കഞ്ഞിക്കുഴിയിലെ സിപിഎം - സിപിഐ തര്‍ക്കം സിപിഐ നേതൃത്വത്തിന് രൂക്ഷവിമര്‍ശനം

Tuesday 12 December 2017 2:40 am IST

മാരാരിക്കുളം: കഞ്ഞിക്കുഴിയില്‍ സിപിഎമ്മുമായി നിലനില്‍ക്കുന്ന തര്‍ക്കം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡി യോഗത്തില്‍ സിപിഐ നേതൃത്വത്തിന് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം.
സിപിഎമ്മുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണം ഒറ്റയ്ക്ക് നടത്താനുള്ള സിപിഐ കഞ്ഞിക്കുഴി പ്രാദേശിക ഘടകത്തിന്റെ നീക്കം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ടാണ് തടഞ്ഞത്. സിപിഐ കഞ്ഞിക്കുഴി എല്‍സി സെക്രട്ടറിയെ ഡിവൈഎഫ്‌ഐ ക്കാര്‍ വീട് കയറി ആക്രമിച്ചതും, പുന്നപ്ര വയലാര്‍ വാരാചരണ കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഐയുടെ പഞ്ചായത്ത് അംഗത്തെ ഒഴിവാക്കണമെന്ന് സിപിഎം നിലപാടെടുത്തതുമാണ് തര്‍ക്കത്തിന് കാരണം.
ഇതേതുടര്‍ന്ന് വാരാചരണം തനിച്ച് നടത്താന്‍ കഞ്ഞിക്കുഴി ഘടകം തീരുമാനിച്ച് പ്രചരണം തുടങ്ങിയ ഘട്ടത്തിലാണ് കാനം ഇടപെട്ട് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്ന പ്രാദേശിക ഘടകത്തെ അനുനയിപ്പിക്കാന്‍ കാനം രാജേന്ദ്രന്‍ നേരിട്ട് എത്തിയിരുന്നു.
വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമന്‍, ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്തത്.
നേതാക്കള്‍ സിപിഎമ്മുമായി ഒത്തുകളിച്ച് തീരുമാനം അട്ടിമറിക്കുകയായിരുന്നുവെന്ന് അംഗങ്ങള്‍ തുറന്നടിച്ചു. അംഗങ്ങളെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഏറെ പാടുപെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.