കല്‍പ്പറ്റ: പുല്‍പ്പള്ളി ചുണ്ടക്കൊല്ലിയില്‍ ഒരുകോടിയുടെ നിരോധിത നോട്ടുമായി അഞ്ചുപേരെ പുല്‍പ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു. ഇരിട്ടി മുഴക്കുന്ന് സ്വദേശികളായ റഫീഖ്(43), അബ്ദുള്‍നാസര്‍(40), പുല്‍പ്പള്ളി അത്തിക്കുന്നിലെ നിഷാദ് (27) മുള്ളന്‍കൊല്ലിയിലെ രഞ്ജിത്(44), തിരുനെല്ലി അപ്പപാറയിലെ മണി(45)എന്നിവരാണ് പിടിയിലായത്.
മാനന്തവാടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചുണ്ടക്കൊല്ലിയില്‍ പകല്‍ രണ്ടോടെയാണ് ഇവരെ പിടികൂടിയത്.
നിഷാദിന്റെ ആള്‍ട്ടോ കാറിനുള്ളില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. നിരോധിച്ച 500 രൂപയുടെ നൂറുകെട്ടും, ആയിരം രൂപയുടെ 50 കെട്ടുമാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്. 20 ലക്ഷം രൂപയ്ക്ക് മറ്റൊരാള്‍ക്ക് കൈമാറാനാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നാണ് ഇവര്‍ പോലിസിനോട് പറഞ്ഞത്. ഇത്തരത്തില്‍ മറ്റേതെങ്കിലും പണമിടപാട് ഇവര്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണന്ന് പൊലീസ് പറഞ്ഞു.
പഴയ നോട്ടുകള്‍ ഗള്‍ഫിലേക്ക് കടത്തി തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി റിസര്‍വ്വ് ബാങ്കിന്റെ ചെന്നൈ ശാഖയില്‍ മാറ്റിയെടുക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: