വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം ഇന്ന് തുടങ്ങും

Monday 11 December 2017 2:15 am IST

 

 

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഇന്ന് തുടങ്ങും. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കും.

ദേശീയപാതയില്‍ വൈറ്റില റെയില്‍വെ മേല്‍പ്പാലത്തിനു സമീപത്തു നിന്നും തുടങ്ങി ജംഗ്ഷന്‍ കുറുകെ കടന്ന് ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം അവസാനിക്കുന്ന തരത്തിലാണ് മേല്‍പ്പാലത്തിന്റെ രൂപരേഖ. അപ്രോച്ച് അടക്കം മൊത്തം 700 മീറ്റര്‍ നീളം വരുന്ന മേല്‍പ്പാലത്തിന്റെ മധ്യത്തിലെ സ്പാനിന് 40 മീറ്ററാണ് നീളം. രണ്ടു വശത്തുമായി ആറു വരി ഗതാഗതം സാധ്യമാകുന്ന പാലത്തിന്റെ വീതി 27.2 മീറ്റര്‍.
മേല്‍പ്പാലത്തിന് മൂകളിലൂടെ ആറു മീറ്റര്‍ ഉയരത്തില്‍ കൊച്ചി മെട്രോയുടെ പേട്ടയിലേക്കുള്ള ലൈന്‍ കടന്നു പോകും. മേല്‍പ്പാലത്തിനൊപ്പം മെട്രോ പാതയുടെ വൈറ്റില ജംഗ്ഷന് കുറുകെയുള്ള ഭാഗവും പൂര്‍ത്തീകരിക്കും.

മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. തെക്കു നിന്നുള്ള ഭാരവാഹനങ്ങള്‍ അരൂര്‍, തോപ്പുംപടി വഴിയും വടക്കു നിന്നുള്ളവ കളമശ്ശേരിയില്‍ നിന്നും എയര്‍പോര്‍ട്ട് – സീപോര്‍ട്ട് റോഡ് വഴിയും തിരിച്ചുവിടും. വൈറ്റില ജങ്ഷനില്‍ അപ്രോച്ച് റോഡുകളടക്കം ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തി ഗതാഗതതടസം പരമാവധി കുറയ്ക്കും.

ഇന്ന് കരിദിനാചരണം

മരട്: വൈറ്റില മേല്‍പ്പാലത്തിനൊപ്പം കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ വേദി ഇന്ന് കരിദിനാചരണം നടത്തും. കുണ്ടന്നൂര്‍ ജങ്ഷനില്‍ വൈകിട്ട് ആറിനാണ് പ്രതിഷേധം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.