എന്തിനാണ് ഞങ്ങളുടെ പശുക്കളെ കൊല്ലുന്നത്?

Monday 11 December 2017 2:51 am IST

സായ്‌റ ഗ്രാമത്തിലെ കമല്‍കുമാര്‍ രാമഭായ് വാലന്ദ് (ഇടത്ത്), അല്‍ത്താഫ് ഹുസൈന്‍ മന്‍സൂരും രാജേഷ് റാവലും

സീന്‍ ഒന്ന്

അഹമ്മദാബാദില്‍നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള മൊഡാസ നിയമസഭാ മണ്ഡലത്തിലാണ് സായ്‌റ ഗ്രാമം. തകര്‍ന്നുകിടക്കുന്ന പതിവ് ഗ്രാമീണ റോഡുകള്‍ക്ക് വിപരീതമായി വീതിയേറിയ വിശാലമായ റോഡില്‍നിന്ന് നോക്കിയാല്‍ കമല്‍കുമാര്‍ രാമഭായ് വാലന്ദിന്റെ ഗോശാലയിലെ പശുക്കളെയും എരുമകളെയും കാണാം. അടുത്തിടെ ഗ്രാമത്തില്‍ മോഷണം നടന്ന ഗോശാലയാണിത്. ”എഴുപതിനായിരം രൂപ വിലയുള്ള സങ്കരയിനം പശുവിനെയാണ് നഷ്ടപ്പെട്ടത്. രാവിലെയും വൈകിട്ടുമായി ദിവസേന ഇരുപത് ലിറ്റര്‍ പാല്‍ ലഭിക്കുമായിരുന്നു. രാത്രിയില്‍ ടെമ്പോ ട്രാവലറിലെത്തിയാണ് മോഷ്ടാക്കള്‍ കടത്തിയത്”. കമല്‍കുമാര്‍ വിശദീകരിച്ചു. ”ഇപ്പോള്‍ രാത്രിയായാല്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്”. ഗോശാല വൃത്തിയാക്കുകയായിരുന്ന ഭാര്യ ഭാര്യ ഹേമ ബഹന്‍ പറഞ്ഞു.

സീന്‍ രണ്ട്

ഒരു ഗിര്‍ പശുവും കുട്ടിയുമാണ് രാകേഷ് ഭായ് പട്ടേലിന് ആകെയുണ്ടായത്. ദിവസേന 12 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശു കുടുംബത്തിന്റെ പ്രധാന വരുമാനമായിരുന്നു. ലിറ്ററിന് മുപ്പത് രൂപയോളം വില ലഭിക്കും. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍നിന്നാണ് മോഷണം നടന്നത്. പശുവിന് മാര്‍ക്കറ്റില്‍ അമ്പതിനായിരമെങ്കിലും കിട്ടുമായിരുന്നെന്ന് രാകേഷ് ഭായ് പറയുന്നു. പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്തായില്ല. ഭാര്യ ലതാ ബെഹനും വിഷമം മാറിയിട്ടില്ല.

സീന്‍ മൂന്ന്

മൊഡാസയില്‍ അല്‍ത്താഫ് ഹുസൈന്‍ മന്‍സൂരിന്റെ തിരക്കേറിയ പലചരക്കു കടയില്‍വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജേഷ് റാവലിനെയും ജിഎന്‍എ വാര്‍ത്താ ചാനല്‍ ബ്യൂറോ ചീഫ് ജിഗര്‍ ദേശായിയെയും കണ്ടുമുട്ടിയത്. ഗോരക്ഷാ അക്രമങ്ങളെന്ന് മാധ്യമങ്ങള്‍ ആഘോഷിക്കുന്ന സംഭവങ്ങള്‍ മോഷണത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണെന്ന് അല്‍ത്താഫ് പറഞ്ഞു. മോഷണമാണ് അക്രമങ്ങള്‍ക്ക് കാരണം. വലിയ ക്രിമിനല്‍ സംഘങ്ങളാണ് ഇതിന് പിന്നില്‍. ഇവരെ ഗ്രാമീണര്‍ സംഘടിച്ച് നേരിടുമ്പോഴാണ് ഏറ്റുമുട്ടലും കൊലപാതകങ്ങളും നടക്കുന്നത്.

ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗമാണ് പശുക്കളെന്ന് രാജേഷ് റാവല്‍ ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ വരെയുള്ള പശുക്കള്‍ തുടര്‍ച്ചയായി മോഷണം പോകുമ്പോള്‍ ഗ്രാമീണര്‍ പ്രതിരോധിക്കാതെ എന്തു ചെയ്യാനാണ്? അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ തവണ ജില്ലാ പരിഷത്തിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട് രാജേഷ്. രാജസ്ഥാനിലെ അല്‍വാറില്‍ വെടിയുതിര്‍ത്ത പശു മോഷ്ടാക്കളെ പോലീസ് കീഴടക്കിയ, ദ ഹിന്ദുവിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ജിഗര്‍ ദേശായി മൊബൈലില്‍ കാണിച്ചു. ഇതേ സാഹചര്യമാണ് ഇവിടെയും. പശു മോഷണത്തിന് പിന്നിലെ ക്രിമിനല്‍ സംഘത്തെക്കുറിച്ച് താന്‍ നിരവധി വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മാധ്യമങ്ങള്‍ മറച്ചുവെയ്ക്കുന്നത്

ഉത്തരേന്ത്യയിലെ ഗോരക്ഷാ ആക്രമണങ്ങളുടെ ഭീതിജനകമായ കഥകള്‍ വിതരണം ചെയ്യുന്ന മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന വസ്തുതയാണ് ഗുജറാത്തില്‍ ഗ്രാമീണര്‍ പങ്കുവെച്ചത്. ജീവിതോപാധി ഇല്ലാതാക്കുന്നവരെ പ്രതിരോധിക്കുന്നത് അപരാധമാകുന്നതെങ്ങനെയെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. ഒരു പശുവെങ്കിലുമില്ലാത്തവര്‍ സംസ്ഥാനത്ത് വിരളം.

നാല്‍പ്പതും അമ്പതും പശുക്കളുള്ള വലിയ ഗോശാലകളും നിരവധി. പാലിന് നല്ല വില ലഭിക്കുന്നതിനാല്‍ പശുവുണ്ടെങ്കില്‍ കുടുംബം പുലര്‍ത്താം. വൈകാരികമാണ് ഗ്രാമീണരുടെ പശുക്കളുമായുള്ള ബന്ധം. കറവ വറ്റിയ പശുക്കളെ അറക്കാറില്ല. ലക്ഷങ്ങള്‍ വിലവരുന്ന പത്തോളം പശുക്കളെ പ്രത്യേക സംവിധാനത്തില്‍ പരിപാലിക്കുന്ന ഗോശാലയും ഗ്രാമത്തില്‍ കണ്ടു.

മോഷണത്തിനായി സായുധരായാണ് ക്രിമിനലുകള്‍ എത്തുന്നത്. മരുന്ന് കുത്തിവെച്ച് പശുക്കളെ മയക്കി വാഹനങ്ങളില്‍ കയറ്റും. വനപ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളിലുമെത്തിച്ച് അറത്ത് രഹസ്യമായി ഇറച്ചി വിതരണം ചെയ്യും. അല്ലെങ്കില്‍ മറിച്ചു വില്‍ക്കും. ഇത് പുറത്തറിയുമ്പോള്‍ ജനങ്ങള്‍ സംഘടിച്ച് ചോദ്യം ചെയ്യുകയും സംഘര്‍ഷമാവുകയും ചെയ്യും.

മോഷ്ടിക്കാനെത്തുമ്പോഴും ഗ്രാമീണര്‍ തടയാറുണ്ട്. സായ്‌റക്കടുത്തുള്ള റാണ സയ്യദ് ഗ്രാമത്തിലെ ഏതാനും വീടുകള്‍ ചൂണ്ടിക്കാട്ടി മോഷ്ടിക്കാനെത്തുന്നവരാണെന്ന് ഡ്രൈവറായ അഖിലേഷ് ഭായ് പറഞ്ഞു. പോലീസ് നടപടികള്‍ എടുക്കാറുണ്ടെങ്കിലും പരിമിതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ സംവിധാനത്തോടെയാണ് മോഷ്ടാക്കള്‍ പ്രവര്‍ത്തിക്കുന്നത്. അറത്തു കഴിഞ്ഞാല്‍ കണ്ടെത്തുക പ്രയാസമാകും.

പശു സംരക്ഷണം ഫാസിസമാണെന്ന് വാദിക്കുന്നവരെ തെരഞ്ഞെടുപ്പ് കാലത്തും ഗുജറാത്തില്‍ കാണാനില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണത്തില്‍ ‘ഗോരക്ഷാ അക്രമങ്ങള്‍’ ഒരിക്കല്‍പ്പോലും ഉന്നയിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ വസ്തുതകളറിയാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് വ്യാജപ്രചാരണങ്ങള്‍ നടക്കുന്നത്.

പശു സംരക്ഷിക്കേണ്ടത് കര്‍ഷകന്റെ ആവശ്യമാണ്. അതിന്റെ പേരിലുള്ള അക്രമങ്ങളേക്കാള്‍ മോഷണമാണ് ഗുജറാത്തില്‍ വിഷയം. ”ഞങ്ങളുടെ സമ്പാദ്യവും വരുമാനവുമാണ് കവരുന്നത്. എന്തിനാണ് പശുക്കളെ തട്ടിയെടുത്ത് കൊല്ലുന്നത്. മോഷണം അവസാനിപ്പിച്ചാല്‍ അക്രമവും നില്‍ക്കും”. ഹിമ്മത്ത് നഗറിലെ കര്‍ഷകനായ റാത്തോഡ് ശങ്കര്‍ സിങ് വ്യ്ക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.