ഉയിര്‍ത്തെഴുന്നേല്‍ക്കും സര്‍ദാര്‍ പട്ടേല്‍

Tuesday 12 December 2017 2:50 am IST

ഗുജറാത്തിന്റെ ഭാവിജീവിതം മാറ്റിയെഴുതുകയാണ് നര്‍മ്മദ. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ലക്ഷക്കണക്കിന് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാകാനൊരുങ്ങുന്ന, ഗുജറാത്തിന്റെ വികാരമായ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ അവസാന ഘട്ടത്തിലാണ്. വനവാസി ജനസംഖ്യ ഏറെയുള്ള നര്‍മ്മദയില്‍, ഉള്‍നാടന്‍ ഗ്രാമത്തിന്റെ സൗന്ദര്യം ആവോളം ആവാഹിച്ച തടാകങ്ങളും താഴ്‌വരകളും സമ്പന്നമാക്കിയ കെവാടിയ കോളനിയില്‍നിന്നും അണക്കെട്ടിലേക്കുള്ള യാത്രയില്‍ ആദ്യമെത്തുന്നത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്ന പ്രതിമാ നിര്‍മ്മാണ സ്ഥലത്താണ്. രാജ്യത്തിന്റെ പൈതൃകവും രാഷ്ട്രീയാധികാരവും പ്രഥമ പ്രധാനമന്ത്രിയുടെ കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് ധരിച്ചവര്‍ അരികിലാക്കിയ ഉരുക്കു മനുഷ്യന്‍ ഗുജറാത്തിന്റെ ഹൃദയമായ നര്‍മ്മദയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

റോഡില്‍നിന്നും ഏതാനും മീറ്ററകലെ നര്‍മ്മദയുടെ ചാരത്ത് ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് തൂണുകള്‍ ദൂരെനിന്നേ കാണാം. യൂണിഫോമിലുള്ള നൂറ് കണക്കിന് തൊഴിലാളികള്‍ ഒരേ ആവേശത്തില്‍ ഒരു മനസ്സായ് ഒരു സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് ഇവിടെ. മൂവായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്ന് എഞ്ചിനീയര്‍മാരിലൊരാളായ വിവേക് പട്ടേല്‍ പറഞ്ഞു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് പണി. ശക്തമായ കാറ്റ് പ്രതികൂലമാണ്്. ഇടക്കിടെ പ്രവൃത്തി നിര്‍ത്തിവെക്കേണ്ടി വരും. എങ്കിലും ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അദ്ദേഹം വ്യക്തമാക്കി. സര്‍ദാര്‍ സരോവര്‍ നിഗം ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.

182 മീറ്റര്‍, ലോകത്തില്‍ ഏറ്റവും വലുത്

കെവാടിയ കോളനിയില്‍ നര്‍മ്മദാ തീരത്ത് പുരോഗമിക്കുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ പ്രതിമാ നിര്‍മ്മാണം

ചെറിയ നേട്ടങ്ങള്‍ നരേന്ദ്ര മോദിയുടെയും ഗുജറാത്തിന്റെയും ലക്ഷ്യമല്ല. സര്‍ദാര്‍ പട്ടേലിന് പ്രതിമ നിര്‍മ്മിക്കുമ്പോള്‍ അത് ലോകത്തിലെ ഏറ്റവും വലുതാവണമെന്ന് മോദിയും ഗുജറാത്തും ആഗ്രഹിച്ചു. സംസ്ഥാനത്തെ എംഎല്‍എമാരുടെ എണ്ണം കണക്കാക്കിയാണ് 182 മീറ്റര്‍ ഉയരം നിശ്ചയിച്ചത്.104 മീറ്റര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവില്‍ ലോകറെക്കോര്‍ഡുള്ള ന്യൂയോര്‍ക്കിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’യുടെ ഉയരം 93 മീറ്ററാണ്. അടുത്ത വര്‍ഷം രാജ്യത്തിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ കൃത്രിമ തടാകം നിര്‍മ്മിക്കും. പ്രതിമയുടെ ഹൃദയഭാഗം വരെയുള്ള ഉയരത്തില്‍ സഞ്ചാരികള്‍ക്കെത്താം. താഴ്‌വരയും മലമ്പ്രദേശങ്ങളും തടാകവും നര്‍മ്മദാ അണക്കെട്ടും കാഴ്ചയുടെ ഉത്സവമൊരുക്കും.

2013 ഒക്ടോബറിലാണ് പദ്ധതിക്ക് മോദി തറക്കല്ലിട്ടത്. ഐക്യസന്ദേശവുമായി പട്ടേലിന്റെ ജന്മദിനത്തില്‍ രാജ്യവ്യാപകമായി റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടം നടത്തി. രാജ്യത്തെ കര്‍ഷകരില്‍നിന്നും ഉരുക്ക് ശേഖരിച്ചു. ഗുജറാത്തിലാണെങ്കിലും രാജ്യത്തിന്റെ അഭിമാന പദ്ധതിയായാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റിയെ മോദി അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ഈ ഉള്‍നാടന്‍ ഗ്രാമം. അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്താന്‍ തുടങ്ങി. നിരവധി സ്ഥലങ്ങളില്‍ പുതിയ മേല്‍പ്പാലങ്ങള്‍ ഉയരുന്നു. റോഡുകള്‍ വീതി കൂട്ടുന്നു. താമസത്തിനും മറ്റുമായുള്ള പുതിയ കെട്ടിടങ്ങള്‍ ഉയരുന്നു.

ഒട്ടേറെ പുരാതന ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും പ്രദേശത്തിന്റെ ടൂറിസം സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഗ്രാമവും തികഞ്ഞ പ്രതീക്ഷയിലാണ്. ”അണക്കെട്ട് പൂര്‍ത്തിയായതോടെ ആള്‍ക്കാരുടെ വരവ് കൂടിയിട്ടുണ്ട്. ഗ്രാമത്തെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. നാടിന്റെ വികസനവും തൊഴിലും ഉണ്ടാകുമെന്ന് ഉറപ്പുണ്ട്”. പദ്ധതിക്ക് സഥലം നല്‍കിയ കേശുഭായ് വാസവ പറഞ്ഞു.

പട്ടേലിന്റെ പാരമ്പര്യം ആര്‍ക്ക്?

ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും സ്വാതന്ത്ര്യസമര നേതാവുമായ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ പട്ടേലിനെ കോണ്‍ഗ്രസ് അവഗണിച്ചെന്ന വികാരം ഗുജറാത്തില്‍ ശക്തമാണ്. പട്ടേലിന്റെ നിലപാടുകളെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു അംഗീകരിച്ചിരുന്നില്ല. രാജ്യത്തിന്റെ അധികാരം കൈക്കലാക്കിയ നെഹ്‌റു കുടുംബവും അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് നല്‍കിയില്ല. നര്‍മ്മദ അണക്കെട്ട് ആശയം പട്ടേലിന്റേതായിരുന്നു. അധിനിവേശ ശക്തികള്‍ തകര്‍ത്ത സോമനാഥ ക്ഷേത്രം പുതുക്കിപ്പണിയാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി.

കോണ്‍ഗ്രസ് അവഗണിച്ച പട്ടേല്‍ ബിജെപിയുടെയും മോദിയുടെയും മാതൃകാ പുരുഷനായി. നെഹ്‌റു കുടുംബത്തിന്റെ പട്ടേല്‍ വിരുദ്ധത മോദി തെരഞ്ഞെടുപ്പുകളില്‍ ഉന്നയിച്ചു. പട്ടേല്‍ വിഭാഗത്തിന്റെ ഇപ്പോഴത്തെ സംരക്ഷകരായി നടക്കുന്ന രാഹുലിനും സംഘത്തിനും മോദിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.

വാക്കുകളില്‍ മാത്രമല്ല പ്രവൃത്തിയിലൂടെ മോദി പട്ടേലിനെ ഹൃദയത്തിലേറ്റി. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയിലൂടെ ഉചിതമായ സ്മാരകം ഉയിര്‍ക്കുന്നു. ആനന്ദിലെ കരംസാദ് ടൗണിലുള്ള പട്ടേലിന്റെ പഴയ വീട് നവീകരിക്കാന്‍ സര്‍ക്കാര്‍ അമ്പത് ലക്ഷം രൂപ നല്‍കി. ഇടക്കിടെ മോദി അവിടം സന്ദര്‍ശിച്ചു. അവഗണിക്കപ്പെട്ടിരുന്ന ആ വീട്ടിലേക്ക് ഇപ്പോള്‍ സഞ്ചാരികള്‍ ഒഴുകുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പോലും കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്താറില്ല. ഇതുള്‍പ്പെടുന്ന നാദിയാദ് മണ്ഡലത്തില്‍ നാല്‍പ്പത് വര്‍ഷത്തിനിടെ ഒരു തവണയാണ് കോണ്‍ഗ്രസ് ജയിച്ചത്.

നാല് തവണ വിവിധ പാര്‍ട്ടികളുടെ എംഎല്‍എയായ ദിന്‍ഷോ ഝാവര്‍ഭായ് 1995ലാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചത്. കോണ്‍ഗ്രസ്സിനേക്കാള്‍ ദിന്‍ഷോയുടെ വ്യക്തിപരമായ വിജയമായിരുന്നു അത്. ബിജെപി റാലികളില്‍ മുഴങ്ങുന്ന ജയ് സര്‍ദാര്‍ വിളികള്‍ തെരഞ്ഞെടുപ്പ് ഫലസൂചന കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.