വിവാഹേതര ബന്ധത്തിന് സംരക്ഷണം നല്‍കുന്ന വകുപ്പ് പുന: പരിശോധിക്കാന്‍ സുപ്രീംകോടതി

Saturday 9 December 2017 2:45 am IST

ന്യൂദല്‍ഹി: വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഇന്ത്യാ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പിന്റെ നിയമസാധുത പുനപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കാലഹരണപ്പെട്ടതും പൗരാണികവുമാണ് വകുപ്പിലെ വ്യവസ്ഥകളെന്ന് നിരീക്ഷിച്ച കോടതി, ഇക്കാര്യത്തിലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിട്ടുണ്ട്.

വിവാഹേതര ബന്ധത്തിലുള്ള പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്ത പരിഗണന നല്‍കുന്ന നിയമമാണ് ഐപിസി 497 എന്നാരോപിച്ചാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെതിരെ മാത്രമാണ് കേസെടുക്കാനാവുക. സ്ത്രീയ്ക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്നുണ്ട്. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെതിരെ അയാളുടെ ഭാര്യയ്ക്ക് ഐപിസി 497 വകുപ്പ് പ്രകാരം പരാതി നല്‍കുന്നതിലും വിലക്കുണ്ട്.

ഇത്തരം നിയമങ്ങള്‍ നിലനിന്നിരുന്ന മിക്ക രാജ്യങ്ങളും ഭേദഗതികള്‍ കൊണ്ടുവന്നെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ് വാദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം കേസില്‍ കൂടുതല്‍ വാദങ്ങളിലേക്ക് സുപ്രീംകോടതി കടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.