കോണ്‍ഗ്രസ്-പാക് കൂട്ടുകെട്ട്

Sunday 10 December 2017 9:39 am IST

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ ദല്‍ഹിയിലെ വീട്ടില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറും മുന്‍ വിദേശകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് ദുരൂഹമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. പാക്കിസ്ഥാനും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെന്ന് പാലന്‍പൂരില്‍ തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ സംസാരിക്കവെ മോദി ആരോപിച്ചു.

മോദിയെ നീച് ആദ്മി(നികൃഷ്ടന്‍) എന്നു അയ്യര്‍ വിളിച്ചതിന്റെ തൊട്ടു തലേന്നായിരുന്നു ഈ കൂടിക്കാഴ്ച. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്ട്രപതിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു എന്നും മോദി പറഞ്ഞു. ഉപരാഷ്ട്രപതിയുടെ പേര് മോദി പറഞ്ഞില്ല. എന്നാല്‍ ഗാന്ധിനഗറില്‍ മാധ്യമപ്രതിനിധികളോടു സംസാരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, അത് ഹമീദ് അന്‍സാരിയായിരുന്നു എന്നു വെളിപ്പെടുത്തി.

എന്തിനായിരുന്നു അത്തരത്തിലൊരു രഹസ്യ കൂടിക്കാഴ്ച, അതും ഗുജറാത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന ഈ ഘട്ടത്തില്‍ , മോദി ചോദിച്ചു. ഈ യോഗത്തിനു ശേഷമാണ് അയ്യര്‍ തന്നെ നീചന്‍ എന്നു വിളിച്ചതെന്നും മോദി പറഞ്ഞു.

ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നപ്പോള്‍ തനിക്കു സംശയം തോന്നി. എന്നാല്‍ കുറച്ചു ദിവസം മുമ്പുള്ള മറ്റൊരു കാര്യം ആലോചിച്ചപ്പോള്‍ ആ സംശയം മാറി. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണം എന്ന് പാക് കരസേനയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ അര്‍ഷദ് റഫീഖ് ആവശ്യപ്പട്ടതുമായി അയ്യറുടെ വീട്ടിലെ കൂടിക്കാഴ്ചയെ കൂട്ടിവായിച്ചാല്‍ കോണ്‍ഗ്രസ് -പാക് കൂട്ടുകെട്ടു മനസിലാവും, മോദി പറഞ്ഞു.

മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ പാക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന്റെ പിറ്റേന്നാണ്, തന്നേയും ഗുജറാത്തിലെ പിന്നാക്ക വിഭാഗങ്ങളേയും പാവപ്പെട്ടവരേയും അയ്യര്‍ അധിക്ഷേപിച്ചത്. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കണം എന്ന് പാക് സൈന്യത്തില്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ ആവശ്യപ്പടുന്നതെന്തിനാണ്? ഇത്തരം ആവശ്യങ്ങളും കൂടിക്കാഴ്ചകളും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നില്ലേ? അതെല്ലാം ആശങ്കാജനകങ്ങളല്ലേ? പ്രധാനമന്ത്രി ചോദിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.