ജില്ലാ പദ്ധതി രൂപീകരണം 15നകം പൂര്‍ത്തിയാക്കണം

Sunday 10 December 2017 9:31 pm IST

മലപ്പുറം: ജില്ലയുടെ സമഗ്ര വികസനത്തിനായി വിവിധ ഉപസമിതികള്‍ രൂപം നല്‍കുന്ന കരട് വികസന പദ്ധതി 15നകം പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പഞ്ചവല്‍സര പദ്ധതികളും വിവിധ വകുപ്പുകളിലൂടെ നടപ്പാക്കുന്ന പദ്ധതികളും സമന്വയിപ്പിച്ച് 15 വര്‍ഷം കൊണ്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് ഓരോ ജില്ലക്കും പ്രത്യേകം പദ്ധതി രേഖ തയ്യാറാക്കുന്നത്. ഓരോ ജില്ലയുടെയും ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍, വിഭവങ്ങള്‍, മനുഷ്യ സമ്പത്ത്, പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍, പദ്ധതി നിര്‍വ്വഹണത്തിലെ തടസ്സങ്ങള്‍, പോരായ്മകള്‍ എന്നിവ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 18 ഉപസമിതികള്‍ക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതികള്‍ നല്‍കിയ പദ്ധതികള്‍ വിലയിരുത്തിയായിരിക്കും അന്തിമ പദ്ധതി തയ്യാറാക്കുക.
സംസ്ഥാന സര്‍ക്കാറിന്റെ നാല് മിഷനുകളും സംയോജിപ്പിച്ച് നടപ്പിലാക്കാവുന്ന പൊതു പദ്ധതികളും പദ്ധതിയിലുണ്ടാവും.
ത്രിതല പഞ്ചായത്തുകളുടെ സംയോജിപ്പിച്ച് നടപ്പാക്കാവുന്ന പദ്ധതികളും റിപ്പോര്‍ട്ടിലുണ്ടാവും. മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ വിജയകരമായി നടപ്പാക്കിയ ജില്ലയില്‍ പ്രായോഗികമായി നടപ്പാക്കാവുന്ന പദ്ധതികളും പദ്ധതി റിപ്പോര്‍ട്ടിലുണ്ടാവും. 20ന് ജില്ലാ പദ്ധതി ആസൂത്രണ ബോര്‍ഡ് നിയമിക്കുന്ന വിദഗ്ദ്ധ സമിതി മുമ്പാകെ അവതരിപ്പിക്കും.
ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. പ്രദീപ് കുമാര്‍, ഉപസമിതി കണ്‍വീനര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.