ആത്മഹത്യാ മുനമ്പില്‍ സിപിഎം

Monday 11 December 2017 2:45 am IST

നെഹ്‌റുവിനുശേഷം രാജ്യം ഭരിക്കാന്‍ മോഹിച്ച കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേരവകാശികള്‍ എന്നാണ് സിപിഎം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ആ പാര്‍ട്ടി നേര്‍ത്ത് നേര്‍ത്ത് ദേശീയ പാര്‍ട്ടിപോലും അല്ലാതാകുന്നു. ദേശീയ പാര്‍ട്ടിയാകണമെങ്കില്‍ ദേശീയതലത്തില്‍ ഒരു നയവും പരിപാടിയും വേണം. അതൊന്നുമില്ലെന്നുമാത്രമല്ല, ഒരു ദേശീയ നേതാവുപോലും ഇല്ല എന്നതാണ് അനുദിനം തെളിയുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. ജനറല്‍ സെക്രട്ടറിയാകട്ടെ കോണ്‍ഗ്രസിന്റെ വാലാകാന്‍ അടങ്ങാത്ത ആഗ്രഹവുമായി നടക്കുകയാണ്.

കോണ്‍ഗ്രസിനൊപ്പം സിപിഎം നില്‍ക്കണമെന്ന് യെച്ചൂരി പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയില്‍ വീണ്ടുമെത്താന്‍ മോഹിച്ച അദ്ദേഹം മോഹഭംഗത്തിലാണ്. എങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും തീര്‍ത്തും അപ്രത്യക്ഷമാകുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തിയേ അടങ്ങൂവെന്ന വാശിയിലാണ് യെച്ചൂരി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച യെച്ചൂരിക്ക് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നാണ് താല്പര്യം.

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനുമുള്ള നയം കൈക്കൊള്ളണമെന്നാണ് യെച്ചൂരി വാദിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ അദ്ദേഹം ഒരു രേഖയും സമര്‍പ്പിച്ചു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രേഖയാണത്. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രേഖ സ്വീകരിക്കാന്‍ പി.ബി തയ്യാറായില്ല. ബംഗാള്‍ ഘടകം മാത്രമാണ് ആ രേഖയെ ഭാഗികമായെങ്കിലും പിന്തുണച്ചത്.

കേരളവും ബംഗാളും ഒഴിച്ചാല്‍ വലിയ സംസ്ഥാനങ്ങളിലൊന്നും കാര്യമായ വേരോട്ടം സിപിഎമ്മിനില്ല. കേരളഘടകമാകട്ടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രേഖയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വിടാനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനം. ആത്മാഭിമാനം പണയപ്പെടുത്തി കോണ്‍ഗ്രസിന് പിന്തുണ നല്‍കാനും കോണ്‍ഗ്രസിന്റെ പിന്തുണയോടെ നില്‍ക്കാനുമുള്ള ഗതികേടിലാണ് സിപിഎം ജനറല്‍ സെക്രട്ടറി എന്നാണിത് വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിനെ കൊടിലുപോലും കൊണ്ട് തൊടാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിച്ച സിപിഎം. ഏറെക്കാലം കോണ്‍ഗ്രസിനൊപ്പം നിന്ന സിപിഐയെ നികൃഷ്ടജീവിയായി കണ്ടതാണ്. ആ പാര്‍ട്ടി സിപിഐയുടെ മാര്‍ഗത്തിലെത്തി എന്നുവ്യക്തം. ആരു വിചാരിച്ചാലും രക്ഷപ്പെടുത്താന്‍ കഴിയാത്ത കക്ഷിയായി കോണ്‍ഗ്രസ് മാറി എന്നുപോലും തിരിച്ചറിയാന്‍ സിപിഎമ്മിന് സാധിക്കുന്നില്ല. അരനൂറ്റാണ്ടിലധികം രാജ്യഭരണം നടത്തിയ കോണ്‍ഗ്രസാണ് സമ്പല്‍സമൃദ്ധമായ ഇന്ത്യയെ കുത്തുപാളയെടുക്കുന്ന അവസ്ഥയിലെത്തിച്ചത്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുകയും പട്ടിണിയും പണിയില്ലായ്മയും വര്‍ധിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ആ പാര്‍ട്ടി ഇനി തിരിച്ചുവരുമെന്ന പ്രതീക്ഷ സാമാന്യബോധമുള്ള ആര്‍ക്കുമില്ല. അവിടെയാണ് കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിച്ച് സിപിഎം ജനറല്‍ സെക്രട്ടറി കഠിനാദ്ധ്വാനം ചെയ്യുന്നത്. ഇത് സിപിഎമ്മിനെ ആത്മഹത്യാമുനമ്പിലേക്കാണ് എത്തിക്കുന്നത്.

ബംഗാള്‍ ഘടകം കോണ്‍ഗ്രസിന്റെ ചൂലായി മാറുമ്പോള്‍ സിപിഎം കേരളാ കോണ്‍ഗ്രസ് പോലെ ഒരു കേരളാ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതോടെ സിപിഎം എന്ന ദേശീയ (?) പാര്‍ട്ടിയുടെ അസ്തമയമാണ് സംഭവിക്കാന്‍ പോകുന്നതെന്നാശ്വസിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.