വരുമാനം എത്രവരെ, എന്തിന് ?

Monday 11 December 2017 2:45 am IST

ഭാഗവതം ഇനി പറയുന്നതാണ് തുളഞ്ഞുകയറുന്ന താക്കീത്. വയറ്റിപ്പിഴപ്പിനുള്ളതേ ആശിയ്ക്കാവൂ. കൂടുതലുള്ളതില്‍ മമത പുലര്‍ത്തുന്നവന്‍ ചോരനാണത്രെ. കള്ളനുള്ള ശിക്ഷ അമിതഭോഗിയ്ക്കും ഉണ്ട്.  ലോഭവും ആര്‍ത്തിയും പിടിപെട്ടു നട്ടംതിരിയുന്ന മനസ്സിനെ തടയിടാന്‍ ഇതിലേറെ എന്തുവേണം?അത്യാവശ്യം അധികസാധനങ്ങളുണ്ടായാലോ എന്നൊരു ചോദ്യമുയരാം.

ഇവിടെയാണ് ഉദാരമനസ്സിന്റെ പ്രസക്തി. സഹജീവികള്‍ ചുറ്റുമുണ്ടല്ലോ. മാന്‍, കഴുത, ഒട്ടകം, എലി, കുരങ്ങ്, ഇഴജന്തുക്കള്‍, തുടങ്ങി എല്ലാറ്റിനും ഗൃഹസ്ഥന്‍ തീറ്റകൊടുത്തു പരിശീലിയ്ക്കണം. തന്നെപ്പോലെതന്നെ മറ്റെല്ലാം. തനിക്കു വിശക്കുംപോലെയാണ് അവയ്ക്കും. ഇതരജീവികളില്‍ തോന്നുന്ന സ്‌നേഹമമതാഭാവങ്ങള്‍, സ്വാര്‍ഥത കുറയ്ക്കാനും പരാര്‍ഥത വളര്‍ത്താനും ഉപകരിക്കും. മനസ്സിന്റെ വിശാലതയും സാര്‍വത്രികമായ ഭഗവദ്ദര്‍ശനവും ഒരുമിച്ചുപോകുന്നതാണ്.

ഗൃഹസ്ഥന്മാര്‍ക്കു കുടുംബം നടത്തുന്നതിനായി ജോലിയും വരുമാനവും ആവശ്യമാണെന്നു സമ്മതിക്കാം. ഇന്നത്തെ കാലത്ത് ഉദ്യോഗം, ശമ്പളം, ബോണസ്സ്, പ്രോവിഡണ്ട്ഫണ്ട്, പെന്‍ഷന്‍ എന്നിവ സാര്‍വത്രികമാണല്ലോ.  ജീവിതം സുഗമമാക്കാന്‍ സഹായിക്കുന്നതാണ് ഇതൊക്കെ. എല്ലാറ്റില്‍നിന്നും ലഭിയ്ക്കുന്നതാണ് കുടുംബവരുമാനം. ഇത് എത്രത്തോളം വേണമെന്നതാണ് പ്രധാനപരിഗണന.

കാലക്ഷേപം ഉറപ്പുവരുത്താനായി ഏതുവരെ എന്തൊക്കെ മനുഷ്യനു ചെയ്യാം, ചെയ്താല്‍ ശരിയാകും എന്ന് ഓരോ ഗൃഹസ്ഥനും സ്വയം ചോദിയ്‌ക്കേണ്ടതാണ്.വരുമാനമുണ്ടാക്കി, അതു ശേഖരിച്ചുവെച്ച,് നിക്ഷേപങ്ങളാക്കി ഭൂസ്വത്തും കെട്ടിടങ്ങളുമാക്കിത്തീര്‍ത്തു  മക്കള്‍ക്ക് എഴുതിവെച്ചു മരിയ്ക്കുന്നവരാണല്ലോ പലരും. ഈ ഗതി ശരിയോ? വരുമാനത്തിലുള്ള അഭിലാഷത്തി നുതന്നെ ക്രമീകരണം വേണ്ടതല്ലേ?

യല്ലഭസേ നിജകര്‍മോപാത്തം വിത്തം തേന വിനോദയ ചിത്തം എന്നു ശങ്കരാചാര്യര്‍ ‘ഭജഗോവിന്ദ’ (മോഹമുദ്ഗര)ത്തില്‍ നിര്‍ദേശിയ്ക്കുന്നതുതന്നെയാണ് ഭാഗവതമാനദണ്ഡവും. തന്റെ പ്രവൃത്തിയാല്‍  ലഭിയ്ക്കുന്നതുകൊണ്ട് തൃപ്തിപ്പെടണമെന്നുതന്നെ അടിസ്ഥാനതത്ത്വം.

അമിതമായി ജോലിചെയ്യാനോ വരുമാനം വര്‍ധിപ്പിയ്ക്കാനോ നോക്കേണ്ട. വരുമാനവര്‍ധനവാകരുതു ലക്ഷ്യം. ധര്‍മാനുസൃതം പ്രവര്‍ത്തിയ്ക്കുക. തന്മൂലമുള്ള അര്‍ഥം സുഖമായി കഴിയാന്‍ ചെലവുചെയ്യുക. ഇതില്‍ അമിതാവേശം കാണിയ്‌ക്കേണ്ട. തൃപ്തിയും സൗഖ്യവും മനസ്സിലാണ്. ആശയ്ക്കവസാനമില്ല.ഏഴത്തപ്രഭുത്വങ്ങള്‍ ഉള്‍ത്തുഷ്ടിയെ തീണ്ടിക്കൂടാ

ഏഴപ്പെട്ട കുടുംബത്തില്‍ ആയിരംരൂപ ചെലവുചെയ്ത് അമ്പതുപേര്‍ വന്നെത്തി പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നു. പറ്റിയ വരനെ കിട്ടിയിട്ടുണ്ട്. വിവാഹച്ചടങ്ങുകള്‍ ഭംഗിയായി, വന്നവരൊക്കെ സന്തുഷ്ടരാണ്.അതേസമയം അഞ്ചുകോടിരൂപ ചെലവുചെയ്തു ധനികകുടുംബത്തില്‍ അയ്യായിരത്തിലേറെ പേര്‍ വന്നു പെണ്‍കുട്ടിയുടെ കല്യാണം കേമമായി ആഘോഷിക്കുന്നു. വന്നവരില്‍ പലര്‍ക്കും വിമര്‍ശനവും മുറുമുറുപ്പുമാണ്. പറ്റിയ വരനാണ് അവിടേയും. ധനികമാതാവിന്നും ഏഴയമ്മയ്ക്കും അനുഭവപ്പെടുന്ന സന്തോഷത്തിനു വല്ല മാറ്റവുമുണ്ടോ? രണ്ടിടത്തും പരസ്പരപ്രീതിയോടെ ദാമ്പത്യജീവിതമാരംഭിക്കുന്നില്ലേ? ഏതു ചുറ്റുപാടും ബാഹ്യമാണ്, സന്തോഷസൗഭാഗ്യമാകട്ടെ ആന്തരവും!

വയമിഹപരിതുഷ്ടാ വല്കലൈസ്ത്വം ദുകൂലൈഃ സമ ഇവ പരിതോഷോ നിര്‍വിശേഷോ വിശേഷഃസ തു ഭവതു ദരിദ്രോ യസ്യ തൃഷ്ണാ വിശാലാ മനസി ച പരിതുഷ്ടേ കോര്‍ഥവാന്‍ കോ ദരിദ്രഃ (വൈ.ശ.53)

ഞങ്ങള്‍ക്കു മരവുരിയുടുക്കുന്നതിലാണ് സന്തോഷം. താങ്കള്‍ക്കോ, പട്ടുവസ്ത്രം ധരിയ്ക്കുന്നതിലും! എന്നാല്‍ ഇരുവര്‍ക്കുമുണ്ടാകുന്ന സന്തോഷം തുല്യംതന്നെ. വസ്ത്രധാരണത്തില്‍ കാണുന്ന വ്യത്യാസവും  വിശേഷവും മനസ്സിനുബാധകമല്ല. വിശേഷാനുഭവമില്ലെന്നതുതന്നെ വിശേഷം.

സംന്യാസിഗുരു രാജശിഷ്യനോടു പറഞ്ഞ ഈവരികളാണ്ഇതില്‍ പ്രമാ ണം. പട്ടുവസ്ത്രത്തിനുള്ള മാന്യത, മരവുരിയ്ക്കുള്ള മ്ലാനത, ഇതു ശരിയാണെങ്കില്‍ത്തന്നെ, മനസ്തുഷ്ടി വെച്ചുനോക്കുമ്പോള്‍ നിരാകരിക്കപ്പെടുന്നു.

മനസ്സാണ് ധനിക-ദരിദ്രരെ ഉണ്ടാക്കുന്നത്. ആരുടെ ആശയും അത്യാര്‍ത്തിയുമാണോ പടര്‍ന്നുപിടിച്ചുകിടക്കുന്നത് അവന്‍ പടുദരിദ്രന്‍തന്നെ. മനസ്സ് സന്തുഷ്ടമായാല്‍ പിന്നെ അര്‍ഥപുഷ്ടി ഉള്ളവന്‍ ഇല്ലാത്തവന്‍ എന്നിങ്ങനെ ഒരു വ്യത്യാസത്തിനും സ്ഥാനമില്ല, എന്നുകൂടി ഭര്‍തൃഹരി കൂട്ടിച്ചേര്‍ക്കുന്നു. ഇതിലേറെ എന്തുവേണം അമിതഭോഗാശ വിട്ടു മിതവര്‍ത്തിയാകാന്‍?

വിവേകവൈരാഗ്യനിധിയാകണം ഗൃഹസ്ഥന്‍

ഇങ്ങനെ ഗൃഹസ്ഥാശ്രമം സൗകര്യസൗഭാഗ്യങ്ങള്‍ക്കു വഴിവയ്ക്കുന്നതോടൊപ്പം, വിവേകത്തിനും വൈരാഗ്യത്തിനും വേണ്ടത്ര നിര്‍ബന്ധിക്കുന്നതുമാണ്. ശരിയായ ജ്ഞാനസാധനതന്നെ ഗൃഹജീവിതം.വൈവിധ്യബഹുലമാണല്ലോ ലോകം, ഇതു കൂടുതല്‍ പ്രകടമാകുന്നതു മനുഷ്യരിലും.

അവരുടെ കുടുംബങ്ങള്‍ അതിനാല്‍ ഒരുപോലെയിരിക്കില്ല. പൈതൃകപാരമ്പര്യങ്ങള്‍ക്കു വ്യത്യാസമുണ്ടാകും. ദേഹവിഷയത്തിലെന്നപോലെ പഠിപ്പിലും ജീവിതസൗകര്യങ്ങളിലും വൈവിധ്യം കാണും. കൂട്ടായ്മയ്ക്ക് ഇതാവശ്യമാണ്.

ഓരോരുത്തരും അവരവരുടെ സൗകര്യങ്ങള്‍ക്കും കുടുംബരീതികള്‍ക്കും അനുസരിച്ചുവേണം ജീവിയ്ക്കാന്‍. ഉള്ളവന്‍ ഉള്ളതുപോലെ, ഇല്ലാത്തവന്‍ അതിനൊത്ത്. മറ്റുള്ളവരുടേതു കണ്ട് പൊരുത്തപ്പെടാത്ത അഭിലാഷങ്ങളോ ആവശ്യങ്ങളോ വളര്‍ത്തി ദൗര്‍ഭാഗ്യം പിണയ്ക്കരുത്.

കാശും സൗകര്യങ്ങളുമുള്ളവര്‍ ഉപയോഗിയ്ക്കുന്ന സാധനങ്ങളും  വാഹനങ്ങളും മെച്ചപ്പെട്ടതാകാം. മറ്റുള്ളവര്‍ അതുകണ്ട് ഭ്രമിയ്ക്കരുത്. തനിക്കനുസരിച്ചു തന്റെ തോതു ചിട്ടപ്പെടുത്തിയാല്‍ മതി.

മനുഷ്യരില്‍ ബുദ്ധിശക്തിയ്ക്കും വ്യത്യാസങ്ങളുണ്ടാകും. ബുദ്ധിശക്തി കൂടിയവര്‍ക്കു മാര്‍ക്കു കൂടുതല്‍  ലഭിക്കുക സ്വാഭാവികമാണ്, കുറവുള്ളവര്‍ക്ക് അതനുസരിച്ചേ നേടാനാകൂ.

ഉള്ള ബുദ്ധിയെ വേണ്ടതുപോലെ വിനിയോഗിയ്ക്കാനാണ് എല്ലാവരും ശ്രദ്ധിയ്‌ക്കേണ്ടത്. അശ്രദ്ധയും അലസതയും കാണിക്കുന്നതാണ് തെറ്റ്.

വിശാലമായ ലോകത്തില്‍ ഓരോരുത്തന്നുമുണ്ട് അവനവന്റെ സ്ഥാനം. ബുദ്ധികുറഞ്ഞവര്‍ക്കുചേര്‍ന്ന തൊഴിലുകളും ഉദ്യോഗങ്ങളും ഇല്ലാതെ വരില്ല. ബുദ്ധിപ്രവര്‍ത്തകരും മാംസപേശി (മസില്‍) പ്രവര്‍ത്തകരും ചേര്‍ ന്നാലേ രാജ്യത്തിന്റെ ഉത്പന്നക്ഷമത വര്‍ധിയ്ക്കയുള്ളു.

താന്‍ കീഴിലെന്നു കരുതി ആരും സ്വയം ശപിച്ചു ദുര്‍ബലത ക്ഷണിച്ചു വരുത്തരുത്. ലോകത്തില്‍ ഒരാളും അനാവശ്യമോ അധികപ്പറ്റോ അല്ല.

ദേശകാലങ്ങള്‍ക്കും തന്റെ യോഗ്യതയ്ക്കുമനുസരിച്ച തുറ ആര്‍ക്കും കണ്ടെത്താന്‍ കഴിയും. അതില്‍നിന്നു ലഭിക്കുന്ന വരുമാനംകൊണ്ട് ബുദ്ധിപൂര്‍വം ചെലവുചെയ്യാന്‍ പഠിക്കുക. ഇത് ആദര്‍ശവും മൂല്യവുമായിത്തീര്‍ന്നാല്‍, പിന്നെ പൊരുത്തക്കേടു തോന്നില്ലെന്നുമാത്രമല്ല സന്തുഷ്ടിയും സാഫല്യവും തെളിഞ്ഞുപൊന്തുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.