ഡിഎന്‍എ പരിശോധനയുടെപിതാവ് പ്രൊഫ.ലാല്‍ജി സിങ് അന്തരിച്ചു

Tuesday 12 December 2017 2:30 am IST

ന്യൂദല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞനും ഇന്ത്യയിലെ ഡിഎന്‍എ പരിശോധനയുടെ പിതാവുമായ പ്രൊഫ.ലാല്‍ജി സിങ് (70)അന്തരിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സുന്ദര്‍ ലാല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഒ.പി ഉപാദ്ധ്യായ പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഇരുപത്തഞ്ചാമത് വൈസ്ചാന്‍സലറായിരുന്നു സിങ്. ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് ഇദ്ദേഹം.

സ്‌കൂള്‍ പഠനത്തിനുശേഷം 1962ലാണ് ലാല്‍ജി സിങ് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ചേരുന്നത്. പിന്നീട് സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ബയോളജിയുടെ (സിസിഎംബി)സ്ഥാപകനും ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു. രാജ്യത്തുടനീളം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലബോറട്ടറികള്‍ സ്ഥാപിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന സ്പീഷീസുകളുടെ സംരക്ഷണത്തിനായും ലബോറട്ടറി സ്ഥാപിച്ചിട്ടുണ്ട്.

പാരമ്പര്യ രോഗങ്ങള്‍ കണ്ടെത്തുന്നതിനായി ജെനോമി ഫൗണ്ടേഷന്‍ എന്ന സ്ഥാപനവും സിങ്ങിന്റെ നേതൃത്വത്തില്‍ വളര്‍ന്നുവന്നതാണ്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു സംഘടന പ്രവര്‍ത്തിച്ചിരുന്നത്.

ശാസ്ത്രലോകത്തെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. സിങിന്റെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.മഹാനായ ഒരു ശാസ്ത്രജ്ഞനെയാണ് രാജ്യത്തിനു നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.