അപരാധത്തിന് മാപ്പ്; കാലുപിടിക്കാന്‍ മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍

Saturday 9 December 2017 2:45 am IST

തിരുവനന്തപുരം: സര്‍വ അപരാധത്തിനും മാപ്പുപറഞ്ഞ് എല്‍ഡിഎഫ് മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍. ഓഖി ചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കടകംപള്ളി സുരേന്ദ്രനും ആര്‍ച്ച് ബിഷപ്പ് സൂസാപാക്യത്തെ കണ്ട് ക്ഷമാപണം നടത്തിയത്. സഭയുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാം അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് മന്ത്രിമാര്‍ മടങ്ങിയത്.

മുന്നറിയിപ്പ് നല്‍കിയതിലെ കാലതാമസമാണ് ദുരന്തത്തില്‍ ഇത്രയധികം ആള്‍ നാശം സംഭവിക്കാന്‍ കാരണമെന്ന് സഭ ആരോപിച്ചിരുന്നു. കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ പാക്കേജ് അപര്യാപ്തമാണെന്നും കാണതായവരെക്കുറിച്ച് എഫ്‌ഐആര്‍ ഇടണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഖി ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് കന്യാകുമാരി ജില്ലയിലെ കുഴിത്തുറയില്‍ കഴിഞ്ഞ ദിവസം ക്രൈസ്തവസഭകളുടെ നേതൃത്വത്തില്‍ തീവണ്ടിതടഞ്ഞ് പ്രതിഷേധിച്ചിരുന്നു. അതേ മാതൃകയില്‍ തിരുവനന്തപുരത്തും പ്രതിഷേധസമരം നടക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

ജനരോഷത്തെ തുടര്‍ന്ന് എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് തീരദേശത്തേക്ക് പോകാന്‍ സാധിക്കുന്നില്ല. ഇത് ഭരണപരമായി സര്‍ക്കാരിന് പരാജയവും തിരിച്ചടിയുമായി. ഈ സാഹചര്യത്തില്‍ രൂപപ്പെടുന്ന പ്രതിഷേധം അടിച്ചമര്‍ത്താനും സര്‍ക്കാരിന് കഴിയില്ല. ഇതേ തുടര്‍ന്നാണ് മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍ അടിയന്തരമായി എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.