റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനിയുടെ അംഗീകാരം റദ്ദാക്കി

Monday 11 December 2017 2:40 am IST

കേന്ദ്ര കമ്പനികാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്‌

ഇടുക്കി: കൊട്ടാക്കമ്പൂരില്‍ ഭൂമി കൈയേറിയ സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനിയുടെ അംഗീകാരം കേന്ദ്ര കമ്പനികാര്യവകുപ്പ് റദ്ദാക്കി. പെരുമ്പാവൂര്‍ സ്വദേശിയും സിപിഎം നേതാവുമായ ജോണ്‍ ജേക്കബിന്റെയും ഭാര്യ സെന്‍സി ജോണിന്റെയും പേരിലുള്ള കമ്പനിയുടെ അംഗീകാരമാണ് റദ്ദാക്കിയത്.

കൃത്യമായ വരവ് ചെലവ് കണക്കുകള്‍ നല്‍കാത്ത ഒന്നര ലക്ഷം ‘കടലാസുകമ്പനി’കളുടെ അംഗീകാരം കേന്ദ്രം റദ്ദാക്കിയിരുന്നു. ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജോയിസ് ജോര്‍ജ് എംപിയുടേത് അടക്കമുള്ള കൊട്ടാക്കമ്പൂരിലെ ഭൂമികയ്യേറ്റം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കമ്പനി കണക്കുകളില്‍ തിരിമറിനടത്തി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയും നടപടി എടുക്കുകയുമായിരുന്നു.

കേന്ദ്രം നടപടിയുമായി മുന്നോട്ട് പോകുമ്പോഴും നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് ഇത്തരം കമ്പനികളെ സഹായിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. 100 ഏക്കറിലധികം ഭൂമിയാണ് ദേവികുളം സബ്‌രജിസ്ട്രാറുടെ മുമ്പാകെ തീറാധാരം രജിസ്റ്റര്‍ ചെയ്ത് റോയല്‍ അഗ്രിക്കള്‍ച്ചറല്‍ കമ്പനിയുടെ പേരില്‍ സിപിഎം സംഘം കൈവശപ്പെടുത്തിയത്. വിവിധ ആളുകളുടെ പേര്‍ക്ക് വനവാസികളുടെ പക്കല്‍ നിന്ന് 35 ഓളം പവര്‍ ഓഫ് അറ്റോര്‍ണികള്‍ ഒറ്റദിവസം കൊണ്ട് സംഘടിപ്പിച്ചു.

പിന്നീട് ഇത് പെരുമ്പാവൂര്‍ കുറുപ്പംപടിയുളള സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഒപ്പിട്ടുവാങ്ങുകയും ഇതുവഴി കൈമാറ്റം നടത്തുകയുമായിരുന്നു. ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത ജന്മഭൂമി ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ‘രാഷ്ട്രീയ അട്ടിമറിയില്‍ പൂവണിയാതെ കുറിഞ്ഞി ഉദ്യാനം’ എന്ന ലേഖനത്തില്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്തയാണ് കയ്യേറ്റങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഇടപെടലുകള്‍ പുറത്ത് കൊണ്ടുവരുന്നതും പിന്നീട് നടപടികള്‍ക്ക് കാരണമാകുന്നതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.