ഗീതാസന്ദേശങ്ങളിലൂടെ..

Sunday 17 July 2011 9:44 pm IST

വിവിധ ദേവതാരൂപങ്ങളെയും, ഭൂതപ്രേതങ്ങളെയും, അന്യദേവതാ സങ്കല്‍പ്പങ്ങളേയും ആരാധിക്കുന്നവര്‍ അതിലൂടെയും അവരാരാധിക്കുന്നത്‌ പ്രപഞ്ചചൈതന്യത്തെ തന്നെയാണ്‌. ചിലര്‍ നേരെ പ്രപഞ്ച ചൈതന്യത്തിലേക്കും മറ്റുചിലര്‍ പലതിലൂടെയും കടന്ന്‌ അവിടേക്ക്‌ തന്നെയുമെത്തിച്ചേരുന്നു. ചിലര്‍ ഭക്തിപൂര്‍വ്വം സമര്‍പ്പിക്കുന്നത്‌ പ്രപഞ്ച ചൈതന്യത്തിലലിയുന്നു. (അത്‌ പ്രപഞ്ചം സ്വീക്രിക്കുന്നു.) ചിലര്‍ എല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുന്നു. ചിലര്‍ ചെയ്യുന്നതും, അതിന്റെ ഫലവും, പ്രതിഫലവും പൂര്‍ണമായോ ഭാഗീകമായോ ഈശ്വരനില്‍ അര്‍പ്പിക്കുന്നു. എല്ലാവരും സ്മരിക്കേണ്ടതായ സന്ദേശം ഇതാണ്‌ ഇഷ്ടമുള്ളത്‌/ഇഷ്ടമില്ലാത്തത്‌, ഇഷ്ടമുള്ളവര്‍/ഇഷ്ടമില്ലാത്തവര്‍ എന്നിപ്രകാരമൊരു വിഭാഗമേയില്ല എന്നതാണ്‌. മനസ്സിനേയും ചിന്തകളേയും കര്‍മ്മത്തേയും നന്മയിലേക്ക്‌ നയിക്കുന്നതിലൂടെ മഹാപാപികള്‍ പോലും പാപമോചനം നേടുന്നു. അവര്‍ നന്മ നിറഞ്ഞവരായിത്തീരുന്നു. എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്കുമിത്‌ സാധ്യമാണ്‌. അവരിലെ ഈശ്വരചൈതന്യത്തെക്കുറിച്ചവര്‍ക്ക്‌ അവബോധമുണ്ടാകുമ്പോള്‍ മനസ്സും ചിന്തകളും തിന്മയില്‍ നിന്ന്‌ നന്മയിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നതുപോലെ നമ്മളിലും മാറ്റമുണ്ടാകണം. ജീവജാലങ്ങളില്‍ സ്വതസിദ്ധമായ ബോധവും പ്രജ്ഞാനവും ആയി നിലകൊള്ളുന്നതും ഈ പരബ്രഹ്മചൈതന്യമായ പരമാത്മചൈതന്യത്തിന്റെ ഭാഗമായ ജീവാത്മചൈതന്യമാണ്‌. വിവേകം, അറിവ്‌, ജ്ഞാനം, ക്ഷമ, സഹനശക്തി, ഇന്ദ്രിയനിയന്ത്രണം, മാനസീക വ്യവഹാരം, ഭയം, നിര്‍ഭയത്വം, അഹിംസ, സമത്വം, സംതൃപ്തി, പവിത്രത, നന്മ, കീര്‍ത്തി... എന്നിവയെല്ലാം മനുഷ്യനിലുദയം ചെയ്യുന്നത്‌ ഈ പ്രജ്ഞാനവും സ്വബോധവും വളരെ ഉയര്‍ന്ന തലത്തിലുള്ളതിനാലാണ്‌. ഈ ചൈതന്യമാണ്‌ എല്ലാവിധ വികാരവിചാരങ്ങള്‍ക്കും ആധാരമായി നിലകൊള്ളുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.