തമിഴ്‌നാട് മന്ത്രിമാര്‍ക്ക് പണം: ആരോപണം കെട്ടിച്ചമച്ചതെന്ന് വ്യവസായി

Monday 11 December 2017 2:30 am IST

ചെന്നൈ: മണ്ണ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് വിവാദ വ്യവസായി ജെ. ശേഖര്‍ റെഡ്ഡി. ഭരണ കക്ഷിയായ എഐഎഡിഎംകെ നേതാക്കള്‍ക്ക് പണം നല്‍കി സ്വാധീനിച്ചെന്ന ആരോപണം തെറ്റാണെന്നും റെഡ്ഡി അറിയിച്ചു.

അടുത്തിടെ റെഡ്ഡിയുടെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ റെഡ്ഡിയുടേതെന്ന് കരുതുന്ന ഡയറി കണ്ടെടുത്തിരുന്നു. ഇതില്‍ ഉപ മുഖ്യമന്ത്രി പനീര്‍സെല്‍വം ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് പണം നല്‍കിയതായി എഴുതിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു പ്രസിദ്ധീകരണം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തണമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, പിഎംകെ മേധാവി രമദോസ് എന്നിവര്‍ ആവശ്യപ്പെട്ടു. ആരോപണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മന്ത്രിമാര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട് ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ഈ മാസം 21ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വിവാദം. അതേസമയം കണ്ടെത്തിയ ഡയറി തന്റേതാണെന്നും എന്നാല്‍ എഴുതിയിരിക്കുന്നത് താനല്ലെന്നും റെഡ്ഡി അറിയിച്ചിട്ടുണ്ട്. ചിലര്‍ ചില കടലാസുകള്‍ കാണിച്ച് ഇത് തന്റെ ഡയറിയാണെന്ന് അവകാശപ്പെടുകയായിരുന്നെന്നും സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ റെഡ്ഡി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.