഞ്ഞു: ‘ശരി, ഏട്ടാ, കംസന്റെ കൂട്ടുകാര്‍ക്കു വസിക്കാനൊരുക്കിയ ആ കൊട്ടാരമില്ലേ? കാലപുരിയിലെ ആ കൊട്ടാരത്തിലേക്ക് അവനെ അയച്ചോളൂ.’
വജ്രതുല്യമായ തന്റെ മുഷ്ടികൊണ്ട് ബലരാമന്‍ പ്രലംബന്റെ തലയിലൊന്നു തട്ടി. ആ തട്ടേറ്റ് പ്രലംബന്റെ തല പൊളിഞ്ഞു. വായിലൂടെ രക്തമൊഴുകി. ബോധമറ്റ്, ഒരു വലിയ ശബ്ദമുണ്ടാക്കി അവന്‍ അന്ത്യം കണ്ടു; ഇന്ദ്രന്റെ ആയുധത്താല്‍ ഹനിക്കപ്പെട്ട പര്‍വതംപോലെ താഴെ വീണു-
മഹാരവം വ്യസുരപതത്സമീരയന്‍
ഗിരിര്‍യഥാ മഘവത ആയുധാഹതഃ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.