പാപ്പാന്റെ ജീവനെടുത്തത് ദേവസ്വത്തിന്റെ അനാസ്ഥ

Sunday 10 December 2017 10:04 pm IST

ഗുരുവായൂര്‍: പാപ്പാന്‍ സുഭാഷിന്റെ മരണത്തിനിടയാക്കിയത് ദേവസ്വം അനാസ്ഥ. ക്ഷേത്രത്തില്‍ ഇന്നലെ രാവിലത്തെ ശീവേലിക്കിടെയായിരുന്നു ഈ ദാരുണമായ സംഭവമുണ്ടായത്. ആനയുടെ കുത്തേറ്റ് വീണ സുഭാഷിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും ദേവസ്വം ജീവനക്കാരുണ്ടായിരുന്നില്ല. ഭക്തരാണ് സുഭാഷിനെ ചുമലിലേറ്റി ദേവസ്വം ആശുപത്രിയില്‍ എത്തിച്ചത്.
ദേവസ്വം ആശുപത്രിയിലാകട്ടെ യാതൊരു സൗകര്യവുമുണ്ടായിരുന്നില്ല. ആനയുടെ കുത്തേറ്റ് കരളിന് മുറിവേറ്റിരുന്നു. ഇതുമൂലം രക്തം ധാരാളം വാര്‍ന്നുപോയി.
ഇവിടെനിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ആംബുലന്‍സ് ഉണ്ടായിരുന്നില്ല. ഒടുവില്‍ ഒരു പഴയ ഓംനി വാനിലാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ദേവസ്വം അധികൃതരോ ജീവനക്കാരോ കൂടെ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ തടസ്സം നേരിട്ടതായും കൂടെയുണ്ടായിരുന്ന അനീഷ് പറഞ്ഞു. റഫറന്‍സ് ലെറ്ററും ഉണ്ടായിരുന്നില്ല.
ക്ഷേത്രത്തില്‍ തൊഴാനെത്തിയ അനീഷാണ് കുത്തേറ്റ സുഭാഷിനെ എടുത്ത് ആദ്യം ആശുപത്രിയിലെത്തിച്ചതും. ദേവസ്വം ജീവനക്കാര്‍ ആരും കൂടെ ഇല്ലാഞ്ഞതിനാല്‍ താന്‍ തൃശൂര്‍ക്ക് കൂടെ വരികയായിരുന്നുവെന്നും അനീഷ് പറഞ്ഞു. സമയത്ത് ചികിത്സകിട്ടിയിരുന്നെങ്കില്‍ സുഭാഷ് മരിക്കില്ലായിരുന്നുവെന്നും നേഴ്‌സായ അനീഷ് പറഞ്ഞു. താന്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ പോലും സഹായത്തിനെത്തിയില്ല.
സ്ഥിരം പ്രശന്ക്കാരനായ ആനയെ എഴുന്നള്ളിച്ചതിലും പ്രതിഷേധമുണ്ട്. ഗുരുവായൂര്‍ ദേവസ്വം കുട്ടിക്കൊമ്പന്‍ ശ്രീകൃഷ്ണനെ തിരക്കുള്ള ദിവസം തന്നെ കൊണ്ട് വന്ന് ഇത്ര വലിയ അപകടം വരുത്തിവച്ചത് ഗുരുവായൂര്‍ ദേവസ്വം ഭരണാധികാരികളുടേയും, ജീവധന വിഭാഗം ഉദ്യോഗസ്ഥരുടെയും വീഴ്ചയാണെന്ന് ക്ഷേത്രത്തിലെ ഒരുവിഭാഗം ജീവനക്കാരും ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.