ബിഎംഎസ് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

Sunday 10 December 2017 2:00 am IST

കരുത്തറിയിച്ച് ശക്തിപ്രകടനം
ചെങ്ങന്നൂര്‍: തൊഴില്‍ മേഖലയില്‍ അവകാശപ്പോരാട്ടങ്ങളുടെ ഈറ്റില്ലമായ ജില്ലയില്‍ സംഘടനാ ശക്തിയുടെ കരുത്ത് തെളിയിച്ച് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ജില്ലാ സമ്മേളനത്തിന് തുടക്കം.
ഭാരതത്തിലെ ഏറ്റവു വലിയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ മേഖലയായ ചെങ്ങന്നൂരില്‍ നടത്തിയ ശക്തിപ്രകടനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ അണിനിരന്നു. സംഘടനാ ചിഹ്നം ആലേഖനം ചെയ്ത കാവി പതാകയേന്തി ജില്ലയുടെ വിവിധ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ അണിനിരന്നതോടെ നഗരം കാവിക്കടലായി.
ചെങ്ങന്നൂര്‍ ഐടിഐ ജങ്ഷനില്‍ നിന്നും പ്രകടനം ആരംഭിച്ചു. മുന്‍ നിരയില്‍ ബിഎംഎസ് പതാകയേന്തി ജില്ലാ ഭാരവാഹികളും കമ്മറ്റി അംഗങ്ങളും അണിനിരന്നു. തനതു കലാരൂപങ്ങളും, പരമ്പരാഗത വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും മാറ്റുകൂട്ടി. നഗരം ചുറ്റിയ പ്രകടനം പൊതുസമ്മേളന വേദിയായ മാര്‍ക്കറ്റ് റോഡില്‍ സമാപിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പ്രാവിന്‍കൂട് ആറാട്ടുകടവ് പാലം മുതല്‍ കാരയ്ക്കാടുവരെ വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ബിഎംഎസ് പതാകകള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും അലങ്കരിച്ചിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ വാഹന ക്രമീകരണത്തിനായി നൂറോളം വാളണ്ടിയര്‍മാരെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിയോഗിച്ചിരുന്നു.
പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ കുടിവെള്ള വിതരണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.കെ. ശിവദാസ്, കെ. കൃഷ്ണന്‍കുട്ടി, പി.ബി. പുരുഷോത്തമന്‍, സി. ചന്ദ്രലത, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സി. ഗോപകുമാര്‍, അനിയന്‍സ്വാമിച്ചിറ, പി. ശ്രീകുമാര്‍, അഡ്വ. ശ്രീദേവി പ്രതാപ്, എന്‍. വേണുഗോപാല്‍, ബി. സുഭാഷ്, ജില്ലാ ഖജാന്‍ജി ബിനീഷ്‌ബോയ് എന്നിവര്‍ നേതൃത്വം നല്‍കി. ആര്‍എസ്എസ് വിഭാഗ് കാര്യാലയത്തില്‍ ജില്ലാ ഭാരവാഹിയോഗവും നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.