പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി

Saturday 9 December 2017 10:09 pm IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്പനയ്ക്കായി കൊണ്ടുവന്ന 100 കിലോയോളം നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം വള്ളുവമ്പ്രം അത്താണിക്കല്‍ സ്വദേശി ബിജേഷ് (38) കോഴിക്കോട് റെഡ്‌ക്രോസ് പടിഞ്ഞാറെ കൊട്ടുക്കണ്ടി സ്വദേശി വിനിരാജ്(29 ) എന്നിവരാണ് അഴ്ചവട്ടത്തുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനടുത്ത് വെച്ച് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാളി രാജ് മഹേഷ് കുമാറി ന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ കടകള്‍ കേന്ദ്രീകരിച്ച് സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അന്വേഷണത്തിന്റെ ഭാഗമായി പലരില്‍ നിന്നും വിനിരാജ് എന്ന യുവാവാണ് നഗരപരിധിയിലെ കടകളില്‍ ഹാന്‍സ് വില്പനയ്ക്കായി എത്തിച്ചിരുന്നതെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിനിരാജിനെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സുഹൃത്തായ മലപ്പുറം സ്വദേശി ബിജേഷ് എന്ന ആളാണ് വിനിരാജിന് ഹാന്‍സ് എത്തിച്ച് നല്‍കുന്നതെന്ന് മനസിലാക്കിയ പോലീസ് ശനിയാഴ്ച പകല്‍ മഫ്ത്തിയില്‍ ഇവരെ പിന്‍തുടര്‍ന്നു. കസബ സബ്ബ് ഇന്‍സ്‌പെക്ടര്‍ സിജിത്തിന്റെ നേതൃത്വത്തില്‍ കസബ പോലീസും സിറ്റി ആന്റി നാര്‍കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്ന് ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ കാറില്‍ നിന്നും 6 ചാക്കുകളിലായി 100 കിലോയോളം നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ലിപ്പ് എന്നിവ പിടികൂടിയത്.
മുന്‍പ് റെയില്‍വേയില്‍ സ്വകാര്യ കമ്പനിയുടെ കാര്‍ഗോ സര്‍വീസിന്റെ സ്റ്റാഫായിരുന്ന ബിജേഷ് ട്രയിന്‍ മാര്‍ഗ്ഗം മംഗലാപുരത്ത് നിന്നാണ് ഹാന്‍സ് കേരളത്തില്‍ എത്തിച്ചിരുന്നത്. കേരളത്തില്‍ ഇത്തരം പുകയില ഉല്‍പന്നങ്ങള്‍ നിയമപരമായി നിരോധിച്ച കാലം മുതല്‍ ഇവര്‍ ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.
ഇവര്‍ക്കെതിരെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്പന നടത്തിയതിന് വേറെയും കേസുകള്‍ ഉണ്ട്. കോഴിക്കോട്‌സിറ്റിയില്‍ ആദ്യമായാണ് ഇത്രയധികം നിരോധിത പുകയില ഉല്‍പന്നം പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മറ്റു പലരും ഇത്തരം കച്ചവടം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഈ കച്ചവടത്തിലെ ലാഭം ഉപയോഗിച്ച് ഇവര്‍ ഒരുമിച്ച് ടാഗോര്‍ ഹാളിന് സമീപത്തെ വിനിരാജിന്റെ കടയില്‍ അടുത്ത ആഴ്ച ഹോട്ടല്‍ തുടങ്ങാനിരിക്കുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം
കസബ എസ് ഐമാരായ സിജിത്ത്, രാംജിത്ത്, സിപിഒ മാരായ മഹേഷ് ബാബു, ബിനില്‍ ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായരാജീവ് ,ഷാജി ,ജോമോന്‍, അനുജിത്ത് ,നവീന്‍, സോജി ,രജിത്ത്ചന്ദ്രന്‍, രതീഷ്, ജിനേഷ് ,സുമേഷ് എന്നിവര്‍ ഉള്‍പ്പെട്ട അംഗങ്ങളാണ് ആസൂത്രിതമായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.