പാലക്കാട്: ഇതര സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ദളിത് കുടുംബത്തിന് ഊരുവിലക്ക്. ആലത്തൂര്‍ സ്വദേശി ബിജുവിനും കുടുംബത്തിനുമാണ് കണക്കന് സമുദായം വിലക്കേര്‍പ്പെടുത്തിയത്. ആലത്തൂര്‍ മണിയില്പ്പറമ്പ് സ്വദേശിയായ ബിജു ഒരുവര്‍ഷം മുന്‍പാണ് പുലയ സമുദായത്തില്‍പ്പെട്ട സജിതയെ വിവാഹം കഴിച്ചത്. ഇതോടെയാണ് ബിജുവിനും കുടുംബത്തിനും സമുദായ നേതാക്കള്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
അച്ഛന്, അമ്മ, ചേട്ടന്, ചേട്ടന്റെ ഭാര്യ, ബിജു, ഭാര്യ സജിത എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം. എഴുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഇവര്‍ ഒറ്റപ്പെട്ട നിലയിലാണ് . ബന്ധുക്കള്‍ ആരും ബിജുവിന്റെ വീട്ടിലേക്ക് വരുകയോ സംസാരിക്കുകയോ ചെയ്യാറില്ല. കല്യാണമോ, മരണമോ നടന്നാലും കുടുംബത്തിന് പങ്കെടുക്കാനും അനുവാദമില്ല. പങ്കെടുക്കാന്‍ എത്തിയാല്‍ സമുദായക്കാര്‍ ഭീഷണിപ്പെടുത്തും.
വീട്ടിലേക്ക് വരുന്ന ബന്ധുക്കളെ സമുദായ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജുവിന്റെ അമ്മ തങ്കമണി പറയുന്നു. ഊരുവിലക്കിനെക്കുറിച്ച് ആലത്തൂര്‍ പോലീസ് സ്റ്റേഷനിലും, പട്ടികജാതി വികസന ഓഫീസിലും, മറ്റ് ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിട്ടും തങ്ങള്‍ക്ക് യാതൊരു നീതിയും ലഭിച്ചിട്ടില്ലെന്നാണ് ബിജു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: