ചരക്ക്‌ കൂലിയും കൂട്ടി

Thursday 27 September 2012 10:44 pm IST

ന്യൂദല്‍ഹി: അടുത്ത തിങ്കളാഴ്ച മുതല്‍ ട്രെയിനിലെ എസി യാത്രാനിരക്കും ചരക്ക്‌ കൂലിയും കൂടും. എസി യാത്രക്കാരില്‍ നിന്ന്‌ 3.7 ശതമാനം സേവനനികുതി ഈടാക്കാന്‍ കേന്ദ്രധനമന്ത്രാലയം തീരുമാനിച്ചതോടെയാണ്‌ എസി യാത്രാനിരക്ക്‌ ഉയരുന്നത്‌. ചരക്കുകടത്തിനും സേവനനികുതി ബാധകമായതിനാല്‍ ചരക്കുകൂലിയിലും വര്‍ദ്ധനവുണ്ടാകും. ചരക്കുകൂലിയില്‍ 3.708 ശതമാനം സേവനനികുതിയാണ്‌ ഈടാക്കുന്നത്‌. 2009 -10 ലെ കേന്ദ്രബജറ്റില്‍ ചരക്ക്‌ ഗതാഗതത്തിന്‌ സേവന നികുതി പ്രഖ്യാപിച്ചിരുന്നെങ്കിലും അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജി ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന്‌ തീരുമാനം നടപ്പാക്കിയിരുന്നില്ല.
യാത്രക്കാരില്‍ നിന്ന്‌ സേവനനികുതി ഈടാക്കുന്നതോടെ എസി ഫസ്റ്റ്‌ ക്ലാസ്‌, എക്സിക്യൂട്ടീവ്‌ ക്ലാസ്‌, സെക്കന്‍ഡ്‌, തേര്‍ഡ്‌ എസി, എസി ചെയര്‍കാര്‍ എന്നിവയിലേക്കുള്ള ടിക്കറ്റ്‌ നിരക്ക്‌ ഉയരുമെന്ന്‌ റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. കേന്ദ്രധനമന്ത്രി പി. ചിദംബരവും റെയില്‍വേ മന്ത്രി സി.പി.ജോഷിയും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ്‌ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായത്‌. കണ്‍സഷന്‍ ടിക്കറ്റുകള്‍ക്ക്‌ മൊത്തം തുകയുടെ 30 ശതമാനമായിരിക്കും സേവന നികുതി ഏര്‍പ്പെടുത്തുന്നത്‌.
നിരക്ക്‌ വര്‍ദ്ധന പ്രാബല്യത്തില്‍ വരുന്നതിന്‌ മുമ്പ്‌ ടിക്കറ്റ്‌ ബുക്കു ചെയ്തവര്‍ക്കും അധികനിരക്ക്‌ നല്‍കേണ്ടി വരും. യാത്ര തുടങ്ങുന്നതിന്‌ മുമ്പ്‌ ബുക്കിംഗ്‌ ഓഫിസുകളിലോ ടിടിഇ മാരുടെ കയ്യിലോ അധിക നിരക്ക്‌ നല്‍കാം. ടിക്കറ്റ്‌ റദ്ദാക്കിയാല്‍ സര്‍വീസ്‌ ചാര്‍ജ്ജ്‌ തിരികെ നല്‍കുകയില്ല. 2012 ലെ ധനബില്‍ പ്രകാരം ഇക്കഴിഞ്ഞ ജൂലൈ മുതലാണ്‌ എസി യാത്രക്കാരെ സേവനനികുതിയുടെ പരിധിയില്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. എന്നാല്‍ യുപിഎ സഖ്യകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ്‌ കാരണം യാത്രക്കാരില്‍ നിന്ന്‌ നികുതി ഈടാക്കുന്നത്‌ താത്ക്കാലികമായി മാറ്റി വച്ചിരിക്കുകയായിരുന്നു. റെയില്‍വേ ബജറ്റില്‍ യാത്രാനിരക്ക്‌ കൂട്ടിയതിന്റെ പേരില്‍ തൃണമൂല്‍ നേതാവ്‌ മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്ന ദിനേശ്‌ ത്രിവേദിയില്‍ നിന്ന്‌ മന്ത്രിസ്ഥാനം മുകുള്‍ റോയിക്ക്‌ നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ നയങ്ങളില്‍ പ്രതിഷേധിച്ച്‌ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ യുപിഎ വിട്ടതോടെ റെയില്‍വേമന്ത്രാലയത്തിന്റെ ചുമതല കോണ്‍ഗ്രസ്‌ ഏറ്റെടുത്ത സാഹചര്യത്തിലാണ്‌ നിരക്ക്‌ വര്‍ദ്ധനവ്‌ പ്രാബല്യത്തിലാക്കുന്നത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.