മണിശങ്കര്‍ അയ്യര്‍ക്കെതിരെ ബിജെപി എം.പി പരാതി നല്‍കി

Monday 11 December 2017 9:47 am IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ ബിജെപി എം.പി അമര്‍ സാബ്‌ലെ പരാതി നല്‍കി. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ അംഗമാണ് അമര്‍.

പുനെയിലെ നിഗ്ദി പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് അയ്യര്‍ക്കെതിരെ അമര്‍ പരാതി നല്‍കിയത്. പ്രധാനമന്ത്രിക്കെതിരെയുള്ള അയ്യരുടെ പരാമര്‍ശം മനഃപൂര്‍വ്വമാണെന്നാണ് അമര്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. അമറില്‍നിന്ന് പരാതി ലഭിച്ചതായി നിഗ്ദി സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടറെ ഉദ്ധരിച്ച്‌ ഡെയ്‌ലി ന്യൂസ് അനാലിസിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദിയെ തരംതാണയാള്‍ ( neech aadmi) എന്ന അര്‍ഥത്തില്‍ സംബോധന ചെയ്തതാണ് മണിശങ്കര്‍ അയ്യര്‍ക്ക് വിനയായത്. തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അയ്യരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ അയ്യര്‍ മാപ്പു പറയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് അയ്യര്‍ മാപ്പു പറഞ്ഞത്.

ആ മനുഷ്യന്‍ തരംതാണയൊരാളാണ്. അദ്ദേഹത്തിന് സംസ്‌കാരമില്ല. എന്തിനാണദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ വിവാദ പ്രസ്താവന. തനിക്കെതിരായ ആരോപണത്തിന് ബാലറ്റിലൂടെ മറുപടിപറയുമെന്നായിരുന്നു ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. അവരില്‍നിന്നും നിരവധി അധിക്ഷേപങ്ങള്‍ കണ്ടുകഴിഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തും അവര്‍ അധിക്ഷേപിച്ചു. മരണത്തിന്റെ വ്യാപാരിയാണെന്നും ജയിലില്‍ അടയ്ക്കണമെന്നുമായിരുന്നു അവരുടെ ആവശ്യമെന്നും മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.