ശാരദാദേവിയുടെ സ്വഭാവവൈശിഷ്ട്യം

Sunday 10 December 2017 2:45 am IST

മാതൃദേവിയുടെ മൈത്രേയീഭാവത്തെ പരിശോധിക്കാം. യാജ്ഞവല്‍ക്യമഹര്‍ഷിയുടെ രണ്ടു പത്‌നിമാരാണ് കാത്ത്യായനിയും മൈത്രേയിയും. കാത്ത്യായനി നല്ല ഒരു കുടുംബിനിയായി മഹര്‍ഷിയുടെ ഗൃഹസ്ഥാശ്രമത്തിന് താങ്ങും തണലുമായി നിന്നു. മൈത്രേയിയുടെ ലക്ഷ്യമാകട്ടെ കുടുംബജീവിതമായിരുന്നില്ല, പകരം മഹര്‍ഷിയില്‍ നിന്ന് ആത്മവിദ്യ നേടി എടുക്കലായിരുന്നു. അതുകൊണ്ട് ഭാര്യയെന്നതിനേക്കാള്‍ ഒരു ശിഷ്യ എന്ന നിലയ്ക്കാണ് മൈത്രേയി ആശ്രമത്തില്‍ കഴിഞ്ഞിരുന്നത്. അതിനിടയിലാണ് ഒരു ദിവസം താന്‍ ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് പോകാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും തന്റെ ലൗകികസമ്പത്ത് രണ്ടുഭാര്യമാര്‍ക്കുമായി പങ്കുവെച്ചിട്ടുണ്ടെന്നും മഹര്‍ഷി അറിയിക്കുന്നത്. കാത്ത്യായനി ഭര്‍ത്തൃനിശ്ചയം തലകുനിച്ച് സമ്മതിച്ചു.

മൈത്രേയിയാകട്ടെ ഭര്‍ത്താവും ഗുരുവുമായ യാജ്ഞവല്‍ക്യനില്‍നിന്ന് തനിക്കുവേണ്ടത് അമരത്വത്തിന്റെ ജ്ഞാനമാണെന്നും, ഭൗതികസമ്പത്തുകള്‍ തനിക്ക് ആവശ്യമില്ലെന്നും നിശ്ചയിച്ചുറപ്പിച്ചു പറഞ്ഞു. അനന്തരം മൈത്രേയിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് അവള്‍ക്ക് മഹര്‍ഷി നല്‍കുന്ന ഉത്കൃഷ്ടമായ ആത്മജ്ഞാനം സ്‌നേഹത്തിന്റെ അര്‍ത്ഥവും, ആഴവും, വ്യാപ്തിയും, ഔന്നത്യവും നമുക്ക് വെളിവാക്കിത്തരുന്നു.

സ്വതസിദ്ധമായ വാസനയാലും മഹര്‍ഷിയുടെ ഭാര്യയായി ലഭിച്ച നിരന്തര സത്സംഗത്താലും മൈത്രേയിയില്‍ എന്തെന്നില്ലാത്ത ബ്രഹ്മജിജ്ഞാസയും ഭോഗവൈമുഖ്യവും വളര്‍ന്നു കഴിഞ്ഞിരുന്നു. പരമസത്യം ഉള്‍ക്കൊള്ളാനുള്ള ബുദ്ധികൂര്‍മ്മതയും മാനസിക സന്നദ്ധതയും മഹര്‍ഷിയെ അതീവ സന്തുഷ്ടനാക്കുന്നു.തനിക്ക് ലോകത്തിനു നല്‍കാനുള്ള ആത്മജ്ഞാനം ഉള്‍ക്കൊള്ളാന്‍ പറ്റിയ ഭാജനമാണെന്നറിഞ്ഞുകൊണ്ടാണ് മഹര്‍ഷി ജീവിതമഹാതത്വം ഉപദേശിക്കാന്‍ തുടങ്ങുന്നത്. (ശ്രീരാമകൃഷ്ണ-ശാരദാ ജീവിതത്തില്‍ നാം കാണുന്നതും ഇതിന്റെ ആവര്‍ത്തനം തന്നെയല്ലെ)

ആ സംവാദത്തിന്റെ സംക്ഷിപ്ത വ്യാഖ്യാനം ഇപ്രകാരമാണ്.
”വെറും കാമത്തിന്നു വേണ്ടിയല്ല ഭര്‍ത്താവു പ്രിയനായിരിക്കുന്നത്, ആത്മാവിന്റെ കാമത്തിനായിട്ടാണ്. ഭാര്യയുടെ കാമത്തിന്നായിട്ടല്ല ഭാര്യ പ്രിയയായിരിക്കുന്നത്, ആത്മാവിന്റെ കാമത്തിനായിട്ടാണ്. ഇപ്രകാരം, പുത്രന്മാരുടെ, ധനത്തിന്റെ, ബ്രാഹ്മണന്റെ, ക്ഷത്രിയന്റെ, ലോകങ്ങളുടെ, ദേവന്മാരുടെ, ജീവികളുടെ, സര്‍വത്തിന്റേയും കാമത്തിന്നായിട്ടല്ല, ആത്മാവിന്റെ കാമത്തിനായിട്ടാണ് അവയോരോന്നും പ്രിയമായിരിക്കുന്നതെന്നു പറയുന്നു. മൈത്രേയി, ആത്മാവാകുന്നു ദര്‍ശിക്കപ്പെടേണ്ടതും, ശ്രവിക്കപ്പെടേണ്ടതും, മനനം ചെയ്യേണ്ടതും, ധ്യാനിക്കപ്പെടേണ്ടതും. ആത്മാവിന്റെ തന്നെ ദര്‍ശനം കൊണ്ട്, ശ്രവണം കൊണ്ട്, മനനം കൊണ്ട്, വിജ്ഞാനം കൊണ്ട് ഇതെല്ലാം അറിയപ്പെട്ടതായിത്തീരുന്നു.”

ശ്രവണം, മനനം, നിദിധ്യാസം ഇവ മൂന്നും ചേര്‍ന്നതാണ് ആത്മദര്‍ശനത്തിലേക്കുള്ള ഗതി അല്ലെങ്കില്‍ ഉപാസന. ഇതിലോരോന്നും വളരെ മുഖ്യതയേറിയതാണ്. ശ്രവണം എന്നാല്‍ ആത്മോപദേശത്തെ പൂര്‍ണ്ണശ്രദ്ധയോടെ ആത്മാവിനെ മാത്രം ലക്ഷ്യമാക്കിക്കൊണ്ട് കേള്‍ക്കുന്നത്. മനനം എന്നാല്‍ മനസ്സ് വൃത്തികൂടാതെ ഇന്ദ്രിയങ്ങള്‍ ഉദിക്കാതെ ലയരൂപത്തില്‍ പ്രാണനിലേക്കുയരുന്നത്. നിദിധ്യാസം എന്നാല്‍ ബ്രഹ്മവുമായി ഐക്യമെത്തിയ നില്‍പ്പ് -ദര്‍ശനം എന്നും ഇതിനെ പറയും. അതായത് ‘അന്യ’മായി ഒന്നും ദര്‍ശിക്കാത്ത നിലയില്‍ എത്തുന്നതാണ് ദര്‍ശനം.

ആത്മാര്‍ത്ഥമായ ഏത് ഇച്ഛയും ആത്മാവിന്നുവേണ്ടിയുള്ളതാണ്. അതായത് ലൗകികവും ഭൗതികവുമായ പ്രയോജന ചിന്ത കൂടാത്ത തീവ്രമമതകള്‍ക്ക് പിന്നിലുള്ള ഞാന്‍ ആണ് ‘ആത്മാവ്’ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്. മമതാവികാരത്തിന്റെ പ്രവര്‍ത്തനമണ്ഡലം കുടുംബബന്ധങ്ങളില്‍ നിന്ന് അതീതമായി ജീവികള്‍, മനുഷ്യസമുദായങ്ങള്‍, ദേവന്മാര്‍ എന്നീ തലങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ പ്രയോജനചിന്തയേക്കാള്‍ ഉപരി സ്‌നേഹിക്കുന്നതില്‍ നിന്ന് ആത്മാവിന്ന് ലഭിക്കുന്നത് സംതൃപ്തിയാണ്. ഈ സംതൃപ്തിയുടെ സ്വഭാവമാകട്ടെ കൊടുക്കണം എന്ന വാഞ്ഛയാണ്. ഉപനിഷത്തുക്കളില്‍ സൂചിപ്പിച്ചിരിക്കുന്ന ഏകീഭൂതത്വമാണിത്. സമസ്ത ജീവികളോടുമുള്ള സ്‌നേഹംകൊണ്ട് തന്റേതായ എല്ലാം ത്യജിക്കുവാനുള്ള സന്നദ്ധത. തന്നെത്തന്നെ മറന്ന് ആര്‍ ആരെ സ്‌നേഹിക്കുമ്പോഴും അന്തരാത്മാവ് ധന്യമാകുന്നു. ആ ധന്യത സദാ സ്വസ്വഭാവത്തിന്റെ ഭാഗമാക്കാന്‍ സാധിച്ചാല്‍ ‘അന്യം’ എന്ന തോന്നല്‍ ഉണ്ടാകുകയില്ല. ഇതായിരുന്നു മാതൃദേവിയുടെ സ്വഭാവവൈശിഷ്ട്യം.

വ്യാസഭഗവാനില്‍നിന്ന് ആത്മജ്ഞാനം നേടിയ ശ്രീശുകന്റെ മനോവികാസമാണ് അദ്ദേഹത്തെ സര്‍വ്വഭൂതഹൃദയനായ മുനിയായി ഉയര്‍ത്തിയത്. കപിലവാസുദേവന്‍ തന്റെ അമ്മയായ ദേവഹൂതിക്കു നല്‍കിയ ഉള്‍ക്കാഴ്ചയും ഇത്തരത്തിലുള്ളതായിരുന്നു. ”അഥ മാം സര്‍വഭൂതേഷു ഭൂതാത്മാനം കൃതാലയം, അര്‍ഹയേദ്ദാനമാനാഭ്യാം മൈത്ര്യാഭിന്നേന ചക്ഷുഷാ”. (ഭാഗവതം 3-29-27). ഇതേപോലെ സ്‌നേഹിക്കുക എന്നതിന്ന് സ്വന്തം ആത്മാവിനെത്തന്നെ എല്ലാത്തിലും ദര്‍ശിക്കുക, കണ്ടറിഞ്ഞാരാധിക്കുക എന്ന അത്യുന്നതവും അത്യത്ഭുതവുമായ ഒരു തലത്തിലാണ് മാതൃദേവി തന്നെത്തന്നെ പ്രതിഷ്ഠിച്ചത്.

അമ്മയുടെ ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തേയും നാം വിശകലനം ചെയ്യുമ്പോള്‍ അവിടെ കാണുന്നത് ഗാര്‍ഗ്ഗിക്ക് ലഭിച്ച ആത്മജ്ഞാനത്തിന്റെ വെളിച്ചവും മൈത്രേയി നേടിയെടുത്ത ആത്മവികാസത്തിന്റെ ധന്യതയുമാണ്. ശ്രീരാമകൃഷ്ണ ശിഷ്യോത്തമന്മാരില്‍ ചിലരെങ്കിലും മാതൃദേവിയുടെ ഈ ബ്രഹ്മാത്മൈക്യ സ്വരൂപത്തെ മനസ്സിലാക്കുകയും സ്വയം അനുഭവിച്ചറിഞ്ഞിരിക്കുകയും ചെയ്തിരിക്കണം എന്നത് നിഃസന്ദേഹമാണ്. അവര്‍ പകര്‍ന്നു നല്‍കിയ ഉള്‍ക്കാഴ്ച്ചയാണ് ദേവിയെ ദിവ്യമാതാവായി അവരോധിക്കുവാനും ആരാധിക്കുവാനും അവരുടെ ദിവ്യനാമത്തില്‍ ഒരു സന്ന്യാസിനീസംഘത്തിന്ന് രൂപം കൊടുക്കുവാനും ശ്രീരാമകൃഷ്ണശിഷ്യന്മാര്‍ക്ക് സാധിച്ചത്. ഗാര്‍ഗ്ഗി-മൈത്രേയിമാരുടെ ധിഷണാശക്തിയും മനോവികാസവും സിദ്ധിച്ച് മാതൃത്ത്വത്തിന്ന് പൂര്‍ണ്ണത നല്‍കാന്‍ പരബ്രഹ്മസ്വരൂപിണിയായ അമ്മയുടെ അനുഗ്രഹത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.