ഹരിത കേരളാ മിഷന്‍ വാര്‍ഷികം വിവിധ പദ്ധതികളുമായി പായം പഞ്ചായത്ത്

Saturday 9 December 2017 6:08 pm IST

ഇരിട്ടി: ഹരിതകേരളാ മിഷന്‍ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പായം പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചതായി പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനം രണ്ടാംഘട്ടം എന്ന നിലയില്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലെയും നൂറുകണക്കിന് ആളുകളെ അണിനിരത്തി വാര്‍ഡുതല ഹരിതസംഗമം കഴിഞ്ഞദിവസം സംഘടിപ്പിച്ചു. ഡിസംബര്‍ 15 ന് പഞ്ചായത്തിലൂടെ ഒഴുകുന്ന വലുതും ചെറുതുമായ 31 തോടുകളില്‍ അമ്പത്-നൂറുമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മൂന്നടി ഉയരത്തില്‍ താത്കാലിക തടയണകള്‍ നിര്‍മ്മിക്കും. നാനാ മേഖലയിലെ ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ഇതില്‍ പങ്കെടുപ്പിക്കും. ജനകീയ തടയണ നിര്‍മ്മാണത്തില്‍ എംഎല്‍എ സണ്ണി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു, ഹരിത കേരളാ മിഷന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ജൈവ പച്ചക്കറി വികസനം, പാടശേഖര നെല്‍കൃഷി വികസനം, ആരോഗ്യ മേഖലയിലെ പുതിയ കാല്‍വെപ്പു എന്ന നിലയില്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും, പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യോഗ പരിശീലനം നല്‍കുന്ന യോഗ ഗ്രാമം , സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍, ഫുടബോള്‍, തയ്‌ക്കോണ്ടോ പരിശീലനം എന്നീ പദ്ധതികളും നടപ്പിലാക്കും.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെക്കൂടാതെ വൈസ് പ്രസിഡന്റ് വി.സാവിത്രി, പവിത്രന്‍ കരിപ്പായി, വി.കെ.പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.