ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നവര്‍

Tuesday 12 December 2017 2:45 am IST

മത്സരിച്ച് ജയിച്ചവരെ അംഗീകരിക്കുകയെന്നത് ജനാധിപത്യം ആവശ്യപ്പെടുന്ന പ്രാഥമിക മര്യാദയാണ്. എന്നാല്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇതിന് തയ്യാറാവുന്നില്ല. ജയം ബിജെപിക്കും നരേന്ദ്ര മോദിക്കുമായതാണ് ഇവരെ അലോസരപ്പെടുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയം ഒറ്റപ്പെട്ടതാണെന്ന് സമാധാനിച്ച് മറന്നുകളയാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒന്നിനുപുറകെ ഒന്നായി നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി വിജയക്കൊടി നാട്ടിയത്.

ബിജെപിക്കെതിരെ വിജയംകണ്ട ബീഹാറിലെ മഹാസഖ്യംപോലും തകര്‍ന്ന്, മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെഡിയുവും നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുകയാണ്. തങ്ങളുടെ പരാജയത്തിന് കാരണമായി മറ്റൊന്നും പറയാനില്ലാത്ത പ്രതിപക്ഷം, ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുകയാണ്. വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാണത്രെ ബിജെപി ജയിച്ചുകൊണ്ടിരിക്കുന്നത്! 2004 ലും 2009 ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ചത് ഇങ്ങനെയാണോ എന്ന ചോദ്യത്തിന് ആ പാര്‍ട്ടിയുടെ ഒരു നേതാവും മറുപടി പറഞ്ഞിട്ടില്ല.

വോട്ട് രേഖപ്പെടുത്തുമ്പോള്‍ അപൂര്‍വം ചില മെഷീനുകളിലുണ്ടാവുന്ന സാങ്കേതിക തകരാറുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ മുറവിളി കൂട്ടിയത്. ‘നുണ പറയുന്ന യന്ത്രം’ എന്ന് പരിഹസിക്കപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഒരു സംഘമാണ് ഈ ആരോപണം ആവര്‍ത്തിച്ചുന്നയിച്ചത്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാനാവുമെന്നും, തങ്ങള്‍ അത് തെളിയിക്കാമെന്നും അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും നോട്ടീസ് അയയ്ക്കുകയും അവസരമൊരുക്കുകയും ചെയ്തു. എന്നാല്‍ കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ആ പരിസരത്തേക്കുപോലും വന്നില്ല. തെരഞ്ഞെടുപ്പു കമ്മീഷന്‍ സജ്ജീകരിച്ച വേദിയില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാനാവില്ലെന്ന് സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് ബോധ്യമായതാണ്. അവര്‍ ഇക്കാര്യം സമ്മതിച്ചതുമാണ്. ഇക്കൂട്ടത്തില്‍ മായാവതിയുടെ പാര്‍ട്ടിയായ ബിഎസ്പിയുമുണ്ടായിരുന്നു.

വിചിത്രമെന്നു പറയട്ടെ, ഇതേ മായാവതിയാണ് യുപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയം കണ്ട് വീണ്ടും ബാലിശമായ ആരോപണങ്ങളുന്നയിച്ചത്.
കോണ്‍ഗ്രസിന്റേതായിരുന്നു അടുത്ത ഊഴം. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ്ങില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്നാണ് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആരോപിച്ചത്. വോട്ടിങ് മെഷീനില്‍ ബ്ലൂടൂത്ത് വഴി കൃത്രിമം കാണിക്കുന്നുവെന്നായിരുന്നു ആരോപണം. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം ആരോപണം കളവാണെന്ന് കണ്ടെത്തുകയുണ്ടായി.

വോട്ടിങ് മെഷീനില്‍ മറ്റൊരു വസ്തുവും ഘടിപ്പിക്കാനാവില്ല എന്നതാണ് വസ്തുത. മറ്റേതെങ്കിലും തരത്തില്‍ നിയന്ത്രിക്കാനുമാവില്ല. അങ്ങനെയാണ് അതിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടും അസത്യപ്രചാരണം നടത്തുന്നവര്‍ ജനാധിപത്യത്തിന്റെ അന്തസ്സ് കെടുത്തുകയാണ്. അവകാശവാദങ്ങള്‍ക്കൊക്കെ അപ്പുറത്ത് ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എന്തുസംഭവിക്കുമെന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്കൊക്കെ അറിയാം. എന്നിട്ടും പാര്‍ട്ടിയെ കുടുംബസ്വത്താക്കിയിരിക്കുന്ന അമ്മയേയും മകനേയും പ്രീണിപ്പിക്കാന്‍ ഓരോന്നു പറയുകയാണ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പാണ്. ഇതിനുവേണ്ടിയുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന വാദം. ജനാധിപത്യബോധമുള്ള ജനങ്ങള്‍ ഇത് പുച്ഛിച്ചു തള്ളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.