ജില്ലാ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണം പ്രതിസന്ധിയില്‍

Sunday 10 December 2017 1:00 am IST

പത്തനംതിട്ട: ജില്ലാ ആസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം പ്രതിസന്ധിയില്‍. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പത്തനംതിട്ടയ്ക്ക് നഷ്ടമാകുമെന്ന ആശങ്കകള്‍ക്കിടയിലാണ് അവകാശ തര്‍ക്കത്തിന്റെ പേരില്‍ സ്റ്റേഡിയ നിര്‍മ്മാണത്തെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നത്.
നഗരസഭയും സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മിലുളള തര്‍ക്കത്തെതുടര്‍ന്ന് 50 കോടിയുടെ പദ്ധതിയാണ് ത്രിശങ്കുവിലായിരിക്കുന്നത്. സ്റ്റേഡിയം നിര്‍മ്മിച്ചാല്‍ അതില്‍നിന്നുമുള്ള വരുമാനം, പരിപാടികള്‍ നടത്താനുളള അവകാശം എന്നിവയെച്ചൊല്ലിയാണ് നഗരസഭയും സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മില്‍ ഇടഞ്ഞത്.
തര്‍ക്കത്തെ തുടര്‍ന്ന് സ്റ്റേഡിയം നിര്‍മ്മിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥരെന്ന നിലയില്‍ നഗരസഭ അനുമതി നല്‍കിയിട്ടില്ല. വരുന്ന ബഡ്ജറ്റിനു മുന്‍പ് അനുമതി ലഭിച്ചില്ലെങ്കില്‍ പദ്ധതി പത്തനംതിട്ടയ്ക്ക് നഷ്ടമാകുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലും വ്യക്തമാക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് ലഭിച്ച ധാരണപത്രം അംഗീകരിക്കാനാവില്ലെന്നാണ് നഗരസഭയുടെ നിലപാട്. ധാരണ പത്രത്തില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ട്. ഇതിനായി സര്‍വ്വ കക്ഷിയോഗവും പ്രത്യേക കൗണ്‍സില്‍ യോഗവും വിളിക്കുമെന്നും നഗരസഭാ അധികൃതര്‍ പറയുന്നു. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെങ്കിലും പരിപാടികള്‍ നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് രണ്ടാഴ്ച മുന്‍പേ അനുവാദം വാങ്ങണമെന്ന വ്യവസ്ഥയാണ് നഗരസഭയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സ്റ്റേഡിയത്തില്‍ നിന്നുളള വരുമാനം ആര്‍ക്ക് എന്നതു സംബന്ധിച്ചും ധാരണയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ അട്ടിമറിക്കാനാണ് നഗരസഭ ഭരണ നേതൃത്വം ശ്രമിക്കുന്നതെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.
മറ്റെല്ലാ ജില്ലകളിലും ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ നഗരസഭകള്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലായിട്ടുണ്ട്. സ്റ്റേഡിയം നിര്‍മ്മിക്കാന്‍ അടൂരിലും റാന്നിയിലും സ്ഥലം അനുവദിക്കാമെന്ന് എംഎല്‍എമാര്‍ കായിക മന്ത്രിയെ അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട അലംഭാവം കാണിച്ചാല്‍ ജില്ലാ ആസ്ഥാനത്തിനു ലഭിക്കേണ്ട വലിയ പദ്ധതി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയുമുയരുന്നു.
പത്തനംതിട്ട സ്വദേശിയായ ബ്‌ളസന്‍ ജോര്‍ജ് എന്ന വോളിബോള്‍ താരത്തിന്റെ പേരിലാണ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ എം എല്‍എയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും മാത്രമാണ് പങ്കെടുത്തിരുന്നത്. ഇതില്‍ നഗരസഭയ്ക്കുളള അതൃപ്തിയും തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കി. ജില്ലാ ആസ്ഥാനത്ത് നടക്കേണ്ട ദേശീയ, സംസ്ഥാന കായിക മത്സരങ്ങള്‍ പൂങ്കാവിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.