ഗോവര്‍ദ്ധനം കുടയാക്കി

Sunday 10 December 2017 2:45 am IST

വര്‍ഷംതോറും ഇന്ദ്രോത്സവം നടത്തുകയെന്നത് വൃന്ദാവനത്തിലെ ഒരാചാരമായിരുന്നു.
‘എന്തിനാണിത്?’ കൃഷ്ണന്‍ നന്ദനോടുതിരക്കി.
‘ഒന്നു ചോദിച്ചോട്ടെ?’ മുത്തശ്ശി ആരാഞ്ഞു: ‘എല്ലാം അറിയുന്ന ഭഗവാന് ഇതറിയില്ലേ?’
‘അതിനുള്ള ഉത്തരം ശുകമഹര്‍ഷി നമുക്ക് പറഞ്ഞുതരുന്നുണ്ട്’-
തദഭിജ്ഞോളപി ഭഗവാന്‍ സര്‍വാത്മാ സര്‍വദര്‍ശനഃ
പ്രശ്രയാവനതോളപൃഛദ്‌വൃദ്ധാന്‍ നന്ദപുരോഗമാന്‍
സര്‍വ്വാത്മാവും സര്‍വദര്‍ശനനുമായ ഭഗവാന്‍, അത് അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ വൃദ്ധന്മാരായ നന്ദാദി ഗോപന്മാരോട് വിനയത്തോടുകൂടി ചോദിച്ചുവെന്നു ഭാഗവതത്തില്‍ കാണുന്നു. കൃഷ്ണന്‍ കുട്ടിയല്ലേ എന്ന മട്ടില്‍ നന്ദന്‍ പറഞ്ഞു: ‘അതറിയില്ലേ കൃഷ്ണാ? പണ്ട് പണ്ട്, രാജ്യകാര്യങ്ങളില്‍ വിരക്തനായ വസു തപം ചെയ്യാനുറച്ചപ്പോള്‍, ഇന്ദ്രന്‍ അദ്ദേഹത്തെ അതില്‍നിന്നു പിന്തിരിപ്പിച്ചു; ശിഷ്ടരക്ഷയ്ക്കായി ദേവരാജന്‍ വസുവിനു വേണുദണ്ഡ് സമ്മാനിച്ചു. ഇന്ദ്രന്‍ നല്‍കിയ വേണുയഷ്ടി വസു മണ്ണില്‍ കുഴിച്ചിട്ടു; പൂജിച്ചു. ഇന്ദ്രന്‍ സംപ്രീതനായി ഭൂമിയില്‍ ക്ഷേമം വളര്‍ത്തി. കാലത്തിന്റെ പാലകനായ ഇന്ദ്രന്റെ പ്രീതിക്കായി, ആ ഓര്‍മനോറ്റ് നാം ഇന്ദ്രോത്സവം നടത്തുന്നു-കിളിപ്പാട്ടില്‍ ഇങ്ങനെ കാണാം.
നിര്‍ണയമോര്‍ത്തറിഞ്ഞീടുക നീയിതും
സസ്യസമ്പൂര്‍ണമായുള്ള ധരിത്രിയും
ഭൂദേവ വളര്‍ത്തുന്നു വത്സരേ വത്സരേ
ആയതിനുള്ള സംഭാര വര്‍ഗമതും
ചെയ്തീടില്‍ നമ്മെ രക്ഷിക്കും ശചീ പതി…
ഗാഥയില്‍ പറയുന്നതെങ്ങനെയെന്നു ചൊല്ലിത്തരൂ.’
മുത്തശ്ശി ചൊല്ലി
ഉത്സവം കൊള്ളേണം വിണ്ണവര്‍നാഥനു
വത്സരം തോറുമെന്നുണ്ടു ഞായം
വാനവര്‍ നായകന്‍ തന്നുടെ ചൊല്ലാലെ
വാരിയെപ്പെയ്യുന്നു വാരിദങ്ങള്‍
കാലത്തു വേണുന്ന വാരിയെപ്പെയ്യിച്ചു
പാലിച്ചുകൊള്ളുവാന്‍ പൂജിക്കുന്നു…
‘കൃഷ്ണന് അപ്പറഞ്ഞതു തീരെ രസിച്ചില്ല, അല്ലേ?’
‘ശരിയാണ്’- മുത്തശ്ശന്‍ തുടര്‍ന്നു: ‘പ്രപഞ്ചമുണ്ടാവുന്നത് രജോഗുണത്തില്‍നിന്നാണ്. രജോഗുണത്തിന്റെ പ്രേരണയാലാണ് മഴ പെയ്യുന്നത്. മേഘങ്ങള്‍ രജസ്സിനാല്‍ പ്രേരിതങ്ങളായി സമുദ്രം, ശീലകള്‍, മരുഭൂമി എന്നിവയിലെല്ലാം ജലം വര്‍ഷിക്കുന്നു. പ്രജകള്‍ അവകൊണ്ടു സസുഖം താമസിക്കുന്നു. ഇതില്‍ ഇന്ദ്രനു എന്തുണ്ടു കാര്യം?
രജസാ ചോദിതാ മേഘാ വര്‍ഷന്ത്യം ബുനിസര്‍വതഃ
പ്രജാസ്‌തൈരേവ സിദ്ധ്യന്തി, മഹേന്ദ്രകിംകരിഷ്യതി? നമ്മള്‍ വനത്തിലും താഴ്‌വരയിലുമെല്ലാം താമസിക്കുന്നവരാണ്. നമുക്ക് ജീവനോപാധികള്‍ തന്ന് നമ്മെ രക്ഷിക്കുന്നത് ഗോവര്‍ദ്ധനപര്‍വതമല്ലേ? പൂജയേല്‍ക്കേണ്ടതു ഗോവര്‍ദ്ധനമാണ്.
ഗോവര്‍ദ്ധനത്തിന്റെ താഴ്‌വര മേല്‍നിന്നു
ഗോരക്ഷ നമ്മുടെ കര്‍മമിപ്പോള്‍
ഗോവര്‍ദ്ധനത്തേയും ഗോക്കളെത്തന്നെയും
പൂജിപ്പൂ നാമിപ്പോളെന്നേ വേണ്ടൂ
മായം കലര്‍ന്നോരു ബാലകനിങ്ങനെ
പേയില്ലയാതെ പറഞ്ഞനേരം
ഗോവര്‍ധനം തന്നെ പൂജിപ്പാനാക്കിനാര്‍
ഗോവിന്ദന്‍ തന്നുടെ ചൊല്ലിനാലെ
ഇന്ദ്ര പൂജയ്ക്കു പകരം ഗോവര്‍ദ്ധന പൂജയാണ് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചത്. ഇന്ദ്രനുപകരം ഗോവര്‍ദ്ധനത്തെപൂജിക്കൂ എന്ന അര്‍ത്ഥത്തിലല്ലാ. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഒരു യജ്ഞം: അതേകൃഷ്ണന്‍ ലക്ഷ്യമാക്കിയുള്ളൂ.
കാലാത്മനാ ഭഗവതാ ശക്രതര്‍പം ജിഘാം സതാ…
അക്കാര്യം ഇന്ദ്രനു മനസ്സിലാക്കാനായില്ല. തനിയ്ക്ക് വിധിച്ച പൂജ കൃഷ്ണന്‍ തടഞ്ഞു എന്നാണ് ദേവരാജന്‍ ധരിച്ചത്. ഏറെ ക്രുദ്ധനായ ശചീപതി, സംഹാരശക്തിയുറ്റ മേഘങ്ങളോട് ഗോകുലത്തെ പ്രളയത്തിലാഴ്ത്താന്‍ കല്‍പ്പിച്ചു:
ഗണം സംവര്‍ത്തകം നാമ മേഘാനാം ചാന്തകാരിണാം
ഇന്ദ്രഃ പ്രചോദയാത് ക്രുദ്ധോ വാക്യം
ചാഹേശമാന്യുത
ഗാഥയില്‍ അത് വര്‍ണിക്കുന്നത് ചൊല്ലിത്തരൂ-
മുത്തശ്ശി ചൊല്ലി-
മുപ്പാരിനെപ്പേരും മുക്കുവാന്‍ കെല്‍പ്പാര്‍ന്ന
കല്‍പാന്ത മേഘങ്ങള്‍ പോന്നുവന്നു
തൂകിത്തുടങ്ങീതങ്ങാകാശം തന്നിലേ
പാകിനിന്നീടന മേഘമെല്ലാം
നന്ദന്തുടങ്ങിയ വൃദ്ധന്മാരെല്ലാരും
നിന്നുപൊറുക്കരുതാഞ്ഞു ചെമ്മേ
പാലിച്ചുകൊള്ളേണം കണ്ണായെന്നിങ്ങനെ
വാവിട്ടുചൊല്ലിനാരെല്ലാരുമേ
കൃഷ്ണന്‍ മനസ്സില്‍ പറഞ്ഞു: യാഗം മുടങ്ങിയതില്‍ കോപിച്ച് ദേവരാജന്‍ നമ്മെ നശിപ്പിക്കാനൊരുങ്ങുകയാണ്. എന്റെ വാക്കുകേട്ട ഗോകുലവാസികളെ രക്ഷിക്കാനുള്ള ബാധ്യത എനിക്കുണ്ട്. എന്റെയാ ബാധ്യത ഞാന്‍ നിറവേറ്റുമ്പോള്‍, താന്‍ ജഗദീശ്വരനാണെന്ന ഇന്ദ്രന്റെ അഹങ്കാരത്തിനു ശമനം കിട്ടും.
തത്ര പ്രതിവിധിം സമ്യഗാത്മയോഗേന സാധയേ
ലോകേശമാനിനാം മൗഢ്യാദ്ധരിഷ്യേ ശ്രീമദം തമഃ
കൃഷ്ണന്‍ ഗോകുലവാസികളെ ഏവരേയും വിളിച്ച് ഗോവര്‍ധനപര്‍വതത്തിനരികിലെത്തി.
പെട്ടെന്നു ചെന്നവന്‍ മുഷ്ടി ചുരുട്ടീട്ടു
മുട്ടിനാന്‍ കുന്നിനെയൊന്നുമെല്ലെ
കട്ടക്കിടാവുതന്‍ കൈത്തലം കൊണ്ടുള്ള
മുഷ്ടിയെത്തന്മെയ്യിലേറ്റ നേരം
ഞെട്ടിനിന്നുള്ളൊരു കുന്നുതാനെന്നപ്പോള്‍
വട്ടംതിരിഞ്ഞു തുടങ്ങി മെല്ലെ
ഇങ്ങനെ കണ്ടൊരു നന്ദകുമാരകന്‍
പൊങ്ങിച്ചുനിന്നാനക്കുന്നു മെല്ലെ
വാമമായുള്ളൊരു പാണിതലംകൊണ്ടു
വാരുറ്റുനിന്നങ്ങുയര്‍ത്തിച്ചൊന്നാന്‍
എങ്കൈയ്യിലുള്ളൊരു വന്‍ കുന്നുകീഴിലേ
വന്നിങ്ങു നുഴൂവിന്‍ നിങ്ങളെല്ലാം
ഭഗവാന്‍ പറഞ്ഞു: മഴയും കാറ്റും നിങ്ങളെ ബാധിക്കില്ല. ഈ പര്‍വതം എന്റെ വിരലറ്റത്തുനിന്ന് താഴെ വീഴുമെന്നും ഭീതിവേണ്ടാ…
ഗോകുലവാസികളെല്ലാം, പശുക്കള്‍ക്കാപ്പം ആ പര്‍വതത്തിന്റെ ചുവട്ടില്‍ വന്നുനിന്നു. അവര്‍ വിശപ്പറിഞ്ഞില്ല. സമയം പോവുന്നതറിഞ്ഞില്ല. ഏഴുദിവസം അവര്‍ ആ നിലയില്‍ കഴിച്ചുകൂട്ടി.
കൃഷ്ണന്റെ യോഗഭാവം കണ്ട ഇന്ദ്രന്‍, ഗര്‍വ് നിശ്ശേഷം വെടിഞ്ഞ് മേഘങ്ങളെ പിന്‍വലിച്ചു. മാനം തെളിഞ്ഞു.
മേഘങ്ങള്‍ വേറായി മേളം കലര്‍ന്നുള്ളോ-
രാകാശം കണ്ടുടന്‍ ചൊന്നാന്‍ കണ്ണന്‍
നിര്‍ഗമിച്ചെന്നാലുമിന്നിങ്ങളെല്ലാരും
വ്യഗ്രമായുള്ളതു പോയാതായി
കുന്നിനു കീഴായോരെല്ലാരു മവ്വണ്ണം
ഒന്നാകെനിന്നു പുറത്തുപോന്നാര്‍
നന്ദകുമാരനും കുന്നിനെയന്നേരം
മന്ദമിറക്കിത്താന്‍ കയ്യില്‍ നിന്നും
ഭൂതലം തന്നിലേ മെല്ലവേയാക്കിനാന്‍
ഭൂതങ്ങളെല്ലാമേ കണ്ടിരിക്കേ
വാനവര്‍കോനായ വാസവന്‍ തന്നിലെ
സാനന്ദം മാനിച്ചു വാഴ്ത്തിനിന്നാന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.