മുരിക്കടി കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നു: ബിജെപി

Saturday 9 December 2017 9:13 pm IST

 

കുമളി: മുരിക്കടിയില്‍ നാലംഗ ദളിത് കുടുംബത്തെ കോടതി ഉത്തരവ് ലംഘിച്ച് ബലം പ്രയോഗിച്ച് ഇറക്കി വിട്ട് സിപിഎം ഓഫീസ് സ്ഥാപിച്ച കേസിലെ പ്രതികളെ പോലീസ് സംരക്ഷിയ്ക്കുകയാണെന്ന് ബിജെപി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് നിലനില്‍ക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കക്ഷികളോടൊപ്പം എത്തിയ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല.
ഇത് പോലീസ് സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും ബിജെപി ആരോപിച്ചു. കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം-സിപിഐ ധാരണയായിട്ടുണ്ട്.
നിയമം നടപ്പിലാക്കേണ്ട പോലീസ് ഒരേ സമയം ഇരയോടും വേട്ടക്കാരനോടും ഒപ്പം ഓടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പീഡനത്തിനിരയായവരെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിച്ചുവരുത്തി പണം വാങ്ങി പ്രശ്‌നം ഒതുക്കിത്തീര്‍ക്കണമെന്ന് ആവശ്യപെടുകയാണ് ചെയ്തതെന്നും ബിജെപി ആരോപിച്ചു. സ്വന്തം നിയോജകമണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ പെട്ട ദളിത് കുടുംബത്തെ ആക്രമിച്ച് തെരുവിലിറക്കിയിട്ടും എംഎല്‍എ ഇ.എസ്. ബിജിമോളുടെ മൗനം സംശയാസ്പദമാണ്.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍, നിയോജക മണ്ഡലം പ്രസിഡന്റ് സി. സന്തോഷ്‌കുമാര്‍, ജന. സെക്രട്ടറി എ.ജി. മണി, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് വി.എന്‍. പഞ്ചായത്ത് സെക്രട്ടറി എന്‍.വി. ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഒരു ലക്ഷം രൂപ വാങ്ങി വീട് വിട്ടുനല്‍കാന്‍ കേസ് ഒത്തുതീര്‍പ്പാക്കാനും ധാരണയായതായാണ് വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.