പാനൂര്‍: ഗെയ്ല് പദ്ധതിക്കെതിരെ പാനൂരിലും ജനരോഷം. കൂറ്റേരി ഭാഗത്ത് കഴിഞ്ഞ ദിവസമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പൈപ്പിടാനായി കാര്‍ഷിക ഉഭയങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചത്. ഇതിനെ ഇന്നലെ പാലക്കൂല്‍, കൂറ്റേരി ഭാഗത്തെ ജനങ്ങള്‍ ചോദ്യം ചെയ്തു. ഗെയ്ല് ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാനൂര്‍ സിഐ വിവി.ബെന്നി, എസ്ഐ.ഷൈജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഗെയ്ല് പ്രതിനിധികളും നാട്ടുകാരും സിഐ.യുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. സ്ഥലം ഏറ്റെടുക്കപ്പെടുന്ന ഉടമകള്‍ക്ക് നഷ്ട പരിഹാരത്തില്‍ വ്യക്തത വേണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കണമെന്നത് അംഗീകരിച്ചതോടെ തല്ക്കാലം സമരം അവസാനിപ്പിക്കുകയായിരുന്നു. നാട്ടുകാരുമായി ആലോചിച്ച് വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ തീരുമാനിക്കുമെന്ന് പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ മഠപ്പുര ചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: