മൂന്നാറില്‍ സിപിഎമ്മിനെതിരെ സിപിഐ പ്രകടനം

Monday 11 December 2017 2:50 am IST

മൂന്നാറില്‍ സിപിഎം നേതൃത്വത്തിനെതിരെ സിപിഐ പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് നടത്തിയ പ്രകടനം

ഇടുക്കി: മൂന്നാറില്‍ സിപിഎം- സിപിഐ പോര് മുറുകുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ സിപിഎം നേതൃത്വം കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് സിപിഐയുടെ പ്രകടനം. ഇന്നലെ ഉച്ചയോടെ മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് നടന്ന പ്രകടനത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത് രൂക്ഷവിമര്‍ശനം. എം.എം. മണിയും, എസ്. രാജേന്ദ്രനും കൈയേറ്റക്കാരെന്ന് മുദ്രാവാക്യവുമായാണ് പ്രാദേശിക നേതൃത്വത്തിന്റെ പ്രകടനം നടന്നത്.

ദേവികുളം സബ്കളക്ടര്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെ മേഖലയില്‍ സിപിഎം, സിപിഐ തര്‍ക്കം രൂക്ഷമായിരുന്നു. പിന്നീട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നവംബര്‍ 21ന് മൂന്നാര്‍ മേഖലയിലെ 10 പഞ്ചായത്തുകളില്‍ ഹര്‍ത്താലും നടത്തി. ഇതിനിടെ ശാന്തമ്പാറയില്‍ വച്ച് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഇതില്‍ സിപിഎമ്മിനെതിരെ കേസെടുക്കുന്നതിന് പകരം തങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തെന്നും ആരോപിച്ചാണ് സിപിഐ പ്രകടനം നടത്തിയത്.

പ്രകടവുമായെത്തിയവര്‍ കോമ്പൗണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പോലീസ് സ്‌റ്റേഷനിലേക്കാണ് മാര്‍ച്ച് നടന്നതെങ്കിലും വൈദ്യുതി മന്ത്രി എം.എം. മണി, ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുകയും പോരിന് വിളിക്കുകയും ചെയ്താണ് പ്രകടനക്കാര്‍ പിരിഞ്ഞത്. ഇതിനുശേഷം ടൗണില്‍ ചേര്‍ന്ന യോഗത്തിലും ഇത് ആവര്‍ത്തിച്ചു.

ഇന്ന് മന്ത്രിതല സംഘം കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു നീക്കമെന്നത് പോലീസിന് കൂടുതല്‍ തലവേദനയായിരിക്കുകയാണ്.

കേസ് ഇങ്ങനെ

മൂന്നാര്‍ ഹര്‍ത്താലിനിടെ ശാന്തമ്പാറയില്‍ സിപിഐ പ്രവര്‍ത്തകനായ പാല്‍ വണ്ടി ഡ്രൈവറെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇയാളെ മര്‍ദ്ദിച്ചതായും പറയുന്നു. ഇതേത്തുടര്‍ന്ന് ഇവിടെ സിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ഈ സമയം ഇവിടെ വാഹനവുമായെത്തിയ സിപിഎം നേതാവിനെ വണ്ടിയടക്കം മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതിനാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നത്. 10 പ്രതികളുള്ള കേസില്‍ മൂന്ന് പേരെ പിന്നീട് പിടികൂടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.