ആഘോഷം പൊടിപൊടിക്കാന്‍ വ്യാജ വൈനും

Monday 11 December 2017 8:18 pm IST

തൃശൂര്‍: ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ മറവില്‍ അതിര്‍ത്തി കടന്ന് വ്യാജ വൈനും. ആല്‍ക്കഹോളിന്റെ അംശം കൂടുതലായുള്ള ഹോട്ട് അതിര്‍ത്തി കടന്നെത്തുന്നത്. ഇത്തരം വൈനുകള്‍ ചില കേന്ദ്രങ്ങളില്‍ മുമ്പ് ലഭിച്ചിരുന്നെങ്കിലും ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തെ ലഹരിയില്‍ മുക്കാന്‍ വന്‍തോതില്‍ വൈന്‍ ഒഴുകുകയാണ്.
ആല്‍ക്കഹോളിന്റെ അളവ് കൂടുതലായതിനാല്‍ ഇത്തരം വൈന് ആവശ്യക്കാര്‍ ഏറെയാണ്. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഇടയില്‍ ഹോട്ട് വൈന്‍ എന്നറിയപ്പെടുന്ന വീര്യം കൂടിയ വൈനുകള്‍ ഹിറ്റായിരുന്നു. അധികം പണച്ചിലവില്ലാതെ വാങ്ങാന്‍ കിട്ടുന്ന ഹോട്ട്‌വൈനുകള്‍ പെണ്‍കുട്ടികള്‍ക്കും ഏറെ പ്രിയമാണ്. രണ്ട് ഗ്ലാസ് അടിച്ചാല്‍ ഫിറ്റായി ഉറങ്ങാം എന്നതാണ് ഹോട്ട് വൈനിന്റെ പ്രത്യേകത. ആഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യം ഒഴുകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട് എക്‌സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും വ്യാജവൈനിന്റെ വ്യാപനം പ്രതിരോധിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ആവശ്യക്കാര്‍ക്ക് വീടുകളില്‍ വൈന്‍ എത്തിച്ചു നല്‍കുന്ന തരത്തിലേക്ക് വരെ ഇവരുടെ പ്രവര്‍ത്തനം വളര്‍ന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും സ്വകാര്യ ബസുകളിലാണ് വൈന്‍ പാലക്കാട്ടേയ്ക്ക് എത്തുന്നത്. ബസ് ജീവനക്കാര്‍ക്ക് പണം നല്‍കിയാല്‍ എന്ത് സാധനം വേണമെങ്കിലും കടത്താന്‍ കൂട്ടുനില്‍ക്കുന്നതാണ് പതിവ്. പാലക്കാട്ടെത്തിക്കുന്ന വൈന്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് മറ്റുസ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. വൈനിലടങ്ങിയിരിക്കുന്ന ലഹരിയുടെ തോതിനനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
നിര്‍മ്മാണം
ഗ്രാമങ്ങളില്‍
പാലക്കാടുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ വീടുകളിലും മറ്റുമാണ് വ്യാജവൈനുകള്‍ നിര്‍മ്മിക്കുന്നത്. സാധാരണ ആഘോഷങ്ങള്‍ക്ക് വേണ്ടി വീടുകളില്‍ ഉത്പാദിപ്പിക്കുന്ന വൈനില്‍ നിന്ന് വ്യത്യസ്തമായ ചേരുവകളാണ് ആല്‍ക്കഹോള്‍ അടങ്ങിയ വൈനുകളിലുള്ളത്. സ്പിരിറ്റാണ് മുഖ്യഘടകം. വാറ്റുചാരായം നിര്‍മ്മിക്കുന്ന മാതൃകയിലാണ് ഹോട്ട് വൈന്‍ തയ്യാറാക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
വൈന്‍ നിര്‍മ്മിക്കാന്‍ അനുമതിയില്ല
നിയമപ്രകാരം ലൈസന്‍സില്ലാതെ വൈന്‍ നിര്‍മ്മിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്താല്‍ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം അഴിക്കുള്ളിലാകും. ബിഷപ്പ് ഹൗസിന് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വീടുകള്‍തോറും മുന്തിരിച്ചാര്‍ പുളിപ്പിച്ച് വൈന്‍ ഉണ്ടാക്കുന്നത് നിയമപ്രകാരം കുറ്റകരമല്ല. എന്നാല്‍ ഇതിന്റെ മറവില്‍ ആല്‍ക്കഹോള്‍ ചേര്‍ത്ത ലഹരിയുള്ള വൈന്‍ നിര്‍മ്മിക്കുകയും പുറത്ത് നിന്ന് എത്തിക്കുന്നവ വില്‍പ്പന നടത്തുന്നതായും എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടിടത്ത് വ്യാജവൈന്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയിരുന്നു. പരാതി ലഭിച്ചാല്‍ ഇത്തരം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുമെന്നും പിടിച്ചെടുക്കുന്ന വൈന്‍ പരിശോധന നടത്തി ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയാല്‍ കേസ് എടുക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.