ജറുസലേം കത്തുന്നു; ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് മരണം

Sunday 10 December 2017 2:47 am IST

ജറുസലേം/ഗാസ: ജറുസലേം വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയതാണ് പ്രശ്‌ന കാരണം.

സംഘര്‍ഷത്തെ തുടര്‍ന്ന് ഗാസയില്‍ നിന്ന് മൂന്ന് റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് അയച്ചത്. ഇതില്‍ ഒരെണ്ണം ഇസ്രയേലിന്റെ മിസൈല്‍ വേധ സംവിധാനം തകര്‍ത്തതായും സൈനിക വൃത്തങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. മിസൈലുകളില്‍ മൂന്നാമത്തേത് ഇസ്രയേലിന്റെ തെക്കേ നഗരത്തിലാണ് പതിച്ചത്.  അതേസമയം പലസ്തീന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റബ്ബര്‍ ബുള്ളറ്റ് കൊണ്ടുള്ള ആക്രമണങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

അതിനിടെ യുഎന്‍ രക്ഷാ സമിതി യോഗത്തിലും യുഎസ് ഇസ്രയേലിനെ അനുകൂലിച്ച് പ്രസ്താവന നടത്തി. ജറുസലേം വിഷയത്തില്‍ ട്രംപ് നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിലും ഏറെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ യുഎസ് പ്രതിനിധി നിക്കി ഹാലി വൈറ്റ്ഹൗസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചു. അതാണ് പുതിയ നയമെന്നും നിക്കി പറഞ്ഞു. എന്നാല്‍ യുഎസിന്റെ പുതിയ നയം യുഎന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. കിഴക്കന്‍ ജറുസലേം ഇസ്രയേല്‍ കൈവശം വെച്ചിരിക്കുകയാണെന്നാണ് യുഎന്‍ നിലപാട്.

ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ 4500 പലസ്തീനികള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും എണ്ണം വ്യക്തമല്ല. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 28 പലസ്തീനുകള്‍ അറസ്റ്റിലായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.