ഇ-ഹെല്‍ത്തിന് അനാരോഗ്യം

Monday 11 December 2017 2:53 am IST

കൊച്ചി: ഓരോ വ്യക്തിയുടെയും ആരോഗ്യവിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിച്ച് ചികിത്സാ സമയത്ത് ഉപയോഗിക്കാനായി ആരംഭിച്ച ഇ-ഹെല്‍ത്ത് പദ്ധതിക്ക് സംസ്ഥാനത്ത് തിരിച്ചടി. സാങ്കേതിക പരിജ്ഞാനമുള്ളവരില്ലാത്തതാണ് പദ്ധതിക്ക് വിനയായത്. ആരോഗ്യവിവരങ്ങള്‍ ശേഖരിക്കാനായി നല്‍കിയ ആയിരക്കണക്കിന് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കാനായില്ല.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന വീടുകളില്‍ സര്‍വേ നടത്തി ആരോഗ്യം, പരിസരശുചിത്വം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച്, ഡിജിറ്റലായി സൂക്ഷിക്കാനായിരുന്നു പദ്ധതിയുടെ ആദ്യലക്ഷ്യം. എന്നാല്‍, സര്‍വേക്ക് പോകേണ്ട ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും വേണ്ടത്ര പരിശീലനം നല്‍കിയില്ല. പലയിടങ്ങളിലും പദ്ധതി മെല്ലെപ്പോകാന്‍ ഇതിടയാക്കി. ജില്ലാതലങ്ങളില്‍ ഇ-ഹെല്‍ത്ത് നടത്തിപ്പിനായി സാങ്കേതിക സംഘത്തേയും നിയമിച്ചിട്ടില്ല. നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത് ഡോക്ടര്‍മാരെയാണ്. ഇവര്‍ക്കും സാങ്കേതിക പരിജ്ഞാനമില്ല.

സാങ്കേതിക പരിശീലനം നല്‍കാതെ പദ്ധതി തുടങ്ങിയത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അതൃപ്തിയുണ്ടാക്കി. തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സാങ്കേതിക വിദഗ്ധരുടെ കുറവുമൂലം എല്ലായിടത്തും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിട്ടില്ല. രണ്ടാംഘട്ടത്തില്‍ മറ്റുജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികളും ഇതോടെ തടസ്സപ്പെട്ടു.

ആധാര്‍ അടിസ്ഥാന രേഖയായി കണക്കാക്കി എല്ലാവരുടെയും ആരോഗ്യവിവരങ്ങള്‍ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുകയാണ് ഇ-ഹെല്‍ത്തില്‍ ലക്ഷ്യമിട്ടിരുന്നത്. മെഡിക്കല്‍ റെക്കോര്‍ഡ് ഇല്ലാതെ തന്നെ ഒരു രോഗിക്ക് ഇഷ്ടമുള്ള ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിക്കാന്‍ ഇതുവഴി കഴിയുമായിരുന്നു. രോഗിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ തന്നെ ഡിജിറ്റലായി വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ രേഖപ്പെടുത്തും. ഫാര്‍മസിയില്‍ നിന്ന് മരുന്നുവാങ്ങാനോ സ്‌കാനിങ്ങിന് പോകാനോ കുറിപ്പടി ആവശ്യം വരില്ലെന്നതും നേട്ടമായിരുന്നു.

ആരോഗ്യ കേന്ദ്രങ്ങളെയെല്ലാം ഒറ്റശൃംഖലയാക്കി മാറ്റി മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് 2013 മുതലാണ് ആലോചന തുടങ്ങിയത്. എന്നാല്‍, ഈവര്‍ഷം ജനുവരിയിലാണ് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളടക്കം വാങ്ങി പദ്ധതിക്ക് തുടക്കമിട്ടത്. ഒരുവര്‍ഷമാകാറായിട്ടും പദ്ധതി തുടങ്ങിയിടത്തുതന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.