ഗുജറാത്ത്: രണ്ടാംഘട്ടം നാളെ

Tuesday 12 December 2017 2:30 am IST

ന്യൂദല്‍ഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. 182 നിയമസഭാ സീറ്റുകളില്‍ അവശേഷിക്കുന്ന 93 സീറ്റുകളിലേക്കാണ് നാളെ വോട്ടിങ്. എല്ലാ പോളിങ് ബൂത്തുകളിലും ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് വരുത്താവുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

25,515 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവിടേക്ക് ബാലറ്റ് യൂണിറ്റുകള്‍, കണ്‍ട്രോള്‍ യൂണിറ്റുകള്‍ എന്നിവയ്‌ക്കൊപ്പം 35,061 വിവി പാറ്റ് യന്ത്രങ്ങളും വിന്യസിച്ചിട്ടുണ്ട്. ഒമ്പതിന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും വി.വി. പാറ്റ് സംവിധാനത്തിലും സ്ഥാനാര്‍ത്ഥികളുടെ പേരുകളടങ്ങിയ ബാലറ്റ്, സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ ഇതിനകം തന്നെ ഉള്‍പ്പെടുത്തികഴിഞ്ഞു. ഇവ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

രണ്ടാംഘട്ടത്തില്‍ 2.22 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. ബിജെപി രണ്ടാംഘട്ടത്തില്‍ 93 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് 91 സീറ്റിലും ബഹുജന്‍ സമാജ് പാര്‍ടി 75 സീറ്റിലും, എന്‍സിപി 28 സീറ്റിലും ശിവസേന 17 സീറ്റിലും, ആം ആദ്മി പാര്‍ട്ടി എട്ടു സീറ്റിലും മത്സരിക്കുന്നു. ജനതാദള്‍ (യുണൈറ്റഡ്) 14 സീറ്റിലും, സിപിഐഎം മൂന്നു സീറ്റിലും ഇന്ത്യന്‍ നാഷണല്‍ലീഗ് രണ്ടു സീറ്റിലും, സിപിഐ ഒരുസീറ്റിലും ജനവിധി തേടുന്നു. 350 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.