ആത്മാവിന്റെ സാക്ഷാത് സ്വരൂപം

Monday 11 December 2017 2:30 am IST

ആത്മാവിന്റെ സാക്ഷാത് സ്വരൂപത്തെ പറഞ്ഞുതരാന്‍ പോവുകയാണ് അടുത്ത മന്ത്രം മുതല്‍

ന ജായതേമ്രിയതേ വാ വിപശ്ചിത്
നായം കുതശ്ചിന്നബഭൂവകശ്ചിത്
അജോനിത്യഃ ശാശ്വതോയം പുരാണോ
നഹന്യതേ ഹന്യമാനേ ശരീരേ

നിത്യജ്ഞാന സ്വരൂപനായ ആത്മാവ് ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. അത് ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല. അതില്‍നിന്ന് ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ജനനമില്ലാത്തവനും നിത്യനും ക്ഷയമില്ലാത്തവനും പണ്ടേയുള്ളവനും പുതുതായി ഇരിക്കുന്നവനും ശരീരം നശിക്കുമ്പോള്‍ നശിക്കാതിരിക്കുന്നവനുമാണ്. മേധാവിയായ ഈ ആത്മാവിന് ഒരിക്കലും ചൈതന്യലോപം ഇല്ലാത്തതിനാല്‍ നിത്യജ്ഞാനസ്വരൂപനാണ്. ജനനമരണങ്ങളൊന്നുമില്ല.

ആത്മാവ് മറ്റൊരു കാരണത്തില്‍നിന്ന് ഉണ്ടായതല്ല. സ്വയം ഉള്ളതാണ്. അത് മറ്റൊന്നായി മാറുന്നില്ല. ദേഹം മുതലായവയില്‍നിന്ന് വ്യത്യാസപ്പെട്ടതാണ്. ജനനമില്ലാത്തവനും നിത്യനും ശാശ്വതനും പുരാണനുമാണ്.

ഉല്‍പ്പത്തിയും നാശവുമുള്ള വസ്തുക്കള്‍ക്ക് പലതരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. ആ മാറ്റങ്ങളില്‍ ആദ്യത്തേതായ ജനനവും അവസാനത്തേതായ മരണവും ആത്മാവിനില്ലെന്ന് പറഞ്ഞതിനാല്‍ മറ്റുള്ള വികാരങ്ങള്‍ (മാറ്റം) ഇല്ലെന്നറിയണം.

ഒരിക്കലും കുറവുവരാത്ത ചൈതന്യമാകുന്ന സ്വഭാവത്തോടുകൂടിയതാണ് ആത്മാവ് എന്ന് ‘വിപശ്ചിത്’ എന്ന വാക്ക് സൂചിപ്പിക്കുന്നു. ആത്മാവിന് വേറെ കാരണമൊന്നുമില്ല. വേറെ ഒന്നില്‍നിന്നോ തന്നില്‍നിന്നോ ഉണ്ടായതുമല്ല. ജനനമില്ലാത്തതുകൊണ്ട് (അജന്‍) ആത്മാവ് നിത്യനാണ്. എന്നുമുള്ളവനായതിനാല്‍ അപക്ഷയങ്ങളില്ലാത്തവന്‍(ശാശ്വതന്‍) ആണ്.

ശാശ്വതനായതിനാല്‍ പണ്ടേ ഉള്ളവനും പുതുപുത്തനായിരിക്കുന്നവനുമാണ്. ഉല്‍പ്പത്തിയും നാശവുമില്ലാത്തതിനാല്‍ അപക്ഷയം ഉണ്ടാകില്ല. ശാശ്വതമല്ലാത്തതു മാത്രമേ ക്ഷയിക്കൂ. അവയവങ്ങള്‍ ചേര്‍ന്നുണ്ടാകുന്നവ ഒരിക്കല്‍ പുത്തനും പിന്നീട് പഴയതും ആകും. ആത്മാവ് അങ്ങനെയുള്ളതല്ലാത്തതിനാല്‍ അത് മുന്നേപോലെ ഇന്നും പുതുമയോടെയിരിക്കുന്നു. ശരീരത്തില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതിനാല്‍ ശരീരത്തിന് ഹാനി വന്നാലും ആത്മാവിനെ അത് ബാധിക്കില്ല.

ഈ മന്ത്രം ഭഗവദ്ഗീത രണ്ടാം അദ്ധ്യായത്തിലെ 20-ാം ശ്ലോകമായി കുറച്ച് വ്യത്യാസത്തോടെ എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. അടുത്ത മന്ത്രവും ഭഗവദ്ഗീതയിലേക്ക് കടംകൊണ്ടിട്ടുണ്ട്. അവിടെ അത് 19-ാം ശ്ലോകമായി രണ്ടാം അദ്ധ്യായത്തില്‍തന്നെ ചേര്‍ത്തിട്ടുണ്ട്. വാക്കുകളില്‍ അല്‍പം മാറ്റം വരുത്തിയിട്ടുണ്ടെന്നു മാത്രം. ആശയത്തില്‍ ഏറെക്കുറെ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഈ ഉപനിഷദ് മന്ത്രങ്ങള്‍ ഗീതയില്‍ ഭഗവാന്‍ പ്രസ്താവിക്കുന്നത്.

ഹന്താ ചേന്‍മന്യതേ ഹന്തും
ഹതശ്ചേന്മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ
നായം ഹന്തി ന ഹന്യതേ
കൊല്ലുന്നവന്‍ ‘ഞാന്‍ കൊല്ലുന്നു’ എന്നും കൊല്ലപ്പെടുന്നവന്‍ ‘ഞാന്‍ കൊല്ലപ്പെട്ടു’ എന്നും വിചാരിക്കുന്നുവെങ്കിലും രണ്ടുപേരും വാസ്തവം അറിയുന്നില്ല. ആത്മാവ് കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ല. ശരീരമാണ് ആത്മാവെന്ന് വിചാരിക്കുന്നവരാണ് കൊല്ലുന്നു,കൊല്ലപ്പെടുന്നു എന്നൊക്കെ വിചാരിക്കുക.

ആത്മാവ് വികാരമില്ലാത്തതാണ്. എല്ലാ ക്രിയയും വികാരവുമാണ്. അതുകൊണ്ട് ആത്മാവില്‍ ഹനിക്കുക എന്ന ക്രിയ ഉണ്ടാവില്ല. ആത്മാവിന്റെ യഥാര്‍ത്ഥ തത്വമറിയാതെ ‘ഞാന്‍ ദേഹമാണ്’ എന്നു കരുതുമ്പോള്‍ ആത്മാവിനെ കൊല്ലുന്നവനും കൊല്ലപ്പെട്ടവനുമായി തെറ്റിദ്ധരിക്കും. അനാത്മാവായ ദേഹത്തിന്റെ ധര്‍മ്മങ്ങള്‍ അജ്ഞാനികള്‍ ആത്മാവില്‍ ആരോപിക്കുന്നു. ചെയ്യുക, അനുഭവിക്കുക (കര്‍തൃത്വ ഭോക്തൃത്വ)തുടങ്ങിയവ ആത്മാവിന് ബാധകമല്ല എന്നതിനാല്‍ ധര്‍മ്മ അധര്‍മ്മങ്ങളും ഇല്ല.

കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ശരീരത്തിന്റെ നാശത്തെയാണ് ആത്മാവിന്റെ നാശമായി കരുതുന്നതെങ്കില്‍ മൂഢതയാണ്. കൊല്ലുന്നയാള്‍ക്ക് ശരീരത്തെ നശിപ്പിക്കാനേ കഴിയൂ. ആത്മാവിനെ ഒരു പോറല്‍പോലുമേല്‍പ്പിക്കാന്‍ കഴിയില്ല. രണ്ടുകൂട്ടരും ശരീരത്തിന്റെ നാശം ആത്മാവിന്റെ നാശമെന്ന് തെറ്റിദ്ധരിക്കുന്നത് ആത്മസ്വരൂപത്തെ അറിയാത്തതുകൊണ്ടാണ്.
ഹനിക്കുക എന്ന വാക്കിന് നശിപ്പിക്കുക, ഉപദ്രവിക്കുക തുടങ്ങിയ അര്‍ത്ഥം മനസ്സിലാക്കണം. ആത്മതത്വത്തെ അറിയുന്ന ഒരാള്‍ മറ്റുള്ളവര്‍ക്ക് ഒരിക്കലും ഒരു ദ്രോഹവും ചെയ്യില്ല. എല്ലാം താന്‍തന്നെയെങ്കില്‍ പിന്നെ ആരെ ദ്രോഹിക്കാന്‍. ആത്മതത്വം അറിയാത്തവരാണ് തനിക്കും മറ്റുള്ളവര്‍ക്കും ഉപദ്രവകരമായിത്തീരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.